യുക്രെയ്ൻ പ്രസിഡന്റ് വ്ലാഡിമർ സെലൻസ്‌കിയും ഹമദ് രജാവും കൂടിക്കാഴ്ചക്കിടെ
മനാമ: ബഹ്റൈനിലെത്തിയ യുക്രെയ്ൻ പ്രസിഡന്റ് വ്ലാഡിമർ സെലൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ. സെലൻസ്‌കിയെ ഹാർദവമായി സ്വാഗതം ചെയ്ത ഹമദ് രാജാവ്, ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും വിവിധ മേഖലകളിലെ സഹകരണം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചും സംസാരിച്ചു. പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷാ വിഷയങ്ങളും ചർച്ചയിൽ ഇടംപിടിച്ചു.
ബഹ്‌റൈനും മറ്റ് ജി.സി.സി രാജ്യങ്ങൾക്കും നേരെ നടന്ന ഇറാൻ നടത്തിയ ആക്രമണങ്ങളിൽ ഉക്രെയ്ൻ പ്രകടിപ്പിച്ച ഐക്യദാർഢ്യത്തിന് സെലൻസ്‌കിയോട് രാജാവ് നന്ദി അറിയിച്ചു.
സമാധാനപരമായ ചർച്ചകളിലൂടെയും നയതന്ത്ര നീക്കങ്ങളിലൂടെയും ഉക്രെയ്നിൽ സുസ്ഥിരമായ സമാധാനം കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങൾക്കും ബഹ്‌റൈൻ പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ബഹ്‌റൈനുമായി ഒരു ഡ്രോൺ കരാറിൽ ഒപ്പിടാനുള്ള താൽപ്പര്യം അദ്ദേഹം കൂടിക്കാഴ്ചയിൽ പ്രകടിപ്പിച്ചു.
ഇതുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ചകൾക്കായി ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇറാൻ നിർമ്മിത ഷഹീദ് ഡ്രോണുകളെ പ്രതിരോധിക്കുന്നതിൽ ഉക്രെയ്ൻ കൈവരിച്ച നേട്ടം ഗൾഫ് രാജ്യങ്ങൾക്ക് പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മേഖലയിൽ ഡ്രോൺ ഭീഷണികൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഉക്രെയ്‌നിന്റെ ഈ നീക്കം ബഹ്‌റൈന്റെ പ്രതിരോധ സംവിധാനങ്ങൾക്ക് വലിയ പിന്തുണയാകും. സൗദി അറേബ്യ, ഖത്തർ, യു.എ.ഇ എന്നീ രാജ്യങ്ങളുമായും ഉക്രെയ്ൻ സമാനമായ സുരക്ഷാ കരാറുകളിൽ നേരത്തെ ഒപ്പിട്ടിരുന്നു.
അതേസമയം, എക്സിൽ എഴുതിയ പോസ്റ്റിലൂടെ ബഹ്റൈന്റെ പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ഉക്രെയ്ന്‍റെ ഡ്രോൺ സാങ്കേതികവിദ്യയും സുരക്ഷാ വൈദഗ്ധ്യവും പങ്കുവെക്കാൻ സെലൻസ്കി സന്നദ്ധത അറിയിച്ചിരുന്നു. തന്റെ രാജ്യം ഏതാണ്ട് എല്ലാ ദിവസവും സമാനമായ ഭീകരാക്രമണങ്ങൾ നേരിടുന്നുണ്ടെന്നും പൂർണ തോതിലുള്ള പ്രതിരോധത്തിൽ ഉക്രേനിയൻ ജനതയ്ക്ക് മികച്ച അനുഭവസമ്പത്തുണ്ടെന്നും സെലൻസ്‌കി എക്സിൽ കുറിച്ചു. ഈ സുരക്ഷാ വൈദഗ്ധ്യം ബഹ്‌റൈനുമായി പങ്കുവെക്കാനും ജനങ്ങളുടെ സംരക്ഷണം കൂടുതൽ ശക്തമാക്കാൻ സഹായിക്കാനും ഉക്രെയ്ൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.