മനാമ: പേരാമ്പ്രയിൽ വെച്ച് ഷാഫി പറമ്പിൽ എം.പിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ബഹ്‌റൈൻ ഒ.ഐ.സി.സി ശക്തമായി പ്രതിഷേധിച്ചു. ഷാഫി പറമ്പിൽ എം.പിക്ക് ജനങ്ങളുടെ ഇടയിലുള്ള സ്വാധീനം കണ്ട് അദ്ദേഹത്തെ ഇല്ലായ്മ ചെയ്യാൻ സി.പി.എമ്മുകാരും പൊലീസും ഒന്നിച്ച് നടത്തുന്ന പ്രവർത്തങ്ങളുടെ ഭാഗമാണ് ആക്രമണം.
ശബരിമലയിൽ നടന്ന സ്വർണക്കടത്തിൽനിന്ന് ജനശ്രദ്ധ മാറ്റാനുള്ള ഗൂഢ ശ്രമമാണ് ഈ ആക്രമണത്തിന് പിന്നിലെന്ന് ഒ.ഐ.സി.സി പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം, ജനറൽ സെക്രട്ടറി മനു മാത്യു എന്നിവർ അറിയിച്ചു. അടുത്ത തെരഞ്ഞെടുപ്പിൽ പേരാമ്പ്ര അടക്കം വടകര പാർലമെന്റ് മണ്ഡലത്തിൽ എല്ലായിടത്തും യു.ഡി.എഫ് ജയിക്കും. അതിന് തടയിടാനാണ് ആക്രമണമെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.
മനാമ: ഷാഫി പറമ്പിൽ എം.പിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഐ.വൈ.സി ഇന്റർനാഷനൽ പ്രതിഷേധിച്ചു. രാഷ്ട്രീയത്തിനതീതമായി ഷാഫിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ജനകീയതയിൽ വിളറിപൂണ്ട ഇടതുപക്ഷം പൊലീസിനെ ഉപയോഗിച്ച് ആക്രമിച്ചൊതുക്കാൻ നോക്കിയാൽ വിലപ്പോവില്ലെന്നും എം.പിക്കും മറ്റ് കോൺഗ്രസ് നേതാക്കൾക്കും എതിരെയുള്ള ആക്രമണത്തിൽ ശക്തമായി അപലപിക്കുന്നുവെന്നും വരുന്ന തെരഞ്ഞെടുപ്പുകളിൽ കേരളജനത കൃത്യമായ മറുപടി നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു.
മനാമ: സി.കെ.ജി കോളജിലെ ഇലക്ഷൻ വിജയത്തിൽ വിറളി പൂണ്ട സി.പി.എമ്മിന്റെ പിന്തുണയോടെ ഷാഫി പറമ്പിൽ എം.പി ഉൾപ്പെടെയുള്ള യു.ഡി.എഫ് നേതാക്കന്മാർക്കെതിരെ ഗ്രനേഡ് പ്രയോഗം, ലാത്തിചാർജ് എന്നിവ നടത്തിയ പോലീസിലെ ക്രിമിനലുകൾക്ക് എതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കോഴിക്കോട് യു.ഡി.എഫ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
മനാമ: പേരാമ്പ്രയിൽ വെച്ച് കെപിസിസി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിൽ എം.പിക്ക് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ അതിക്രമത്തിൽ ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) ബഹ്‌റൈൻ ദേശീയ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഒരു ജനപ്രതിനിധിക്കെതിരെ പോലും നിയമപാലകർ ഇത്തരത്തിൽ അക്രമം അഴിച്ചുവിടുന്നത് ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയാണ്.
ജനങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു വ്യക്തിക്ക് നേരെ, പ്രത്യേകിച്ച് സമാധാനപരമായ ജനാധിപത്യ പ്രതിഷേധ സാഹചര്യങ്ങളിൽ, പോലീസ് ശാരീരികമായി അതിക്രമം നടത്തുന്നത് ഒരു കാരണവശാലും ന്യായീകരിക്കാൻ കഴിയില്ല.
ഈ സംഭവത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കണമെന്നും, അതിക്രമത്തിന് കാരണക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും സംഘടന ശക്തമായി ആഹ്വാനം ചെയ്യുന്നു.
ജനങ്ങളെ സേവിക്കാൻ ബാധ്യതപ്പെട്ട പോലീസ് സേന സിപിഎം - പിണറായി വിജയനോടുള്ള രാഷ്ട്രീയപരമായ പക്ഷപാതിത്വം വെടിഞ്ഞ് നിയമപരമായി പ്രവർത്തിക്കണമെന്ന് സംഘടന ഉണർത്തി. ശബരിമലയിൽ വരെ കളവ് നടത്തലിൽ ആരോപണവിധേയമായ പിണറായി സർക്കാരിന്റെ തെറ്റ് മറച്ചുപിടിക്കാൻ പോലീസ് നടത്തുന്ന ഇത്തരം നടപടികൾ ജനാധിപത്യ സമൂഹത്തിനു ഭാരമാണെന്ന് സംഘടന ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറർ ബെൻസി ഗനിയുഡ് എന്നിവർ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.