ജർമനിയിൽ നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ചതായി പരാതി

മനാമ: ജർമനിയിൽ നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് സ്വകാര്യ ഏജൻസി കബളിപ്പിച്ചതായി പരാതി. മലയാളികളായ 10 പേരാണ് മലയാളികളുടെ നേതൃത്വത്തിൽ ബഹ്റൈനിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.

ജർമനിയിൽ ജോലി ലഭിക്കണമെങ്കിൽ അനിവാര്യമായ ഭാഷാപഠനമാണ് സനാബീൽ പ്രവർത്തിക്കുന്ന ഏജൻസി നടത്തുന്നത്. കോഴ്സിൽ ചേരുന്നവർക്ക് ആറുമാസത്തിനകം ജർമനിയിലേക്ക് പോകാൻ കഴിയുമെന്നാണ് ഏജൻസി വാഗ്ദാനം ചെയ്തതെന്ന് പരാതിക്കാർ പറഞ്ഞു. എന്നാൽ, ഒന്നര വർഷം കഴിഞ്ഞിട്ടും ഇവർക്ക് ജർമനിയിലേക്ക് പോകാൻ സാധിച്ചില്ല. സംഭവത്തിൽ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ബഹ്റൈനിലെ ഇന്ത്യൻ എംബസി, ജർമൻ എംബസി, എക്സിബിഷൻ സെന്‍റർ പൊലീസ് സ്റ്റേഷൻ, ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം, കേരള മുഖ്യമന്ത്രി, നോർക്ക റൂട്ട്സ് എന്നിവിടങ്ങളിൽ ഇവർ പരാതി നൽകിയിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയത്തിന് അയച്ച പരാതി തുടർ നടപടികൾക്കായി ഇന്ത്യൻ എംബസിയിലേക്ക് അയച്ചിട്ടുണ്ടെന്ന മറുപടി പരാതിക്കാർക്ക് ലഭിച്ചു. നോർക്ക റൂട്ട്സിന് ലഭിച്ച പരാതി തുടരന്വേഷണത്തിനായി തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തെ എൻ.ആർ.ഐ സെൽ എസ്.പിക്ക് കൈമാറി.

ജർമനിയിലേക്ക് മൈഗ്രേഷൻ വിസ സംഘടിപ്പിച്ച് തരാമെന്ന് പറഞ്ഞ് കബളിപ്പിക്കുകയും വൻ തുക കൈക്കലാക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. പരാതിക്കാരിൽ ആറുപേർ ബഹ്റൈനിൽ ജോലി ചെയ്യുന്നവരും നാലുപേർ ജർമനിയിലേക്ക് പോകാൻ കേരളത്തിൽനിന്ന് എത്തിയവരുമാണ്.

ടെൽക് എന്ന പരീക്ഷക്ക് പരിശീലനം നൽകാമെന്ന് പറഞ്ഞാണ് നാട്ടിൽനിന്ന് കൊണ്ടുവന്നതെന്നും എന്നാൽ, ഐ.ഐ.എസ്.സി എന്ന പരീക്ഷയാണ് നടത്തുന്നതെന്നും ഇതിന് അന്താരാഷ്ട്ര തലത്തിൽ അംഗീകാരമില്ലെന്നും പരാതിയിൽ പറയുന്നു. ഇതിനകം 2200 ദീനാർ വീതം സ്ഥാപനത്തിന് ഫീസ് നൽകിയതായും വീണ്ടും 1200 ദീനാർകൂടി ചോദിക്കുകയാണെന്നും പരാതിക്കാരിലൊരാൾ ഗൾഫ് മാധ്യമത്തോട് പറഞ്ഞു. 2020 ഒക്ടോബറിലാണ് ഇദ്ദേഹം സ്ഥാപനത്തിൽ ചേർന്നത്. ആറു മാസത്തിനകം ജർമനിയിലേക്ക് പോകാൻ കഴിയുമെന്നാണ് വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ, സ്ഥാപനം ഇത് പാലിച്ചില്ലെന്ന് ഇദ്ദേഹം കൂട്ടിച്ചേർത്തു. ഫീസ് അടച്ചതിന് നൽകിയ രസീത് മറ്റൊരു കമ്പനിയുടെ പേരിലാണെന്നും പരാതിയിൽ പറയുന്നുണ്ട്. അതേസമയം, പരീക്ഷ പാസാകാത്തവരാണ് പരാതി ഉന്നയിക്കുന്നതെന്നും തങ്ങൾ മുഖേന നിരവധി പേർക്ക് ജർമനിയിൽ ജോലി ലഭിച്ചിട്ടുണ്ടെന്നും സ്ഥാപനത്തിന്റെ പ്രതിനിധി ഗൾഫ് മാധ്യമത്തോട് പറഞ്ഞു.

Tags:    
News Summary - Complaint that he was cheated by being offered a nursing job in Germany

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.