മനാമ: ഇറാനിലെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡുമായി (ഐ.ആർ.ജി.സി) ചേർന്ന് ബഹ്‌റൈനിൽ ചാരവൃത്തി നടത്തുകയും ഭീകരപ്രവർത്തനങ്ങൾക്ക് പദ്ധതിയിടുകയും ചെയ്ത കേസിൽ അഞ്ച് പ്രതികൾക്ക് ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. രണ്ട് അഫ്ഗാൻ സ്വദേശികളും നാല് ബഹ്‌റൈൻ പൗരന്മാരും ഉൾപ്പെട്ട രണ്ട് വ്യത്യസ്ത കേസുകളിലാണ് വിധി വന്നത്.
പ്രതികളിൽ ഒരാളെ കോടതി കുറ്റവിമുക്തനാക്കി. ശിക്ഷിക്കപ്പെട്ട അഫ്ഗാൻ സ്വദേശികളെ തടവ് കാലാവധിക്ക് ശേഷം രാജ്യത്ത് നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു. അഫ്ഗാൻ സ്വദേശികളിലൊരാളെ ഇറാൻ റെവല്യൂഷണറി ഗാർഡ് റിക്രൂട്ട് ചെയ്യുകയും ബഹ്‌റൈനിലെ സുപ്രധാന കേന്ദ്രങ്ങളുടെ വിവരങ്ങൾ ശേഖരിക്കാൻ നിയോഗിക്കുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. പ്രതിഫലമായി പണം കൈപ്പറ്റിയ ഇയാൾ തന്റെ സഹായിയായി മറ്റൊരു അഫ്ഗാൻ സ്വദേശിയെ കൂടി ചാരവൃത്തിക്കായി നിയമിച്ചു.
ബഹ്‌റൈനിലെ തന്ത്രപ്രധാനമായ സ്ഥാപനങ്ങളുടെ ചിത്രങ്ങൾ പകർത്തുകയും വിവരങ്ങൾ കൈമാറുകയും ചെയ്യുന്നതിനിടെയാണ് ഇവർ പിടിയിലായത്. രണ്ടാമത്തെ കേസിൽ, ഇറാനിൽ ഒളിവിൽ കഴിയുന്ന ഒരു ബഹ്‌റൈൻ പൗരൻ വഴി മറ്റ് മൂന്ന് പൗരന്മാരെ റിക്രൂട്ട് ചെയ്ത് ചാരവൃത്തിക്ക് ഉപയോഗിച്ചതായും കണ്ടെത്തി.
പിടിക്കപ്പെട്ട പ്രതികൾ നൽകിയ വിവരങ്ങൾ ബഹ്‌റൈനിലെ പല പ്രധാന കേന്ദ്രങ്ങൾക്കും നേരെയുള്ള ഭീകരാക്രമണങ്ങൾക്ക് കാരണമായെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. പ്രതികളുടെ ഇലക്ട്രോണിക് ഉപകരണങ്ങൾ പരിശോധിച്ചതിൽ നിന്നും സാക്ഷിമൊഴികളിൽ നിന്നും രാജ്യസുരക്ഷയെ അപകടപ്പെടുത്തുന്ന രീതിയിലുള്ള ഗൂഢാലോചനകൾ നടന്നതായും തെളിഞ്ഞു. നിയമപരമായ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് വിചാരണ പൂർത്തിയാക്കിയത്.
കുറ്റവിമുക്തനാക്കിയ പ്രതിക്കെതിരെ നിലവിലുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ അപ്പീൽ നൽകുന്ന കാര്യം ആലോചിക്കുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. വിദേശ ഏജൻസികളുമായി ചേർന്ന് രാജ്യത്തിനെതിരെ പ്രവർത്തിക്കുന്നത് അതീവ ഗുരുതരമായ കുറ്റമാണെന്നും അത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത കർശന നടപടികൾ സ്വീകരിക്കുമെന്നും പ്രോസിക്യൂഷൻ മേധാവി വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും തകർക്കാൻ ശ്രമിക്കുന്ന ഏത് നീക്കത്തെയും നിയമപരമായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.