മനാമ: രാജ്യത്തിന്റെ ഡിജിറ്റൽ വികസനത്തെ ത്വരിതപ്പെടുത്താനും ശക്തിപ്പെടുത്താനുതകുന്ന രീതിയിൽ 250 മില്യൺ ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് ബിയോൺ ഗ്രൂപ് പ്രഖ്യാപിച്ചു. ബിയോൺ ഗ്രൂപ്പിന്റെ ഭാഗമായ ബാറ്റൽകോ, തെക്കുകിഴക്കൻ ഏഷ്യ - മിഡിൽ ഈസ്റ്റ് - വെസ്റ്റേൺ യൂറോപ്പ് (SMW6) കൺസോർട്യത്തിന്റെ ഭാഗമായി പ്രവർത്തിക്കുകയാണ്. കൺസോർട്യം 21,700 കിലോമീറ്റർ നീളത്തിൽ കടലിനടിയിലൂടെ ടെലികമ്യൂണിക്കേഷൻ കേബ്ൾ വലിച്ചുകൊണ്ടിരിക്കുകയാണ്.
ഇത് പൂർത്തിയായാൽ 14 രാജ്യങ്ങളുമായുള്ള ബഹ്റൈന്റെ ടെലികമ്യൂണിക്കേഷൻ ബന്ധം സുഗമമാകുമെന്നും ബിയോൺ ചെയർമാൻ ശൈഖ് അബ്ദുല്ല ബിൻ ഖലീഫ ആൽ ഖലീഫ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ബഹ്റൈൻ ടെലികമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (ട്രാ) ജനറൽ ഡയറക്ടർ ഫിലിപ് മാർനിക്, ഏഷ്യ - മിഡിൽ ഈസ്റ്റ് -വെസ്റ്റേൺ യൂറോപ്പ് കൺസോർട്യം മാനേജ്മെന്റ് കമ്മിറ്റി ചെയർപേഴ്സൻ യു മെങ് ഫൈ എന്നിവരും സംബന്ധിച്ചു.
ബിയോണിന്റെ ഉടമസ്ഥതയിൽ ‘അൽ ഖലീജ്’ എന്ന പേരിൽ റീജനൽ സബ് സീ കേബ്ൾ നിർമിക്കും. പ്രാദേശികമായ ഡേറ്റ എക്സ്ചേഞ്ചിനെ ഇത് ശക്തിപ്പെടുത്തും. പുതുതായി തുടങ്ങുന്ന ഡേറ്റ ഒയാസിസ് ബഹ്റൈനിലെ ഏറ്റവും വലിയ സാങ്കേതിക കേന്ദ്രമായി വികസിപ്പിക്കുമെന്നും ബിയോൺ ചെയർമാൻ പറഞ്ഞു. ബഹ്റൈന്റെ തെക്കൻ പ്രദേശത്ത് 1,40,000 ചതുരശ്രമീറ്റർ വിസ്തൃതിയിലാണ് ഡേറ്റ ഒയാസിസ് വികസിപ്പിക്കുന്നത്. ഡേറ്റ ഒയാസിസിലായിരിക്കും രാജ്യത്തെ ഏറ്റവും വലുതും ആധുനികവുമായ ഡേറ്റ സെൻറർ.
സൂപ്പർ ഹൈവേ കേബ്ൾ സിസ്റ്റത്തെയും അൽ ഖലീജ് കേബിളിനെയും സംയോജിപ്പിച്ച് ഉയർന്ന കണക്ടിവിറ്റിയും ആധുനിക സൗകര്യങ്ങളും ഡേറ്റ സെൻറർ ഉറപ്പുവരുത്തും. ആഗോള തലത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഇത് വളരെയധികം പ്രയോജനം ചെയ്യും. പ്രദേശത്തെ ഏറ്റവും മികച്ച ടെക്നോളജി ഹബായി ഡേറ്റ സെന്റർ മാറും. ബിയോണിന്റെ സോളാർ പാർക്കിൽനിന്നായിരിക്കും പുതിയ ഡേറ്റ സെന്ററിനാവശ്യമായ വൈദ്യുതി നൽകുക. പാരമ്പര്യേതര ഊർജസ്രോതസ്സുകളെ ഉപയോഗിക്കുക എന്ന ലക്ഷ്യത്തിനിണങ്ങുന്ന രീതിയിലാണ് വികസന പദ്ധതികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
മിഡിൽ ഈസ്റ്റിനെയും തെക്കുകിഴക്കൻ ഏഷ്യയെയും ബന്ധിപ്പിക്കുന്ന സൂപ്പർ ഹൈവേ കേബ്ൾ സിസ്റ്റം, ഉയർന്ന ഡേറ്റ വേഗം പ്രദാനം ചെയ്യുന്നതാണ്. സെക്കൻഡിൽ 100 ടെറാബൈറ്റിലധികം ഡേറ്റ കൈമാറാനുള്ള ശേഷി ഈ ശൃംഖലക്കുണ്ടായിരിക്കും. ഡേറ്റ കൈമാറ്റത്തിന്റെ കാര്യത്തിൽ യൂറോപ്പുമായും ഏഷ്യയുമായും മിഡിൽ ഈസ്റ്റിനെ ബന്ധിപ്പിക്കുന്ന കേബ്ൾ സംവിധാനം വലിയ കുതിച്ചുചാട്ടമുണ്ടാക്കും. ബിയോണിന്റെ പൂർണ ഉടമസ്ഥതയിലുള്ള സബ്സീ കേബ്ൾ സംവിധാനമായ അൽ ഖലീജ് കേബ്ൾ, ഒമാൻ, യു.എ.ഇ, ഖത്തർ എന്നിവയുൾപ്പെടെയുള്ള സമീപ രാജ്യങ്ങളുമായുള്ള വാർത്തവിനിമയത്തെ ശക്തിപ്പെടുത്തുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി. സൂപ്പർ ഹൈവേ കേബ്ൾ സിസ്റ്റവും അൽ ഖലീജ് കേബിളും 2026ൽ പൂർത്തിയാകും.
എസ്.എം.ഡബ്ല്യു 6 കൺസോർട്യത്തിൽ ബിയോണിന് പുറമെ, സഹോദര കമ്പനിയായ മാലദ്വീപിലെ ധീരാഗു, ബംഗ്ലാദേശ് സബ്മറൈൻ കേബ്ൾ കമ്പനി, ഭാരതി എയർടെൽ (ഇന്ത്യ), ചൈന യൂനികോം, ജിബൂട്ടി ടെലികോം, മൊബിലി (സൗദി അറേബ്യ), ഓറഞ്ച് (ഫ്രാൻസ്), പി.സി.സി.ഡബ്ല്യു ഗ്ലോബൽ, സിംഗ്ടെൽ (സിംഗപ്പൂർ), ശ്രീലങ്ക ടെലികോം, ടെലികോം ഈജിപ്ത്, ടി.എം (മലേഷ്യ), ടെലിൻ (ഇന്തോനേഷ്യ), ട്രാൻസ് വേൾഡ് അസോസിയേറ്റ്സ് (പാകിസ്താൻ) എന്നിവയും ഉൾപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.