ബഹ്‌റൈന്‍റെ സുരക്ഷക്ക് കരുത്തായി ബ്രിട്ടീഷ് വ്യോമസേന
മനാമ: പശ്ചിമേഷ്യൻ മേഖലയിൽ ഇറാൻ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ ബഹ്‌റൈനും മറ്റ് ഗൾഫ് രാജ്യങ്ങൾക്കും ശക്തമായ പിന്തുണയുമായി ബ്രിട്ടൻ. കഴിഞ്ഞ ദിവസം രാത്രി ഇറാൻ വിക്ഷേപിച്ച നിരവധി ഡ്രോണുകളെ റോയൽ എയർഫോഴ്‌സ് റെജിമെന്റ് വെടിവെച്ചിട്ടതായി ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ബ്രിട്ടീഷ് വ്യോമസേനയുടെ ടൈഫൂൺ, എഫ്-35 യുദ്ധവിമാനങ്ങൾ ബഹ്‌റൈൻ, യു.എ.ഇ, ജോർദാൻ എന്നീ രാജ്യങ്ങളുടെ ആകാശപരിധിയിൽ പ്രതിരോധ പട്രോളിംഗ് ശക്തമാക്കിയിരിക്കുകയാണ്. വോയേജർ ഇന്ധന വിമാനങ്ങൾ, മെർലിൻ, വൈൽഡ്കാറ്റ് ഹെലികോപ്റ്ററുകൾ എന്നിവയും ഈ ദൗത്യത്തിൽ പങ്കാളികളാണ്.
ബഹ്‌റൈന്‍റെ വ്യോമ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ബ്രിട്ടന്‍റെ 'ലൈറ്റ്‌വെയ്റ്റ് മൾട്ടിറോൾ ലോഞ്ചർ' ഇപ്പോൾ ബഹ്‌റൈനിൽ വിന്യസിച്ചിട്ടുണ്ട്. ഇത് പ്രവർത്തിപ്പിക്കാൻ ബഹ്‌റൈൻ സൈന്യത്തെ സഹായിക്കുന്നതിനായി ബ്രിട്ടീഷ് വിദഗ്ധ സംഘവും രാജ്യത്തെത്തിയിട്ടുണ്ട്.
മേഖലയിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെയും സഖ്യകക്ഷികളുടെയും സുരക്ഷ ഉറപ്പാക്കാൻ പ്രതിരോധ നടപടികൾ ഏറ്റവും ഉയർന്ന നിലയിലാണെന്ന് പ്രതിരോധ സെക്രട്ടറി ജോൺ ഹീലി വ്യക്തമാക്കി. മേഖലയിൽ ഒരു വലിയ യുദ്ധം ഒഴിവാക്കുന്നതിനൊപ്പം തന്നെ, സഖ്യരാജ്യങ്ങളുടെ താൽപ്പര്യങ്ങളും സുരക്ഷയും സംരക്ഷിക്കുക എന്നതാണ് ഈ നീക്കത്തിലൂടെ ബ്രിട്ടൻ ലക്ഷ്യമിടുന്നത്.
ബഹ്‌റൈനിലെയും ഗൾഫ് മേഖലയിലെയും ഞങ്ങളുടെ പങ്കാളികളുടെ സുരക്ഷ ഉറപ്പാക്കാൻ ബ്രിട്ടൻ പ്രതിജ്ഞാബദ്ധമാണെന്നും, സഖ്യകക്ഷികളുമായി ചേർന്ന് ഈ ആക്രമണങ്ങളെ ഞങ്ങൾ നേരിടുമെന്നും ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.