മുഹറഖിലെ സമാഹീജിൽ കണ്ടെത്തിയ ക്രിസ്ത്യൻ നിർമിതി
മനാമ: ബഹ്റൈനിൽ കണ്ടെത്തിയ ക്രിസ്ത്യൻ പുരാവസ്തു കേന്ദ്രങ്ങൾ നാഗരികതകളുടെയും മതങ്ങളുടെയും സംഗമ സ്ഥലമായി രാജ്യത്തെ മാറ്റുകയും, മേഖലയിൽ സാംസ്കാരിക വൈവിധ്യത്തിന്റെ പോസിറ്റീവ് ശക്തിയായി വർത്തിക്കുകയും ചെയ്യുന്നുവെന്ന് ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റീസ് (ബാക്ക) ചെയർമാൻ ശൈഖ് ഖലീഫ ബിൻ അഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ പറഞ്ഞു. 'കിഴക്കൻ അറേബ്യയിലെ ക്രിസ്ത്യൻ പുരാവസ്തു കേന്ദ്രങ്ങൾ: ഒരു പങ്കിട്ട പൈതൃകം' എന്ന വിഷയത്തിൽ ബഹ്‌റൈൻ നാഷണൽ മ്യൂസിയത്തിൽ നടന്ന ശാസ്ത്ര സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കിങ് ഹമദ് ഗ്ലോബൽ സെന്റർ ഫോർ കോഎക്സിസ്റ്റൻസ് ആൻഡ് ടോളറൻസുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ബാക്കയുടെ ആന്റിക്വിറ്റീസ് ഡയറക്ടർ ജനറൽ ഡോ. സൽമാൻ അഹമ്മദ് അൽ മുഹർറി, കിംഗ് ഹമദ് ഗ്ലോബൽ സെന്റർ ഫോർ കോഎക്സിസ്റ്റൻസ് ആൻഡ് ടോളറൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ അബ്ദുല്ല ഈസ അൽ-മുനാഇ, ഉദ്യോഗസ്ഥർ, പുരാവസ്തു വിദഗ്ധർ, അക്കാദമിക് വിദഗ്ധർ, ബഹ്‌റൈനിലെയും വിദേശത്തെയും വിദഗ്ധർ എന്നിവർ പങ്കെടുത്തു.
കിഴക്കൻ അറബ്യൻ മേഖലയിൽ തുടർച്ചയായി കണ്ടെത്തുന്ന ക്രിസ്ത്യൻ പുരാവസ്തുക്കൾ പ്രദേശത്തിന്റെ സാംസ്കാരിക വൈവിധ്യത്തെയാണ് പ്രതിഫലിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ കണ്ടെത്തലുകൾ മേഖലയുടെ ചരിത്രപരമായ പൈതൃകത്തിന് ഒരു പോസിറ്റീവ് ശക്തിയാണ്. ഈ പുരാവസ്തു സ്ഥലങ്ങൾ ബഹ്‌റൈനിന്റെ സമ്പന്നമായ നാഗരികതയിലേക്കാണ് വെളിച്ചം വീശുന്നത്. നെസ്റ്റോറിയൻ ക്രിസ്ത്യൻ പൈതൃകം ഈ പ്രദേശത്തിന്റെ സാംസ്കാരിക വൈവിധ്യത്തിന് വലിയ സംഭാവനകൾ നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബഹ്‌റൈനിലെ സമാഹീജിൽ കണ്ടെത്തിയ ക്രിസ്ത്യൻ പുരാവസ്തു കേന്ദ്രങ്ങൾ, അവയുടെ പ്രാധാന്യം, സംരക്ഷണ നടപടികൾ എന്നിവ ആദ്യ സെഷനിൽ ചർച്ച ചെയ്തു. കുവൈത്തിലെ ഫൈലക ദ്വീപിലുള്ള ഖുസൂർ സൈറ്റിനെക്കുറിച്ചും സമീപകാല ഗവേഷണങ്ങളെക്കുറിച്ചും ഖനന ഫലങ്ങളെക്കുറിച്ചുമുള്ള അവതരണങ്ങളും നടന്നു. ജിസിസിയിലെ ഏറ്റവും പഴക്കമേറിയ ക്രിസ്ത്യൻ നിർമ്മിതികളിൽ ഒന്നായി കണക്കാക്കപ്പെടുന്ന മുഹറഖിലെ സമാഹീജ് പുരാവസ്തകേന്ദ്രം സന്ദർശിക്കുന്നതിനും പ്രതിനിധികൾക്ക് അവസരം ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.