മനാമ: ഭക്ഷ്യസാധനങ്ങൾ വില വർധനയില്ലാതെ മാർക്കറ്റിൽ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. റമദാനിലാവശ്യമായ ഭക്ഷ്യവസ്തുക്കൾ ജനങ്ങൾക്ക് ലഭ്യമാണെന്ന് ഉറപ്പാക്കാൻ വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രാലയത്തെ ചുമതലപ്പെടുത്തുകയും ചെയ്തു.
മുൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ നിർദേശമനുസരിച്ച് എല്ലാ വർഷവും ഏപ്രിൽ അഞ്ച് മനഃസാക്ഷി ദിനമായി ആചരിക്കാനുള്ള യു.എൻ തീരുമാനത്തിന്റെ വെളിച്ചത്തിൽ ലോകത്ത് സ്നേഹവും സമാധാനവും ശക്തമാക്കുന്നതിനുള്ള മൂല്യങ്ങൾ ഊട്ടിയുറപ്പിക്കുന്നതിന് മന്ത്രിസഭ ആഹ്വാനം ചെയ്തു. ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന മുഴുവനാളുകൾക്കും കാബിനറ്റ് ആശംസകൾ നേർന്നു. വെല്ലുവിളികൾക്ക് നടുവിലും ദൗത്യം നിർവഹിക്കുന്നതിൽ ആരോഗ്യ മേഖലയിലുള്ളവർ പ്രത്യേക ശ്രദ്ധ പുലർത്തിയതായി യോഗം വിലയിരുത്തി.
ബഹ്റൈൻ റോയൽ നേവി സന്ദർശിക്കുകയും ബി.ഡി.എഫ് നടത്തിക്കൊണ്ടിരിക്കുന്ന നവീകരണ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്ത രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്ക് കാബിനറ്റ് അംഗങ്ങൾ നന്ദി രേഖപ്പെടുത്തി. ഊർജ മേഖലയിൽ ബഹ്റൈനുമായി സഹകരിക്കുന്നതിന് മുന്നോട്ടുവന്ന സൗദി നടപടിയെ പ്രശംസിച്ചു. ഇക്കാര്യത്തിൽ അനുകൂല നിലപാട് സ്വീകരിച്ച സൗദി ഭരണാധികാരി കിങ് സൽമാൻ ബിൻ അബ്ദുൽ അസീസ് ആൽ സുഊദിന് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
യമനിൽ സമാധാനം സ്ഥാപിക്കുന്നതിന് യു.എൻ പ്രതിനിധിയെ നിയോഗിച്ച നടപടിയെ സ്വാഗതം ചെയ്തു. വിവിധ വിഭാഗങ്ങളുമായി ചർച്ച നടത്തി സമാധാനം ഉറപ്പാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയും പ്രകടിപ്പിച്ചു. അന്താരാഷ്ട്ര സുസ്ഥിര ഊർജ ഏജൻസിയിൽ ബഹ്റൈനെ പ്രതിനിധാനം ചെയ്യുന്ന ചുമതല വൈദ്യുതി, ജല കാര്യ മന്ത്രിക്ക് നൽകി. വിവിധ യോഗങ്ങളിലും സമ്മേളനങ്ങളിലും സംബന്ധിച്ചതിന്റെ റിപ്പോർട്ടുകൾ മന്ത്രിമാർ അവതരിപ്പിച്ചു. ഗുദൈബിയ പാലസിൽ ചേർന്ന കാബിനറ്റ് യോഗത്തിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.