ബഹ്‌റൈനിൽ ബിസിനസ് ചെയ്യാനുള്ള ആത്മവിശ്വാസം ഉയരുന്നു

മനാമ: ബഹ്‌റൈനിലെ വ്യാപാരികളുടെയും വ്യവസായികളുടെയും ഇടയിൽ ബിസിനസ്സ് ആത്മവിശ്വാസം വർദ്ധിച്ചുവരുന്നതായി പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. 2026-ലെ മൂന്നാം പാദത്തിൽ ബഹ്‌റൈനിലെ ബിസിനസ്സ് കോൺഫിഡൻസ് ഇൻഡക്സ് ഉയർന്ന് 85.39 പോയിന്റിലെത്തി. രണ്ടാം പാദത്തിൽ ഇത് 85.32 പോയിന്റും ഒന്നാം പാദത്തിൽ 83.08 പോയിന്റും ആയിരുന്നു.

ഇൻഫോർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റിയുടെ ഓപ്പൺ ഡാറ്റാ പോർട്ടലിൽ പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം, വർഷത്തിന്റെ തുടക്കം മുതൽ ഇതുവരെ സൂചികയിൽ 2.31 പോയിന്റിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. സാമ്പത്തിക പ്രവർത്തനങ്ങളിലും ഭാവിയിലെ ബിസിനസ്സ് പ്രകടനങ്ങളിലും നിക്ഷേപങ്ങളിലും സംരംഭകരുടെ പ്രതീക്ഷകൾ മെച്ചപ്പെടുന്നുണ്ടെന്നാണ് ഈ തുടർച്ചയായ വളർച്ച കാണിക്കുന്നത്. രാജ്യത്തിന്റെ ബിസിനസ്സ് അന്തരീക്ഷം കൂടുതൽ അനുകൂലമാണെന്നും സാമ്പത്തിക വൈവിധ്യവൽക്കരണത്തിന് സ്വകാര്യ മേഖല ശക്തമായ സംഭാവന നൽകുന്നുണ്ടെന്നും ഇത് സൂചിപ്പിക്കുന്നു.

ഇതോടൊപ്പം രാജ്യത്തെ വിദേശ നേരിട്ടുള്ള നിക്ഷേപത്തിന്റെ (എഫ്.ഡി.ഐ) കണക്കുകളും പുറത്തുവന്നിട്ടുണ്ട്. 2026-ലെ ഒന്നാം പാദത്തിന്റെ അവസാനത്തോടെ ബഹ്‌റൈനിലെ മൊത്തം എഫ്.ഡി.ഐ നിക്ഷേപം 17.637 ബില്യൺ ബഹ്‌റൈൻ ദീനാറായി ഉയർന്നു. ഇതിൽ ഏറ്റവും വലിയ പങ്ക് വഹിക്കുന്നത് ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപങ്ങളാണ് (12.62 ബില്യൺ ദീനാർ).

കുവൈത്ത് 6.17 ബില്യൺ ദീനാറുമായി പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. സൗദി അറേബ്യ ഏകദേശം 4.05 ബില്യൺ ദീനാറുമായി രണ്ടാം സ്ഥാനത്തുണ്ട്. ‍യഥാക്രമം മൂന്നും നാലും സ്ഥാനത്ത് യു.എ.ഇ 1.68 ബില്യൺ ദീനാർ, ലിബിയ 1.32 ബില്യൺ ദീനാർ എന്നിവരാണ്. ഇന്ത്യ 757.4 മില്യൺ ദീനാറുമായി അഞ്ചാം സ്ഥാനത്താണ്. കെയ്മാൻ ദ്വീപുകൾ, ഖത്തർ, ജപ്പാൻ, തുർക്കി, ഒമാൻ തുടങ്ങിയ രാജ്യങ്ങളും ബഹ്‌റൈനിലെ പ്രധാന നിക്ഷേപകരുടെ പട്ടികയിൽ ഉൾപ്പെടുന്നുണ്ട്.

Tags:    
News Summary - confidence to do business in bahrain increased

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.