മനാമ: കോൾഡ് സ്റ്റോറുകളിൽ സിഗരറ്റും പുകയില ഉൽപന്നങ്ങളും വിൽപന നിരോധിക്കാനുള്ള നിർദേശം ചർച്ചയിൽ. നിയമസഭാംഗങ്ങൾ, മുനിസിപ്പൽ ഉദ്യോഗസ്ഥർ, സിവിൽ സൊസൈറ്റി സംഘടനകൾ എന്നിവർ ചേർന്നാണ് ചർച്ച ആരംഭിച്ചത്.\ബഹ്റൈൻ ആന്റി-സ്മോക്കിങ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഈ നീക്കം, പുകയില ഉൽപന്നങ്ങളുടെ വിൽപന ലൈസൻസുള്ള ഔട്ട്ലെറ്റുകളിൽ മാത്രമായി പരിമിതപ്പെടുത്താനും പൊതുജനങ്ങളുടെ പുകയില സമ്പർക്കം പരിമിതപ്പെടുത്താനും രാജ്യത്ത് പുകവലി നിരക്ക് കുറക്കുന്നതിനും ലക്ഷ്യമിടുന്നു.
പുതിയ ദേശീയ നിയമത്തിന് ഇത് അടിസ്ഥാനമാകുമെന്ന് പ്രതീക്ഷിച്ചുകൊണ്ട്, ഔദ്യോഗിക നിർദേശം പാർലിമെന്റിനും ക്യാപിറ്റൽ ട്രസ്റ്റി ബോർഡിനും സമർപ്പിച്ചിട്ടുണ്ട്. പുകയില നിയന്ത്രണത്തിൽ ആഗോളതലത്തിലെ മികച്ച നിയമങ്ങളെ, പ്രത്യേകിച്ച് നിരവധി യൂറോപ്യൻ, ഏഷ്യൻ രാജ്യങ്ങളിൽ അവതരിപ്പിച്ച രീതികളെ, നിർദിഷ്ട ഭേദഗതി പ്രതിഫലിപ്പിക്കുന്നുവെന്ന് ആന്റി-സ്മോക്കിങ് സൊസൈറ്റി ബഹ്റൈൻ ചെയർമാൻ മുഹമ്മദ് സൈനൽ പറഞ്ഞു. ഇത് കോൾഡ് സ്റ്റോറുകൾക്കോ അവയുടെ ഉടമകൾക്കോ നേരെയുള്ള ആക്രമണമല്ല, മറിച്ച് പൊതുജനാരോഗ്യം സംരക്ഷിക്കാനുള്ള ദേശീയ ഉത്തരവാദിത്തത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. പുകയില ആളുകളെ കൊല്ലുന്നു എന്ന വസ്തുതക്ക് നേരെ നമുക്ക് കണ്ണടയ്ക്കാൻ കഴിയില്ല. നമ്മുടെ സമൂഹത്തിൽ രോഗങ്ങൾക്ക് ഏറ്റവും വലിയ സംഭാവന നൽകുന്ന ഒന്നാണ് പുകയില.
പുകവലി തുടരുന്നതിന്റെ പ്രധാന കാരണങ്ങൾ കൗമാരക്കാർക്കും യുവാക്കൾക്കും ഇടയിൽ സൗകര്യവും ഇതിന്റെ ലഭ്യതയും ആണെന്നും അദ്ദേഹം വാദിച്ചു. എന്നാൽ, ബഹ്റൈനിലെ ചെറുകിട ബിസിനസ് മേഖലക്ക് ഈ നിർദേശം വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്ക് അംഗവും വ്യാപാരികളുടെ പ്രതിനിധിയുമായ എം.പി ഡോ. മറിയം അൽ ധഈൻ മുന്നറിയിപ്പ് നൽകി. ഈ തീരുമാനവുമായി മുന്നോട്ട് പോയാൽ, അത് കോൾഡ് സ്റ്റോറുകളെ ഇല്ലാതാക്കുമെന്നും കോൾഡ് സ്റ്റോറുകൾക്ക് സിഗരറ്റ് വിൽപന അവരുടെ നിലനിൽപിന് അത്യാവശ്യമാണെന്നും അവർ പറഞ്ഞു.ഇത്തരം ചെറുകിട ബിസിനസുകളെ ആശ്രയിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളുടെ ഉപജീവനമാർഗത്തിന് ഭീഷണിയാകാതെ, ബോധവത്കരണ കാമ്പയിനുകൾ, പ്രായപൂർത്തിയാകാത്തവർക്കുള്ള വിൽപന നിയന്ത്രണങ്ങൾ ശക്തമായി നടപ്പിലാക്കൽ, പൊതുബോധം വളർത്തൽ എന്നിവയിലൂടെ പുകവലി കുറക്കാൻ നാം പ്രവർത്തിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.