മനാമ: കേരളീയ സമാജം തെരഞ്ഞെടുപ്പില്‍ ഏകാധിപത്യത്തിനെതിരായ പോരാട്ടത്തിനാണ് തങ്ങള്‍ നേതൃത്വം നല്‍കുന്നതെന്ന് യുനൈറ്റഡ് പ്രോഗ്രസീവ് ഫോറം (യു.പി.എഫ്)പാനല്‍ സാരഥികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളീയ സമാജം തീര്‍ത്തും ജനാധിപത്യവിരുദ്ധമായി വ്യക്തികേന്ദ്രീകൃതമായ അവസ്ഥയിലാണ്. ഇതില്‍ നിന്ന് മലയാളികളുടെ അഭിമാനമായ സംഘടനയെ മോചിപ്പിക്കേണ്ടതുണ്ട്. സമാജം, അംഗങ്ങളുടെ ഇടമാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തങ്ങള്‍ നേതൃത്വം നല്‍കുമെന്നും അവര്‍ പറഞ്ഞു.
പരിചയസമ്പന്നരും പുതുമുഖങ്ങളും ഉള്‍പ്പെടുന്ന പാനലാണ് യു.പി.എഫ് മുന്നോട്ട് വക്കുന്നത്. ഇതുവഴി സമാജത്തിന് പുതിയ ദിശാബോധം നല്‍കാന്‍കഴിയും.
ഇന്ന് കേരളീയ സമാജം ആര്‍ജിച്ച എല്ലാനേട്ടങ്ങളും കഴിഞ്ഞ 70വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങളുടെ ആകെ തുകയാണ്. ജനാധിപത്യ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന സംവിധാനമാണ് സമാജത്തിനുള്ളത്. എന്നാല്‍ അത്തരം മൂല്യങ്ങളെയും നിലപാടുകളെയും തകര്‍ക്കുന്ന സമീപനമാണിപ്പോഴത്തെ ഭരണസമിതി അനുവര്‍ത്തിക്കുന്നത്.
സമാജത്തിന്‍െറ കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനം അംഗങ്ങള്‍ക്ക് തീര്‍ത്തും നിരാശാജനകമായിരുന്നു. തെരഞ്ഞെടുപ്പ്കാലത്ത് അവര്‍ മുന്നോട്ട്വെച്ച ഒരു വാഗ്ദാനവും നടപ്പാക്കിയില്ല. കലണ്ടര്‍ പരിപാടികള്‍ പോലും അവഗണിച്ചു. സാഹിത്യവിഭാഗവും മലയാളം പാഠശാലയും കലാവിഭാഗവും തീര്‍ത്തും നിര്‍ജീവമായിരുന്നു. സമാജം കലാകാരന്മാരെ പാടെ അവഗണിച്ചു. സൂര്യ കൃഷ്ണമൂര്‍ത്തിയുടെ താല്‍പര്യപ്രകാരമുള്ള കലാകാരന്‍മാരെ മാത്രം പരിപാടികളിലേക്ക് കൊണ്ടുവന്നതില്‍ ദുരൂഹതയുണ്ട്.
ബാലകലോത്സവം നടത്തിപ്പ് തികഞ്ഞ പരാജയമായിരുന്നു. മിനിമം മൂന്ന് വിധികര്‍ത്താക്കള്‍ ഓരോ ഇനത്തിനും ജഡ്ജിയാവുക എന്നതിനുപകരം ഒരാളെ വിധിനിര്‍ണയത്തിനു നിയോഗിച്ചത് ഒരുപാട് അപാകതകള്‍ക്ക് കാരണമായി.
പുസ്തകോത്സവം, അംഗങ്ങള്‍ക്ക് വേണ്ടിനടത്തുന്ന കേരളോത്സവം, കലാ-കായിക മത്സരങ്ങള്‍, സയന്‍സ്ഫോറം, സാംസ്കാരിക സമ്മേളങ്ങള്‍, കുട്ടികകളുടെ ബൗദ്ധിക മികവിന് വേണ്ടി നടത്താറുള്ള ക്യമ്പുകള്‍, റേഡിയോ നാടകമത്സരം, സുകുമാര്‍ അഴീക്കോട് സ്മാരക പ്രസംഗമത്സരം തുടങ്ങിയവയൊന്നും നടന്നിട്ടില്ല. പ്രകടനപരതയില്‍ ഊന്നിയ ചില പരിപാടികള്‍ വഴി സാംസ്കാരിക കേന്ദ്രമായ സമാജത്തെ ഇവന്‍റ് മാനേജ്മെന്‍റ് സംഘത്തിന്‍െറ നിലവാരത്തിലേക്ക് തരം താഴ്ത്തി.
