മനാമ: രാജ്യത്തെ ചാരിറ്റി സ്ഥാപനങ്ങളുടെയും പൊതുതാൽപര്യ സ്ഥാപനങ്ങളുടെയും വൈദ്യുതി-ജല നിരക്കുകൾ കുറക്കാനുള്ള മുനിസിപ്പൽ കൗൺസിലിന്റെ നിർദേശം ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ഇവ) തള്ളി. നിരക്ക് കുറക്കുന്നത് ഇവയുടെ സാമ്പത്തിക സുസ്ഥിരതയെയും സ്വകാര്യ മേഖലയുമായുള്ള കരാർ ബാധ്യതകളെയും പ്രതികൂലമായി ബാധിക്കുമെന്ന് അതോറിറ്റി മുന്നറിയിപ്പ് നൽകി.
രജിസ്റ്റർ ചെയ്ത ചാരിറ്റികൾ, ആരാധനാലയങ്ങൾ, പൊതു പാർക്കുകൾ, സ്പോർട്സ് ക്ലബുകൾ എന്നിവക്ക് നിലവിൽ പ്രത്യേക പിന്തുണ നൽകുന്നുണ്ടെന്ന് സതേൺ മുനിസിപ്പൽ കൗൺസിലിന് നൽകിയ ഔദ്യോഗിക മറുപടിയിൽ ‘ഇവ’ വ്യക്തമാക്കി. എന്നാൽ, വർധിച്ചുവരുന്ന ചെലവുകളും ധനപരമായ ഉത്തരവാദിത്തങ്ങളും സന്തുലിതമാക്കിക്കൊണ്ടുള്ള ഒരു ചട്ടക്കൂടിനുള്ളിൽ മാത്രമേ ഇത് സാധ്യമാകൂ.വൈദ്യുതി-ജല വിതരണത്തിൽ നിന്ന് ‘ഇവ’ ലാഭമുണ്ടാക്കുന്നില്ല. അതിന്റെ സംഭരണം, വിതരണം എന്നിവക്കുള്ള ചെലവ് മാത്രമാണ് ഞങ്ങൾ ഈടാക്കുന്നതെന്ന് ‘ഇവ’ ചീഫ് എക്സിക്യൂട്ടിവ് കമാൽ അഹമ്മദ് പറഞ്ഞു.42 ദിവസങ്ങൾക്കുള്ളിൽ സ്വകാര്യ നിർമാതാക്കൾക്കും കരാറുകാർക്കും പണം നൽകാൻ ‘ഇവ’ ബാധ്യസ്ഥരാണ്. ഈ ബാധ്യതകൾ നിറവേറ്റാൻ ഉപഭോക്താക്കളിൽ നിന്നുള്ള പണം പൂർണമായും ആശ്രയിക്കുന്നു. ഈ സാമ്പത്തിക സന്തുലിതാവസ്ഥയിലെ ഏതൊരു തടസ്സവും പ്രവർത്തനങ്ങളെ അപകടത്തിലാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ചാരിറ്റി സ്ഥാപനങ്ങൾ ഉൾപ്പെടെ ചില സ്ഥാപനങ്ങളുടെ വൈദ്യുതി, ജല സേവനങ്ങൾക്കുള്ള മൂല്യവർധിത നികുതി (വാറ്റ്) സർക്കാർ വഹിക്കുന്നുണ്ട്. എന്നാൽ, അടിസ്ഥാന താരിഫ് കുറക്കാനോ വാറ്റ് ഇളവിന് അപ്പുറമുള്ള മറ്റ് സബ്സിഡികളോ നൽകാൻ ഈ തീരുമാനം അനുശാസിക്കുന്നില്ലെന്നും കമാൽ അഹമ്മദ് വിശദീകരിച്ചു.രജിസ്റ്റർ ചെയ്ത ചാരിറ്റി സൊസൈറ്റികൾക്ക് യൂട്ടിലിറ്റി ചെലവുകൾ കുറക്കണമെന്ന് ആവശ്യപ്പെട്ട് സതേൺ മുനിസിപ്പൽ കൗൺസിൽ അംഗം മുഹമ്മദ് ദരാജ് സമർപ്പിച്ച നിർദേശത്തോടുള്ള പ്രതികരണമാണ് ‘ഇവ’ ഇപ്പോൾ നൽകിയിരിക്കുന്നത്.നിലവിലെ സാമ്പത്തിക ബാധ്യതകൾ കാരണം വാറ്റ് ഇളവുകൾക്കപ്പുറം താരിഫ് കുറക്കാൻ കഴിയില്ലെന്ന ശക്തമായ നിലപാടിലാണ് ‘ഇവ’.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.