മനാമ: നിർമിതബുദ്ധി (എ.ഐ) (ഡീപ്ഫേക്)പയോഗിച്ച് നിർമിക്കുന്ന വ്യാജ വിഡിയോകൾ, ഓഡിയോകൾ, ചിത്രങ്ങൾ എന്നിവ ഉപയോഗിച്ച് പണം കൈക്കലാക്കുന്ന തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി സൈബർ സുരക്ഷ വിദഗ്ധർ. ഈ തട്ടിപ്പുകളിൽ നിന്ന് രക്ഷനേടാൻ ബഹ്റൈൻ പ്രതിരോധം ശക്തമാക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ സാമ്പത്തിക വിരുദ്ധ കുറ്റകൃത്യ വിഭാഗം ഡയറക്ടർ മേജർ മുഹമ്മദ് അൽ അബ്ദുല്ല പറഞ്ഞു.
മനാമയിൽ നടന്ന അറബ് എ.ഐ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനറേറ്റീവ് എ.ഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിൽ തട്ടിപ്പുകാർ കൂടുതൽ വിദഗ്ധരാകുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. ബഹ്റൈന് പുറത്ത് പ്രവർത്തിക്കുന്ന വലിയ കുറ്റവാളി സംഘങ്ങളുടെ പ്രവർത്തനമാണിത്. സാധാരണയായി തട്ടിപ്പുകാർ സോഷ്യൽ എൻജിനീയറിങ് തന്ത്രങ്ങളിലൂടെയാണ് തട്ടിപ്പ് ആരംഭിക്കുന്നത്. ആളുകൾ കൂടുതലായി ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളും പ്ലാറ്റ്ഫോമുകളും അവർ കണ്ടെത്തും. ബെനിഫിറ്റ്പേ പോലുള്ള പ്ലാറ്റ്ഫോമുകൾ തട്ടിപ്പുകാരുടെ പ്രധാന ലക്ഷ്യമാണ്.ഡീപ്ഫേക്ക് തട്ടിപ്പുകളിൽ, തട്ടിപ്പുകാർ ഇരയുടെ ചിത്രങ്ങളോ വിഡിയോകളോ ഓഡിയോകളോ ഉപയോഗിച്ച് വ്യാജ ക്ലോണുകൾ ഉണ്ടാക്കുന്നു. എ.ഐ മോഡലുകൾ പരിശീലിപ്പിച്ച് അവരുടെ മുഖം, ശബ്ദം, സംഭാഷണ രീതി എന്നിവ അനുകരിച്ച് പണം നൽകാൻ ഇരകളെ പ്രേരിപ്പിക്കുന്ന തരത്തിലുള്ള റിയലിസ്റ്റിക് വിഡിയോകളും ഓഡിയോകളും നിർമ്മിക്കുന്നു.
ഇത്തരം തട്ടിപ്പുകൾക്കെതിരെ ബഹ്റൈൻ ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും, പുതിയ ഇ-കീ 2.0 പോലുള്ള സംവിധാനങ്ങൾ ഇതിനായി ഉപയോഗിക്കുന്നുണ്ടെന്നും മേജർ അൽ അബ്ദുല്ല പറഞ്ഞു. പുതിയ ഇ-കീ 2.0 ഉപയോഗിക്കുന്നതിലൂടെ കുറ്റവാളികൾക്ക് നിങ്ങളുടെ ബയോമെട്രിക് ഡാറ്റ ഇല്ലാതെ ബാങ്ക് വിവരങ്ങൾ ലഭ്യമാക്കാൻ കഴിയില്ല. മുഖവും കണ്ണുകളും സ്കാൻ ചെയ്ത് ഒ.ടി.പിയോ പാസ്വേഡോ ഇല്ലാതെ സ്വന്തം അക്കൗണ്ടുകൾ ആക്സസ് ചെയ്യാൻ ഇതിലൂടെ സാധിക്കും. ഇതൊരു അധിക സുരക്ഷ പാളിയാണ്. ഈ സംവിധാനം നിർബന്ധമല്ലെങ്കിലും സുരക്ഷക്ക് കൂടുതൽ പ്രാധാന്യം നൽകുന്നവർക്ക് ഉപയോഗിക്കാം. തട്ടിപ്പുകൾ തടയുന്നതിനും, ഡീപ്ഫേക്കുകൾ തിരിച്ചറിയുന്നതിനും എ.ഐ സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള സാധ്യതകളും രാജ്യം പരിശോധിക്കുന്നുണ്ട്. ഇതിനായുള്ള നിയമനിർമ്മാണങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.