മനാമ: കഞ്ചാവ് കലർത്തിയ ഇലക്ട്രോണിക് ഹുക്കകൾ കൈവശം വെച്ച കേസിൽ ഒരു പ്രതിക്ക് 10 വർഷം തടവും 5000 ദിനാർ പിഴയും വിധിച്ച് കോർട്ട് ഓഫ് കാസേഷൻ. കിങ് ഫഹദ് കോസ്വേയിൽ വെച്ചാണ് ഇയാൾ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിലായത്. പ്രധാന പ്രതിയുടെ സഹോദരനും മറ്റൊരു വ്യക്തിക്കും ഒരു വർഷം വീതം തടവും 1000 ദിനാർ വീതം പിഴയും കോടതി വിധിച്ചു. കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പിടിച്ചെടുത്ത എല്ലാ വസ്തുക്കളും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
2024ലെ കേസ് രേഖകൾ പ്രകാരം 36 വയസ്സുള്ള ഒന്നാം പ്രതിക്കെതിരെ കഞ്ചാവ് നിയമവിരുദ്ധമായി ഇറക്കുമതി ചെയ്യൽ, കൈവശം വെക്കൽ, വിൽപന നടത്തൽ, കൂടാതെ വ്യക്തിഗത ഉപയോഗത്തിനായി ഹഷീഷ് കൈവശം വെക്കൽ തുടങ്ങിയ കുറ്റങ്ങൾ പബ്ലിക് പ്രോസിക്യൂഷൻ ചുമത്തിയിരുന്നു. 31 വയസ്സുള്ള രണ്ടാമത്തെ പ്രതിക്കും 22 വയസ്സുള്ള മൂന്നാമത്തെ പ്രതിക്കുമെതിരെ അംഗീകാരമില്ലാതെ മയക്കുമരുന്നുകളും സൈക്കോട്രോപിക് ലഹരിവസ്തുക്കളും വ്യക്തിഗത ഉപയോഗത്തിനായി കൈവശം വെച്ചതിനാണ് കേസ്.
കിങ് ഫഹദ് കോസ്വേ ചെക്ക് പോയന്റിൽ വെച്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് നാർക്കോട്ടിക്സ് വിരുദ്ധ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥൻ മൊഴി നൽകി. ഇലക്ട്രോണിക് ഹുക്കകളിൽ ഉപയോഗിക്കുന്ന മയക്കുമരുന്നായ ‘സി.ബി.ഡി’ (കഞ്ചാവ് ചെടിയിൽനിന്ന് വേർതിരിച്ചെടുത്ത ലഹരിവസ്തു) ആണെന്ന് സംശയിക്കുന്ന ദ്രാവകങ്ങൾ അടങ്ങിയ നിരവധി പ്ലാസ്റ്റിക് പാത്രങ്ങൾ പ്രതികളിൽ നിന്ന് കണ്ടെടുത്തു. അന്വേഷണത്തിനും വിചാരണ നടപടികൾക്കും ശേഷം, കോർട്ട് ഓഫ് കാസേഷൻ ശിക്ഷാവിധി ശരിവെക്കുകയും വിധി അന്തിമമാക്കുകയും നടപ്പാക്കാൻ ഉത്തരവിടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.