ബി.എം.സി ലീഡ് അവാർഡ് സെറിമണി പരിപാടി
മനാമ: ബി.എം.സിയുടെ 30 ദിവസം നീണ്ട ശ്രാവണ മഹോത്സവം 2025ന്റെ ഗ്രാൻഡ് ഫിനാലെയും അഞ്ചാം വാർഷികാഘോഷങ്ങളും ബി.എം.സി ലീഡ് അവാർഡ് സെറിമണിയും ബി.എം.സി ഓഡിറ്റോറിയത്തിൽ നടന്നു. പരിപാടിയിൽ മിനിസ്ട്രി ഓഫ് ലേബർ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി അഹമ്മദ് അൽഹയ്ക്കി മുഖ്യാതിഥിയായി.
വിശിഷ്ടാതിഥികളായി സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടർ ബ്രിഗേഡിയർ പൈലറ്റ് അലി മുഹമ്മദ് അൽ കബിസി, നോർത്തേൺ ഗവർണറേറ്റ് ഇൻവെസ്റ്റ്മെന്റ് ഡയറക്ടർ ഇസാം അൽ ഖയാത്ത്, സേക്രഡ് ഹാർട്ട് ചർച്ചിന്റെ വികാരിയും തീർഥാടന കേന്ദ്രത്തിന്റെ ആദ്യ റെക്ടറുമായ റവ. ഫാദർ ഫ്രാൻസിസ് ജോസഫ്, ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ്, ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ജോസഫ് ജോയ് എന്നിവരും പങ്കെടുത്തു. അതിഥികൾ ചേർന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ശ്രാവണ മഹോത്സവം വൈസ് ചെയർമാൻ ഷറഫ് അലി കുഞ്ഞി സ്വാഗതം ആശംസിച്ചു. ബി.എം.സി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് അധ്യക്ഷത വഹിച്ചു.
സാമൂഹിക, മാനവിക, സംരംഭക മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ബി.എം.സി നൽകുന്ന ഈ വർഷത്തെ ബി.എം.സി ലീഡ് അവാർഡുകൾ പ്രഖ്യാപിക്കുകയും അവാർഡ് ദാനചടങ്ങ് സംഘടിപ്പിക്കുകയും ചെയ്തതു. ബി.എം.സി ലീഡ് ഹ്യുമാനിറ്റേറിയൻ അവാർഡ്-ഇന്ത്യൻ ലേഡീസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ മക്കൾക്കുള്ള സേവനത്തിനായി നടത്തി വരുന്ന സ്നേഹ റിക്രിയേഷൻ സെന്ററിനു സമ്മാനിച്ചു.
‘നക്ഷത്രത്തിളക്കം 2025’ന്റെ ഭാഗമായി ക്രിസ്മസ് സന്ദേശം നൽകുന്ന ഓൺലൈൻ പരിപാടിയായ ‘ഗ്ലോറിയ’യുടെ പോസ്റ്റർ പ്രകാശനം ഫാ. ഫ്രാൻസിസ് ജോസഫ്, പ്രൊജക്റ്റ് ഡയറക്ടർമാരായ ഷിനോയ് പുളിക്കൽ, റിജു ആൻഡ്രൂസ് എന്നിവർ ചേർന്ന് നിർവഹിച്ചു.
മുഖ്യാതിഥി അഹമ്മദ് അൽഹയ്ക്കി, മറ്റ് വിശിഷ്ടാതിഥികളായ ബ്രിഗേഡിയർ 'അലി മുഹമ്മദ് അൽ കബിസി, ഇസാം അൽ ഖയാത്ത്, ഫാ. ഫ്രാൻസിസ് ജോസഫ്, അഡ്വ. ബിനു മണ്ണിൽ വർഗീസ്, ജോസഫ് ജോയ് എന്നിവർക്ക് ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് മെമന്റോ നൽകി. ശ്രാവണ മഹോത്സവത്തിന്റെ വിജയത്തിന് പിന്നിലെ പ്രധാന കൺവീനർമാർക്കും കമ്മിറ്റി അംഗങ്ങൾക്കും പൊന്നാട അണിയിച്ചു. ശ്രാവണ മഹോത്സവം ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ സുധീർ തിരുനിലത്ത് പരിപാടിക്ക് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.