മനാമ: സ്കൂളിൽ പറഞ്ഞയക്കാനുള്ള സാഹചര്യമില്ലാത്തതിനാൽ വിദ്യാഭ്യാസം നഷ്ടപ്പെടുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കമ്യൂണിറ്റി സ്കൂളുകൾ സാഹചര്യമൊരുക്കണമെന്ന ആവശ്യം ശക്തമാകുന്നു. അവർക്കായി പ്രത്യേക ക്ലാസുകളൊരുക്കിയോ അധ്യാപകരെ സജ്ജമാക്കിയോ സാധാരണ ഫീസിൽതന്നെ ക്ലാസുകളൊരുക്കണമെന്നാണ് സാമൂഹിക പ്രവർത്തകരുടെയടക്കമുള്ള ആവശ്യം. ഇത്തരം കുട്ടികളെ അവഗണിക്കുന്നതും നൽകേണ്ട സമയത്തും സാഹചര്യത്തിലും വിദ്യാഭ്യാസം നൽകാതിരിക്കുന്നതും അവരുടെ മാനസിക വളർച്ചക്ക് ദോഷകരമായി ബാധിക്കുമെന്നതാണ് വസ്തുത. എന്നാൽ, താൽപര്യമുണ്ടായിട്ടും പഠിപ്പിക്കാനുള്ള സാഹചര്യം ഇവിടെ ഇല്ല എന്നതാണ് ഇത്തരം കുട്ടികളുള്ള രക്ഷിതാക്കളുടെ പരിഭവം. ഏറ്റെടുക്കാൻ തയാറാകുന്ന സ്കൂളുകൾ വലിയ ഫീസുകളാണ് ഇത്തരം കുട്ടികൾക്ക് ഈടാക്കുന്നത്. രക്ഷിതാക്കളിൽ ചിലർക്കാകട്ടെ ഈ ഭീമമായ ഫീസ് താങ്ങാനുള്ള ശേഷിയുമില്ല. അവിടെയാണ് സാഹചര്യത്തെ പരിഗണിച്ച് അനുയോജ്യമായ രീതിയിൽ കമ്യൂണിറ്റി സ്കൂളുകൾ ക്ലാസുകളൊരുക്കണമെന്ന ആവശ്യമുയർന്നത്.
എന്നാൽ, നിലവിൽ ഒരു സ്വകാര്യ സ്ഥാപനം ഇത്തരം കുട്ടികളെ ഏറ്റെടുത്ത് പഠിപ്പിക്കാനുള്ള തയാറെടുപ്പുകൾ നടത്തുന്നുണ്ടെന്നാണ് വിവരം. സാധാരണക്കാരായ വിദ്യാർഥികളോടൊപ്പംതന്നെ ഭിന്നശേഷിക്കാരായ കുട്ടികളെയും പഠിപ്പിക്കാമെന്നാണ് അവരുടെ വാഗ്ദാനം. ‘ഗൾഫ് മാധ്യമ’ത്തിലെ വാർത്ത കണ്ട ശേഷമാണ് സ്ഥാപന അധികൃതർ ബന്ധപ്പെട്ടത്. ഫീസിന്റെ കാര്യത്തിലും മറ്റുള്ള സ്ഥാപനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ തോതാണ് ഈടാക്കുന്നതെന്നാണ് അവരുടെ വാദം. നിലവിൽ പരീക്ഷണാർഥം കുറഞ്ഞ കുട്ടികളെ അവർ പഠിപ്പിച്ചുവരുന്നുണ്ട്. ഓട്ടിസം ബാധിതരായ കുട്ടികളെ രക്ഷിതാക്കളുടെ ആവശ്യാർഥം പ്രത്യേക പരിചരണത്തോടെ സ്പെഷൽ അധ്യാപിക ഫേസ് ടു ഫേസ് ക്ലാസുകൾ നൽകിയാണ് പഠിപ്പിക്കുന്നത്. ഒന്നു മുതൽ എട്ടു വരെ സി.ബി.എസ്.ഇ സിലബസും ഒമ്പത് മുതൽ 12 വരെ ബോർഡ് ഓഫ് ഓപൺ സ്കൂളിങ് ആൻഡ് സ്കിൽ എജുക്കേഷനുമാണ് നൽകുന്നത്. ഡിഗ്രി പഠിക്കേണ്ടവർക്ക് അതിനുള്ള സാഹചര്യവും ഇവർ ഒരുക്കിയിട്ടുണ്ട്.
എന്നാൽ, കുട്ടികളെ നാട്ടിലയച്ച് പഠിപ്പിക്കാനോ സാമ്പത്തിക ബുദ്ധിമുട്ടുമൂലം ഇവിടെ പഠിപ്പിക്കാനോ കഴിയാത്ത കുടുംബങ്ങൾക്ക് തുണയായി ചില നല്ലമനുഷ്യർ രംഗത്തെത്തുന്നുവെന്നതും ആശാവഹമാണ്. നിങ്ങളുടെ അറിവിലോ അല്ലാതെയോ ഇത്തരം കുട്ടികളോ പ്രയാസമനുഭവിക്കുന്ന കുടുംബങ്ങളോ ഉണ്ടെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടാവുന്നതാണ്. bahrain@gulfmadhyamam.net. +973 3920 3865
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.