70ാം വാര്‍ഷിക ഉദ്ഘാടന സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറിയെ സ്റ്റേജില്‍ പോലും കയറ്റിയില്ല. അതിനു പ്രോട്ടോകോള്‍ എന്ന നിരര്‍ഥകവാദം പറഞ്ഞ് ഭരണനേതൃത്വം അപഹാസ്യരാകുന്ന കാഴ്ചയാണ് കണ്ടത്. തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നസമയത്ത് വരുന്ന പ്രവര്‍ത്തന വര്‍ഷത്തെ പരിപാടികളുടെ സബ്കമ്മിറ്റിയുണ്ടാക്കുന്നത് ജനാധിപത്യവിരുദ്ധ സമീപനമാണ്. അതും ഈയിടെ നടന്നു.
ഇത് അംഗങ്ങളുടെ മൗലിക അവകാശങ്ങളുടെ ലംഘനമാണ്.ജനാധിപത്യ സംവിധാനത്തില്‍ എല്ലാവിഭാഗം ജനങ്ങളെയും ഉള്‍കൊള്ളുകയെന്നത് നേതൃത്വത്തിന്‍െറ കടമയാണ്. സമാജത്തിന്‍െറ എല്ലാപരിപാടികളിലും അംഗങ്ങളുടെ പ്രാതിനിധ്യമുള്ള കമ്മിറ്റികളെ പ്രവര്‍ത്തനനിരതമാക്കാന്‍ തങ്ങള്‍ അധികാരത്തിലേറിയാല്‍ ശ്രമിക്കുമെന്നും അവര്‍ പറഞ്ഞു.
ഭരണസമിതിയെയും, സബ് കമ്മിറ്റികളെയും മുഖവിലക്കെടുക്കാതെ നോക്കുകുത്തികളാക്കുന്ന സമീപനം ഇല്ലാതാക്കും. അംഗങ്ങളുടെ എല്ലാ ജനാധിപത്യ അവകാശങ്ങളും സംരക്ഷിക്കും. ജാതി-മത-രാഷ്ട്രീയ പരിഗണനകള്‍ക്ക് അതീതമായി സമാജത്തിലെ എല്ലാ അംഗങ്ങളെയും ഒരുകുടുംബം പോലെ കാണും.
സമാജം അംഗങ്ങള്‍ നല്‍കുന്ന സ്ഥാനത്തെ വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യില്ല.
അംഗങ്ങള്‍ക്കും കുടുംബാംങ്ങള്‍ക്കുമുള്ള സാംസ്കാരിക, കലാ-കായിക പരിപാടികള്‍ പുനരാരംഭിക്കും. ബാലകലോത്സവം നീതിപൂര്‍വം നടത്താന്‍ നിയമാവലിയില്‍ ആവശ്യമായ മാറ്റം വരുത്തും.
മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുല്‍ കലാമിന്‍െറ പേരില്‍ ടെക്നോഫെസ്റ്റും പുതിയ വ്യവസായിക നിക്ഷേപകര്‍ക്കായി സിമ്പോസിയങ്ങളും സംഘടിപ്പിക്കും. മാസത്തിലൊരിക്കല്‍ മെമ്പേഴ്സ് നൈറ്റും, മൂന്ന് മാസത്തിലൊരിക്കല്‍ സമാജം പ്രവര്‍ത്തനം സംബന്ധിച്ച് അംഗങ്ങളുടെ അഭിപ്രായം അറിയുന്നതിന് ഓപണ്‍ ഹൗസും നടത്തും. ഇവന്‍റ് മാനേജ്മെന്‍റ് സംസ്കാരം ഒഴിവാക്കും.
സമാജം പരിപാടികളില്‍ അംഗങ്ങളായ കലാകാരന്മാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കും. സാഹിത്യ അഭിരുചി ഉള്ളവര്‍ക്കായി ‘എഴുത്തുപുര’ രൂപവത്കരിക്കുന്നതിന് നടപടി സ്വീകരിക്കും. ചാരിറ്റി പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്‍െറ ഭാഗമായി അംഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തും. യു.പി.എഫ്.മാനിഫെസ്റ്റോ 18ന് പുറത്തിറക്കും.
കെ.ജനാര്‍ദ്ദനന്‍ പ്രസിഡന്‍റും കെ. ശ്രീകുമാര്‍ ജനറല്‍ സെക്രട്ടറിയായുമായ പാനലിനെ വിജയിപ്പിക്കണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ എസ്.മോഹന്‍കുമാര്‍, പി.എം.വിപിന്‍, കെ.ജനാര്‍ദനന്‍, കെ.ശ്രീകുമാര്‍, സുദിന്‍ എബ്രഹാം, ബാബു ജി.നായര്‍, എസ്.വി.ബഷീര്‍, ബിനോജ് മാത്യു, എം.ശശിധരന്‍, അനില്‍കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.