ബഹ്റൈനെതിരെ ഇറാൻ നടത്തിയ വ്യോമാക്രമണങ്ങൾ പ്രതിരോധിച്ച് പ്രതിരോധ സേന

മനാമ: വ്യാഴാഴ്ച പുലർച്ചെ ബഹ്‌റൈന് നേരെ ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ബഹ്‌റൈൻ പ്രതിരോധ സേന (ബി.ഡി.എഫ്) വിജയകരമായി പ്രതിരോധിച്ചു. രാജ്യത്തെ ലക്ഷ്യമാക്കി വന്ന നിരവധി വ്യോമാക്രമണങ്ങളെ ബഹ്‌റൈന്റെ പ്രതിരോധ സംവിധാനങ്ങൾ തകർത്തെന്ന് ബി.ഡി.എഫ് ജനറൽ കമാൻഡ് അറിയിച്ചു. സാധാരണക്കാരെയും സ്വകാര്യ സ്വത്തുക്കളെയും ലക്ഷ്യം വച്ച് ഇറാൻ നടത്തുന്ന ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനമാണെന്ന് പ്രതിരോധ സേന പ്രസ്താവനയിൽ വ്യക്തമാക്കി.

രാജ്യത്തെ സംരക്ഷിക്കാൻ എല്ലാ സൈനിക വിഭാഗങ്ങളും പൂർണ്ണ സജ്ജമാണെന്നും ബി.ഡി.എഫ് അറിയിച്ചു. ആക്രമണത്തിന്റെ ഭാഗമായി എവിടെയെങ്കിലും അവശിഷ്ടങ്ങളോ സംശയാസ്പദമായ വസ്തുക്കളോ കാണുകയാണെങ്കിൽ അവയിൽ തൊടുകയോ അടുക്കുകയോ ചെയ്യരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

ഇത്തരം വസ്തുക്കൾ സുരക്ഷിതമായി നീക്കം ചെയ്യുന്നതിനായി റോയൽ ഫീൽഡ് എൻജിനീയറിങ് യൂണിറ്റ് സജ്ജമാണെന്നും, ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. രാജ്യത്തെ പ്രതിരോധിക്കാൻ സദാസമയവും ജാഗ്രതയോടെ പ്രവർത്തിക്കുന്ന സൈനികരുടെ പ്രവർത്തനത്തെ ബി.ഡി.എഫ് ജനറൽ കമാൻഡ് അഭിനന്ദിച്ചു.

അപലപിച്ച് കുവൈത്ത്

കുവൈത്ത് സിറ്റി: ബഹ്‌റൈൻ, ജോർഡൻ രാജ്യങ്ങൾക്കു നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളെ കുവൈത്ത് ശക്തമായി അപലപിച്ചു. ഈ ആക്രമണങ്ങൾ രാജ്യങ്ങളുടെ പരമാധികാരത്തിന്റെയും പ്രാദേശിക അഖണ്ഡതയുടെയും നഗ്നമായ ലംഘനമാണെന്നും, സുരക്ഷക്കും സ്ഥിരതക്കും ജനങ്ങളുടെ സുരക്ഷിതത്വത്തിനും നേരിട്ടുള്ള ഭീഷണിയാണെന്നും കുവൈത്ത് വിശേഷിപ്പിച്ചു. ബഹ്റൈന്‍റെ എല്ലാ നടപടികൾക്കും കുവൈത്തിന്റെ പിന്തുണയും അറിയിച്ചു.

Tags:    
News Summary - Defense forces repel Iranian airstrikes against Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.