കോഴിക്കോട്ടേക്ക് നേരിട്ട് സർവിസുമായി എക്സ്പ്രസ്

മനാമ: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ബഹ്റൈനിലേക്ക് നേരിട്ട് സർവീസുമായി എയർഇന്ത്യ എക്സ്പ്രസ്. മേയ് ഒന്നുമുതൽ ആഴ്ചയിൽ നാല് സർവീസുകളാണ് നിലവിൽ ബഹ്റൈൻ കോഴിക്കോട് സെക്ടറിൽ പ്രഖ്യാപിച്ചിട്ടുള്ളത്. യാത്രക്കാരുടെ ആവശ്യകത കണക്കിലെടുത്ത് സർവീസ് വർധിപ്പിക്കാനും സാധ്യതയുണ്ട്.

IX 374 ബഹ്‌റൈൻ - കോഴിക്കോട് വിമാനം തിങ്കൾ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസ് നടത്തുക. IX 373 കോഴിക്കോട് - ബഹ്‌റൈൻ വിമാനം തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലും സർവീസ് നടത്തും. ബഹ്‌റൈനിൽ നിന്ന് കോഴിക്കോട്ടേക്ക് പുലർച്ചെ 02.05ന് പുറപ്പെടുന്ന വിമാനം രാവിലെ 09:15ന് കോഴിക്കോട് എത്തും. കോഴിക്കോട് നിന്ന് ബഹ്‌റൈനിലേക്ക് രാത്രി 11 മണിക്ക് പുറപ്പെടുന്ന വിമാനം അടുത്ത ദിവസം പുലർച്ചെ 01.5ന് ബഹ്‌റൈനിൽ എത്തും. പുതിയ സർവീസുകളിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ഇതിനോടകം തന്നെ ആരംഭിച്ചതായി എയർ ഇന്ത്യ എക്സ്പ്രസ്സ് സെയിൽസ് ടീം അറിയിച്ചു. വേനലവധി ആരംഭിക്കാനിരിക്കെ കൂടുതൽ സർവീസുകൾ വരുന്നത് യാത്രക്കാർക്ക് വലിയ ഉപകാരപ്രദമാകും. യാത്രക്കാർക്ക് ട്രാവൽ ഏജൻസികൾ വഴിയോ എയർ ഇന്ത്യ എക്സ്പ്രസ്സ് വെബ്സൈറ്റ് വഴിയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.

ഫെബ്രുവരി 28ന് ബഹ്റൈനെയും മറ്റ് ഗൾഫ് രാജ്യങ്ങളേയും ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണങ്ങളെ തുടർന്നാണ് ബഹ്റൈനിലേക്കുള്ള സർവീസ് എക്സ്പ്രസ് പൂർണമായും റദ്ദാക്കിയത്. വ്യോമപാത അടച്ചതും ആക്രമണ ഭീഷണിയും നിലനിൽക്കെ ഒരു മാസത്തോളം സ്ഥിതി തുടർന്നു. പിന്നീട് താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷം വ്യോമപാത തുറന്നെങ്കിലും സർവീസ് നടത്താൻ എക്സ്പ്രസ് ഒരുക്കമല്ലായിരുന്നു. സുരക്ഷ ഭീഷണി തന്നെയായിരുന്നു അറിയിച്ച കാരണം. നിലവിൽ സാഹചര്യം ശാന്തമായി തുടരുകയാണെങ്കിൽ മേയിൽ നിലവിൽ പ്രഖ്യാപിച്ച പ്രകാരമുള്ള സർവീസുകൾ തുടരും. മറ്റെന്തെങ്കിലും സുരക്ഷ പ്രശ്നങ്ങളുണ്ടായാൽ റദ്ദാക്കപ്പെടാനും സാധ്യതയുണ്ട്.

സർവീസ് ആരംഭിക്കുമെങ്കിലും ടിക്കറ്റ് വില കൂടിയ സ്ഥിതിയാവും. നേരത്തെ ഈ സീസണിൽ ഈടാക്കിയിരുന്ന തുകയായിരിക്കില്ല ഇനിയുണ്ടാവുക എന്നും ബന്ധപ്പെട്ടവർ അറിയിച്ചിട്ടുണ്ട്.

പുതിയ സർവീസുകൾ പ്രഖ്യാപിച്ചത് യാത്രക്കാർക്കും ട്രാവൽ ഏജൻസികൾക്കും ഒരുപോലെ ആശ്വാസമാണ്. നേരത്തെ വിമാനങ്ങൾ കൂട്ടമായി റദ്ദാക്കിയ സാഹചര്യത്തിൽ യാത്രക്കാർ ടിക്കറ്റുകൾ കാൻസൽ ചെയ്തിരുന്നു. എന്നാൽ, ഈ തുക യാത്രക്കാർക്ക് നേരിട്ട് ലഭിക്കുന്നതിന് പകരം വിമാനക്കമ്പനി ട്രാവൽ ഏജൻസികളുടെ 'ടോപ്അപ്പ്' അക്കൗണ്ടുകളിലേക്കാണ് ക്രെഡിറ്റ് ചെയ്തിരുന്നത്. സർവീസുകൾ പുനരാരംഭിക്കുമ്പോൾ പുതിയ ടിക്കറ്റുകൾ എടുക്കാൻ മാത്രമേ ഈ തുക ഉപയോഗിക്കാൻ സാധിക്കൂ എന്ന വിമാനക്കമ്പനിയുടെ നിലപാട് മൂലം യാത്രക്കാർക്ക് പണം തിരികെ നൽകാൻ ഏജൻസികൾക്ക് സാധിച്ചിരുന്നില്ല. പുതിയ സർവീസുകൾ ആരംഭിക്കുന്നതോടെ, കുടുങ്ങിക്കിടക്കുന്ന ഈ തുക ഉപയോഗപ്പെടുത്തി ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ യാത്രക്കാർക്ക് സാധിക്കും. ഇത് ദിവസങ്ങളായി പ്രതിസന്ധിയിലായിരുന്ന ട്രാവൽ ഏജൻസികൾക്കും വലിയ ആശ്വാസമാണ് നൽകുന്നത്.

Tags:    
News Summary - Express launches direct service to Kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.