മന്ത്രിസഭ യോഗത്തിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ അധ്യക്ഷത വഹിക്കുന്നു
മനാമ: അമേരിക്കയുടെ പിന്മാറ്റത്തിനുശേഷം അഫ്ഗാനിലുണ്ടായ അസ്ഥിരത സമാധാനത്തിന് വഴിമാറുമെന്ന് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗം പ്രതീക്ഷ പ്രകടിപ്പിച്ചു. അന്താരാഷ്ട്ര സമൂഹവുമായി ചേർന്ന് അവിടെ സമാധാനം പുനഃസ്ഥാപിക്കാനും ജനങ്ങൾക്ക് ക്ഷേമവും രാജ്യത്തിന് പുരോഗതിയും ഉറപ്പാക്കാനും ആവശ്യമായ നടപടികളുണ്ടാകണമെന്ന് പുതിയ ഭരണകൂടത്തോട് അഭ്യർഥിക്കുകയും ചെയ്തു. അഫ്ഗാനിൽ കുടുങ്ങിക്കിടക്കുന്നവരെ അമേരിക്കയിലെത്തിക്കുന്നതിന് ബഹ്റൈൻ വിമാനക്കമ്പനിയായ ഗൾഫ് എയർ പങ്കുചേർന്നത് അഭിമാനകരമാണെന്ന് വിലയിരുത്തി. അന്താരാഷ്ട്ര തലത്തിൽ ഒരു വിമാനക്കമ്പനി ആദ്യമായാണ് ഈ ദൗത്യത്തിൽ പങ്കുചേർന്നത്.
ആശൂറയോടനുബന്ധിച്ച് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ പ്രഭാഷണം രാജ്യത്തിെൻറ മതസഹിഷ്ണുതയും വിവിധ വിഭാഗങ്ങളോടുള്ള സമഭാവനയും ഉൾക്കൊള്ളുന്നതായിരുന്നുവെന്ന് മന്ത്രിസഭ വ്യക്തമാക്കി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരുന്നതിന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിലുള്ള പ്രതിരോധ സമിതിയും ആരോഗ്യകാര്യ സുപ്രീം കൗൺസിൽ ചെയർമാൻ ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ നേതൃത്വത്തിലുളള മെഡിക്കൽ സമിതിയും നടത്തുന്ന പ്രവർത്തനങ്ങളെ ഹമദ് രാജാവ് അഭിനന്ദിച്ചിരുന്നു. ആശൂറയോടനുബന്ധിച്ച് നടന്ന ചടങ്ങുകൾ വിജയിപ്പിക്കുന്നതിന് സഹായം നൽകിയ ആഭ്യന്തര മന്ത്രാലയം, നീതിന്യായ-ഇസ്ലാമിക കാര്യ-ഔഖാഫ് മന്ത്രാലയം, ജഅ്ഫരീ ഔഖാഫ്, വിവിധ ഹുസൈനിയ്യ കമ്മിറ്റികൾ, മഅ്തം സമിതികൾ, സന്നദ്ധ പ്രവർത്തകർ, പണ്ഡിതന്മാർ തുടങ്ങിയവർക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
ബഹ്റൈൻ വനിത സുപ്രീം കൗൺസിൽ രൂപവത്കരണത്തിെൻറ 20 വർഷം പൂർത്തിയാകുന്ന വേളയിൽ അധ്യക്ഷയും രാജപത്നിയുമായ പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം ആൽ ഖലീഫയുടെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് മന്ത്രിസഭ ആശംസകൾ അർപ്പിച്ചു. നിരന്തരമായ ശ്രമത്തിലൂടെ രാജ്യത്തെ വനിതകൾക്ക് ആത്മവിശ്വാസവും അധികാര പങ്കാളിത്തവും വിവിധ മേഖലകളിൽ തൊഴിലും ലഭിക്കുന്നതിന് കാരണമായതായി വിലയിരുത്തി. അവസരസമത്വം പ്രദാനം ചെയ്യാനും തുല്യത ഉറപ്പാക്കാനും അതുവഴി സ്ത്രീശാക്തീകരണത്തിനും വഴിയൊരുക്കുകയുണ്ടായി. വനിതകളുടെ ഉന്നമനത്തിനും വളർച്ചക്കുമായി കൂടുതൽ മികവോടെ പ്രവർത്തിക്കാൻ വനിത സുപ്രീം കൗൺസിലിന് സാധ്യമാകട്ടെയെന്നും ആശംസിച്ചു.
സർക്കാർ പൊതുജനങ്ങൾക്ക് നൽകിക്കൊണ്ടിരിക്കുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ നിർദേശങ്ങൾ ചർച്ച ചെയ്തു. മന്ത്രിമാർ വിദേശ രാഷ്ട്രങ്ങളിൽ നടത്തിയ സന്ദർശനത്തിെൻറയും വിവിധ പരിപാടികളിൽ പങ്കെടുത്തതിെൻറയും റിപ്പോർട്ടുകൾ സഭയിൽ അവതരിപ്പിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിൽ ചേർന്ന കാബിനറ്റ് യോഗതീരുമാനങ്ങൾ സെക്രട്ടറി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.