വിദ്യാർഥികൾക്കായി ന്യൂ മില്ലേനിയം സ്കൂൾ ബഹ്റൈൻ സംഘടിപ്പിച്ച ഓറിയന്റേഷൻ
മനാമ: അധ്യയന വർഷത്തെ ബോർഡ് പരീക്ഷക്കൊരുങ്ങുന്ന 10 ,12 ക്ലാസുകളിലെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ച് ന്യൂ മില്ലേനിയം സ്കൂൾ ബഹ്റൈൻ. പ്രിൻസിപ്പൽ ഡോ. അരുൺ കുമാർ ശർമയുടെ നേതൃത്വത്തിലാണ് ക്ലാസ് സംഘടിപ്പിച്ചത്. വിദ്യാർഥികളിലെ പരീക്ഷയുമായി ബന്ധപ്പെട്ട സംശയനിവാരണങ്ങൾക്കും മികവ് പുലർത്താനുള്ള പ്രചോദനം നൽകാനും ലക്ഷ്യമിട്ടായിരുന്നു ക്ലാസ്. ഫലപ്രദമായ പഠന മാർഗങ്ങൾ, മാനസിക പിരിമുറുക്കം കുറക്കൽ, സമയക്രമീകരണം, പരീക്ഷ ദിനത്തിലെ ഒരുക്കം എന്നിവയുൾപ്പെടെ വിദ്യാർഥികളുടെ ആശങ്കകൾക്ക് സെഷനിൽ പ്രിൻസിപ്പൽ മറുപടി പറഞ്ഞു.
പരീക്ഷ തുടങ്ങാനിരിക്കുന്ന അവസാന ആഴ്ചകളിൽ പോസിറ്റിവ് മാനസികാവസ്ഥയും അച്ചടക്കത്തോടെയുള്ള പഠനം നിലനിർത്തേണ്ടതിന്റെയും ആവശ്യകത പ്രിൻസിപ്പൽ ഓർമിപ്പിച്ചു. ആശയവിനിമയ സെഷൻ വിദ്യാർഥികളും രക്ഷിതാക്കളും അവരുടെ സംശയങ്ങൾ ദൂരീകരിക്കാൻ ഉപയോഗിച്ചു. വിദ്യാർഥികൾക്ക് പിന്തുണയുമായി മറ്റ് അധ്യാപകരും സെഷനിൽ സന്നിഹിതരായിരുന്നു.
ആത്മവിശ്വാസം വർധിക്കാൻ സെഷൻ ഫലപ്രദമായെന്നും വിദ്യാർഥികൾ നന്ദി പ്രകടിപ്പിക്കുകയും ചെയ്തു. വിദ്യാർഥികൾക്ക് അവരുടെ ബോർഡ് പരീക്ഷകൾക്ക് അക്കാദമികമായും മാനസികമായും നന്നായി തയാറാണെന്ന് ഉറപ്പാക്കാൻ സ്കൂൾ പ്രതിജ്ഞാബദ്ധമാണെന്ന് വിദ്യാർഥികൾക്ക് ആശംസ നേർന്ന് സ്കൂൾ ചെയർമാൻ ഡോ. രവി പിള്ളയും മാനേജിങ് ഡയറക്ടർ ഗീത പിള്ളയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.