മനാമ: ബഹ്‌റൈൻ, യു.എ.ഇ, കുവൈത്ത്, ഖത്തർ, ഒമാൻ, ജോർദാൻ എന്നീ രാജ്യങ്ങൾക്കെതിരെ ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളെ ബഹ്‌റൈൻ ശക്തമായി അപലപിച്ചു. മേഖലയിലെ സുരക്ഷയെയും സ്ഥിരതയെയും തകർക്കുന്ന ഇത്തരം നടപടികൾ അതീവ ഗൗരവമുള്ളതാണെന്ന് ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
രാജ്യങ്ങളുടെ പരമാധികാരത്തെയും പ്രാദേശിക ഐക്യത്തെയും വെല്ലുവിളിക്കുന്ന ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങൾ, ഐക്യരാഷ്ട്രസഭയുടെ ചാർട്ടർ, ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ ചാർട്ടർ, സുരക്ഷാ സമിതി പ്രമേയം നമ്പർ 2817, അയൽരാജ്യങ്ങളോടുള്ള നല്ല പെരുമാറ്റച്ചട്ടം എന്നിവയുടെ നഗ്നമായ ലംഘനമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഇറാൻ ആക്രമണത്തിനിരയായ രാജ്യങ്ങൾക്ക് ബഹ്‌റൈൻ പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. മിസൈലുകളെയും ഡ്രോണുകളെയും ഉപയോഗിച്ച് സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി നടത്തിയ ഇത്തരം ക്രൂരമായ ആക്രമണങ്ങളെ നേരിടുന്നതിൽ ബഹ്‌റൈൻ പ്രതിരോധ സേനയും മറ്റ് സഖ്യരാജ്യങ്ങളുടെ സേനകളും കാണിച്ച ജാഗ്രതയെയും സന്നദ്ധതയെയും മന്ത്രാലയം അഭിനന്ദിച്ചു.
അന്താരാഷ്ട്ര നിയമങ്ങൾ, ഐക്യരാഷ്ട്രസഭയുടെ ചാർട്ടർ ആർട്ടിക്കിൾ 51, ജി.സി.സി രാജ്യങ്ങളുടെ സംയുക്ത പ്രതിരോധ കരാർ എന്നിവയുടെ അടിസ്ഥാനത്തിൽ തങ്ങളുടെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാനും പൗരന്മാരെയും താമസക്കാരെയും സംരക്ഷിക്കാനും ബഹ്‌റൈനും മറ്റ് രാജ്യങ്ങൾക്കും അവകാശമുണ്ടെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു. അതേസമയം, പരമാവധി സംയമനം പാലിക്കുമെന്നും തർക്കങ്ങൾ സംഭാഷണങ്ങളിലൂടെയും സമാധാനപരമായ മാർഗ്ഗങ്ങളിലൂടെയും പരിഹരിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും ബഹ്‌റൈൻ വ്യക്തമാക്കി.
ഈ ആക്രമണങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനും മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കാനും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയോട് ബഹ്‌റൈൻ ആവശ്യപ്പെട്ടു. ഇറാനെ അന്താരാഷ്ട്ര ബാധ്യതകൾ പാലിക്കാൻ നിർബന്ധിതമാക്കണമെന്നും ഹുർമുസ് കടലിടുക്കിലെ നാവിഗേഷൻ സ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പാക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.