മനാമ: ബഹ്റൈനിൽനിന്നുള്ള അവസാന ഹജ്ജ് സംഘത്തിന് കഴിഞ്ഞ ദിവസം ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ മന്ത്രിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ബഹ്റൈനിൽനിന്ന് ഹജ്ജ് തീർഥാടനത്തിന് പുറപ്പെടുന്നവർക്കുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് നീതിന്യായ, ഇസ്ലാമിക കാര്യ, ഔഖാഫ് മന്ത്രി നവാഫ് ബിൻ മുഹമ്മദ് അൽ മുആവദ എയർപോർട്ടിലെത്തിയത്.
ഇസ്ലാമിക കാര്യ അണ്ടർ സെക്രട്ടറി ജസ്റ്റിസ് ഈസ സാമി അൽ മന്നാഇ, മതകാര്യ വിഭാഗം ഡയറക്ടർ ഇൻചാർജ് അലി അമീൻ അൽ റയിസ് തുടങ്ങിയവരെ കൂടാതെ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ബഹ്റൈനിൽനിന്നുള്ള തീർഥാടകർക്കാവശ്യമായ സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിന് ബഹ്റൈൻ ഹജ്ജ് മിഷന് മന്ത്രി നിർദേശം നൽകി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് തീർഥാടനത്തിനെത്തുന്ന ഹാജിമാർക്കാവശ്യമായ മുഴുവൻ സൗകര്യങ്ങളും ഒരുക്കുന്ന സൗദി ഭരണാധികാരികൾക്ക് അദ്ദേഹം പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു.
ബഹ്റൈനിൽനിന്നുള്ള ഹജ്ജ് തീർഥാടകർക്കാവശ്യമായ സൗകര്യങ്ങൾ ഉറപ്പുവരുത്താൻ നിർദേശം നൽകിയ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർക്കും മന്ത്രി നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.