ഇന്ത്യൻ ലേഡീസ് അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിനിടെ
മനാമ: ജി.സി.സിയിലെ ഏറ്റവും പഴക്കമുള്ള പ്രവാസി വനിതാ സംഘടനയായ ഇന്ത്യൻ ലേഡീസ് അസോസിയേഷൻ (ഐ.എൽ.എ) ബഹ്റൈൻ സംഘടിപ്പിക്കുന്ന ഈ വർഷത്തെ ലീലാ ജഷൻമാലിൽ കായിക ഇതിഹാസവും പ്രശസ്ത മോട്ടിവേഷനൽ സ്പീക്കറുമായ ഡോ. അരുണിമ സിൻഹ സംവദിക്കുമെന്ന് വാർത്ത സമ്മേളനത്തിൽ ഭാരവാഹികൾ പറഞ്ഞു. ശാക്തീകരണം, ഇൻക്ലൂസിവിറ്റി, സംവാദം എന്നിവ മുൻനിർത്തി നടത്താറുള്ള ഒരു വാർഷിക പരിപാടിയാണിത്.
ബഹ്റൈനി പാരാ-ട്രയാത്ലറ്റ് ശൈഖ അൽ ശൈബയും ഡോ. അരുണിമയോടൊപ്പം പരിപാടിയിലെത്തും. ശാരീരിക വെല്ലുവിളികൾക്കിടയിലും തങ്ങളുടെ വിജയത്തിലേക്കുള്ള യാത്രയെക്കുറിച്ചും പ്രതികൂല സാഹചര്യങ്ങളെ എങ്ങനെ അനുകൂലമാക്കി മാറ്റാമെന്നും ഇവർ സദസ്സിനോട് സംസാരിക്കും.
പത്മശ്രീ അരുണിമ സിൻഹ, മൗണ്ട് എവറസ്റ്റ് കീഴടക്കിയ ലോകത്തിലെ ആദ്യ വനിതാ അംഗവിച്ഛേദിതയും ഈ നേട്ടം കൈവരിച്ച ലോകത്തിലെ രണ്ടാമത്തെ വ്യക്തിയുമാണ്. ദേശീയ വോളിബാൾ താരവുമായിരുന്നു അവർ. 2011ൽ ട്രെയിനിലുണ്ടായ ഒരു കവർച്ച ശ്രമത്തിനിടെ പ്രതികൾ അവരെ ഓടുന്ന ട്രെയിനിൽനിന്ന് പുറത്തേക്ക് തള്ളിയിടുകയും അതുവഴി ഒരു കാൽ നഷ്ടപ്പെടുകയുമായിരുന്നു. ആ സംഭവത്തിനുശേഷമാണ് ഒരു കാലുമായി അവർ പർവതാരോഹണം നടത്തിയത്. എവറസ്റ്റിന് പുറമെ ആറ് പ്രധാന കൊടുമുടികൾ അവർ കീഴടക്കിയിട്ടുണ്ട്.
ബഹ്റൈൻ ഡിസേബിൾഡ് സ്പോർട്സ് ഫെഡറേഷനുമായി സഹകരിച്ച്, ലോകമെമ്പാടുമുള്ള കായിക മത്സരങ്ങളിൽ രാജ്യത്തെ പ്രതിനിധീകരിച്ച ബഹ്റൈനി പാരാ-അത്ലറ്റുകളെയും ഐ.എൽ.എ ആദരിക്കും. മേയ് 31 വൈകീട്ട് ഏഴിന് ബി.ഐ.ബി.എഫ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഈ പരിപാടിയിൽ ക്ഷണിക്കപ്പെട്ടവർക്ക് മാത്രമായിരിക്കും പ്രവേശനം. പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 39305653 (ശിൽപ നായിക്) ഈ നമ്പറിൽ വിളിച്ച് മേയ് 28നകം രജിസ്റ്റർ ചെയ്യേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.