‘ചാർട്ടർ വിമാനങ്ങൾ മാത്രം ആശ്വാസകരമല്ല’; എയർലൈൻ നിലപാട് മാറ്റണമെന്ന് ട്രാവൽ ഏജൻസികൾ

മനാമ: മേഖലയിലെ സങ്കീർണമായ സാഹചര്യം മുതലെടുത്ത് സാധാരണ വിമാന സർവീസുകൾ പുനഃരാരംഭിക്കാതെ ചാർട്ടർ വിമാനങ്ങളെ മാത്രം പ്രോത്സാഹിപ്പിക്കുന്ന എയർലൈൻ നിലപാടിനെതിരെ ബഹ്‌റൈനിലെ ട്രാവൽ ഏജൻസികൾ രംഗത്ത്. ചാർട്ടർ വിമാനങ്ങൾക്ക് അമിത നിരക്ക് ഈടാക്കുന്നത് സാധാരണക്കാരായ യാത്രക്കാരെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നുണ്ടെന്നും അവർ പറഞ്ഞു.

നിലവിൽ കേരളത്തിലേക്കുള്ള യാത്രക്ക് ചാർട്ടർ വിമാനങ്ങളെ മാത്രമാണ് ആശ്രയിക്കേണ്ടി വരുന്നത്. ഇത് സാധാരണ ടിക്കറ്റ് നിരക്കിനേക്കാൾ വലിയ തുക നൽകാൻ പ്രവാസികളെ നിർബന്ധിതരാക്കുന്നു. ലണ്ടൻ ഉൾപ്പെടെയുള്ള വിദേശ നഗരങ്ങളിലേക്കും ഇന്ത്യയിലെ മുംബൈ, ചെന്നൈ സെക്ടറുകളിലേക്കും പ്രസ്തുത എയർലൈൻ നേരിട്ട് സർവീസ് നടത്തുന്നുണ്ട്. എന്നാൽ കൊച്ചി, തിരുവനന്തപുരം തുടങ്ങിയ കേരള സെക്ടറുകളോടുള്ള അവഗണന തുടരുകയാണ്. വിമാനങ്ങളുടെ ഷെഡ്യൂളുകൾ ഉടൻ തന്നെ ജി.ഡി.എസ് സിസ്റ്റത്തിൽ ലഭ്യമാക്കിയാൽ ഏജൻസികൾക്ക് നേരിട്ട് ബുക്കിങ് നടത്താനും യാത്രക്കാർക്ക് ന്യായമായ നിരക്കിൽ ടിക്കറ്റുകൾ ഉറപ്പാക്കാനും സാധിക്കുമെന്നാണ് ഏജൻസികൾ പറയുന്നത്.

"വർഷം മുഴുവൻ വിമാനക്കമ്പനികളുടെ സെയിൽസിനും കസ്റ്റമർ സർവീസിനും പിന്തുണ നൽകുന്നത് ട്രാവൽ ഏജൻസികളാണ്. എന്നാൽ പ്രതിസന്ധി ഘട്ടങ്ങളിൽ ചാർട്ടർ സർവീസുകൾക്ക് മാത്രം മുൻഗണന നൽകുന്നത് ശരിയല്ല. സംയുക്തമായി വിമാനങ്ങൾ ചാർട്ട് ചെയ്യാൻ ഏജൻസികൾ തയ്യാറാണെങ്കിലും, അത് മാത്രം പ്രോത്സാഹിപ്പിക്കുന്നത് സാധാരണക്കാരുടെ സാമ്പത്തിക ബാധ്യത കുറയ്ക്കില്ലെന്ന് പ്രമുഖ ട്രാവൽ ഏജൻസി ഉടമ ഗൾഫ്മാധ്യമത്തോട് പറഞ്ഞു.

എയർലൈൻ കൊച്ചി, തിരുവനന്തപുരം, ഡൽഹി തുടങ്ങിയ പ്രധാന സെക്ടറുകളിലേക്ക് കൂടുതൽ വിമാനങ്ങൾ അനുവദിക്കുന്നത് സാധാരണ യാത്രക്കാർക്കും ട്രാവൽ ഏജൻസികൾക്കും ഒരുപോലെ ആശ്വാസമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിവലിൽ കേരളത്തേക്കാളേറെ ദീർഘമുള്ള ലണ്ടൻ, നൈറോബി അടക്കമുള്ള റൂട്ടുകളിൽ 300 ദീനാറിൽ താഴെയാണ് ടിക്കറ്റിന് ഈടാക്കുന്നത്. എന്നാൽ കേരളത്തിലേക്കുള്ള ചാർട്ടേഡ് വിമാനങ്ങൾക്കും ബോംബയിലേക്കും ചെന്നൈയിലേക്കുമുള്ള സർവീസുകൾക്കും 300 ദീനാറിന് മുകളിലാണ് ഈടാക്കുന്നത്. ഇത് ചൂഷണമല്ലേ, എന്നും ഏജൻസികൾ ചോദിച്ചു. 

Tags:    
News Summary - 'Charter flights alone are not reassuring'; Travel agencies demand airline change stance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.