ഹിദ്ദ് പോലീസ് സ്റ്റേഷൻ മേധാവി കേണൽ ഡോ. ഒസാമ ബഹാർ

അടിയന്തര കേസുകളിൽ ‘മൈഗവ്’ ആപ്പിനെ ആശ്രയിക്കരുത്: മുന്നറിയിപ്പുമായി പൊലീസ്

മനാമ: ബഹ്റൈനിലെ ഒട്ടുമിക്ക് ഗവൺമെന്‍റ് സർവീസുകളും മൈ ഗവ് ആപ്പിൽ ലഭ്യമാകുമ്പോഴും മോഷണം, കൈയേറ്റം തുടങ്ങിയ അടിയന്തര സ്വഭാവമുള്ള ക്രിമിനൽ കേസുകൾ റിപ്പോർട്ട് ചെയ്യാൻ ‘മൈഗവ്’ ആപ്പിനെ മാത്രം ആശ്രയിക്കരുതെന്ന് ബഹ്‌റൈൻ പോലീസിന്റെ മുന്നറിയിപ്പ്. ഇത്തരം കേസുകളിൽ സമയം കളയാതെ അടിയന്തരമായി പോലീസിനെ നേരിട്ട് ബന്ധപ്പെടുകയോ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തുകയോ വേണമെന്ന് ഹിദ്ദ് പോലീസ് സ്റ്റേഷൻ മേധാവി കേണൽ ഡോ. ഒസാമ ബഹാർ നിർദ്ദേശിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ‘അൽ അമാൻ’ സോഷ്യൽ മീഡിയ പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ കാലതാമസം വരുത്തുന്നത് നിർണ്ണായകമായ തെളിവുകൾ നഷ്ടപ്പെടാൻ കാരണമാകും.അതേസമയം, നഷ്ടപ്പെട്ട വസ്തുക്കൾ, വാക്കാലുള്ള അധിക്ഷേപം, അപകീർത്തിപ്പെടുത്തൽ, ഓൺലൈൻ തട്ടിപ്പുകൾ, സാമ്പത്തിക തർക്കങ്ങൾ തുടങ്ങിയ അടിയന്തരമല്ലാത്ത കേസുകൾക്ക് ‘മൈഗവ്’ ആപ്പ് ഉപയോഗിക്കുന്നത് ഉചിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ആപ്പ് വഴി റിപ്പോർട്ട് ചെയ്യുമ്പോൾ ആവശ്യമായ രേഖകളും തെളിവുകളും അറ്റാച്ച് ചെയ്യാൻ സാധിക്കും.

ഡിജിറ്റൽ സേവനങ്ങൾ മികച്ചതാണെങ്കിലും, ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് നേരിട്ടെത്തി പരിശോധന നടത്തേണ്ട കേസുകളിൽ നേരിട്ടുള്ള ആശയവിനിമയമാണ് ഏറ്റവും ഉചിതം. ഉദാഹരണത്തിന്, കൈയേറ്റം നടന്നാൽ ഇരകൾക്ക് ഉദ്യോഗസ്ഥരെ നേരിൽ കാണേണ്ടതും വൈദ്യപരിശോധന ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കേണ്ടതുമുണ്ട്. 2025 ഫെബ്രുവരിയിൽ പുറത്തിറങ്ങിയ ‘മൈഗവ്’ ആപ്പിന് ചുരുങ്ങിയ കാലത്തിനുള്ളിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഒക്ടോബർ വരെ 6.4 ലക്ഷത്തിലധികം ആളുകൾ ഇത് ഡൗൺലോഡ് ചെയ്യുകയും, 96 ശതമാനം ഉപഭോക്തൃ സംതൃപ്തിയോടെ മികച്ച രീതിയിൽ പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. എങ്കിലും, കേസുകളുടെ സ്വഭാവം മനസ്സിലാക്കി ഉചിതമായ മാർഗ്ഗം തിരഞ്ഞെടുക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു.

Tags:    
News Summary - Do not rely on the 'MyGov' app in emergency cases: Police warn

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.