മനാമ: ബലിപെരുന്നാൾ പ്രമാണിച്ചുണ്ടാകുന്ന വർദ്ധിച്ച ഡിമാൻഡ് കണക്കിലെടുത്ത് ബഹ്‌റൈൻ വിപണിയിൽ ആവശ്യത്തിന് കന്നുകാലികളും മാംസവും ഉറപ്പാക്കിയതായി അധികൃതർ. പെരുന്നാൾ ഒരുക്കങ്ങളുടെ ഭാഗമായി 35,000ത്തിലധികം കന്നുകാലികളെയും 6,000 ടണ്ണിലേറെ ഇറച്ചിയും രാജ്യത്തേക്ക് ഇറക്കുമതി ചെയ്തതായി മുൻസിപ്പാലിറ്റി കാര്യ-കാർഷിക മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ആസിം അബ്ദുള്ള അറിയിച്ചു.
ഇറക്കുമതി, കശാപ്പ്, വിതരണം തുടങ്ങി എല്ലാ ഘട്ടങ്ങളിലും പൊതുജനാരോഗ്യവും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കാൻ മൃഗസംരക്ഷണ വകുപ്പിന്റെ കർശനമായ മേൽനോട്ടമുണ്ടാകും. ഏകദേശം 32,642 ആടുകൾ, 2,429 പശുക്കൾ, 130 ഒട്ടകങ്ങൾ എന്നിവയാണ് ഇതുവരെ എത്തിച്ചിട്ടുള്ളത്. ഇതിനുപുറമെ 2,014 ടൺ ഫ്രോസൺ ഇറച്ചിയും, 4,226 ടൺ ചിക്കൻ ഉൾപ്പെടെയുള്ള പൗൾട്രി ഇറച്ചിയും ലഭ്യമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ കന്നുകാലികൾ രാജ്യത്തെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. വിപണിയിലെ വിലക്കയറ്റം തടയുന്നതിനും സുഗമമായ വിതരണത്തിനും വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി ഉറപ്പാക്കിയിട്ടുണ്ട്.
പെരുന്നാൾ ദിവസങ്ങളിൽ കശാപ്പുശാലകളിൽ വിദഗ്ദ്ധരായ വെറ്ററിനറി ഡോക്ടർമാരുടെയും സാങ്കേതിക പ്രവർത്തകരുടെയും സേവനം മന്ത്രാലയം ഉറപ്പാക്കിയിട്ടുണ്ട്. അറവിന് മുൻപും ശേഷവും മൃഗങ്ങളെയും മാംസത്തെയും കൃത്യമായി പരിശോധിച്ച ശേഷമേ വിതരണത്തിന് അനുവദിക്കൂ. ഹമാല അബറ്റോയർ, സിത്രയിലെ ബഹ്‌റൈൻ ലൈവ്സ്റ്റോക്ക് കമ്പനി അബറ്റോയർ എന്നിവയുൾപ്പെടെ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള അറവ് ശാലകളിൽ വെറ്ററിനറി ഡോക്ടർമാരുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും അറവ് നടക്കുക.
ഖലീഫ ബിൻ സൽമാൻ പോർട്ട്, ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളം, കിംഗ് ഫഹദ് കോസ്‌വേ തുടങ്ങിയ എല്ലാ അതിർത്തി ചെക്ക്‌പോസ്റ്റുകളിലും ഇറക്കുമതി ചെയ്യുന്ന മാംസത്തിന്റെ ഗുണനിലവാരം പരിശോധിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന ലാബ് പരിശോധനാ സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.
ആരോഗ്യ-പരിസ്ഥിതി പ്രശ്നങ്ങൾ കണക്കിലെടുത്ത് പൊതുസ്ഥലങ്ങളിലോ അനധികൃതമായ ഇടങ്ങളിലോ വെച്ച് മൃഗങ്ങളെ ബലിനൽകരുതെന്നും ലൈസൻസുള്ള കശാപ്പശാലകൾ മാത്രമേ ഇതിനായി ഉപയോഗിക്കാവൂ എന്നും സ്വദേശികളോടും പ്രവാസികളോടും മന്ത്രാലയം അഭ്യർത്ഥിച്ചു. പെരുന്നാൾ ദിവസങ്ങളിൽ രാജ്യത്തുടനീളം കർശന പരിശോധന തുടരും.
അതേസമയം, പെരുന്നാൾ വിപണിയിൽ പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ, മറ്റ് അവശ്യസാധനങ്ങൾ എന്നിവയും സുലഭമായി ലഭ്യമാണെന്ന് ബഹ്‌റൈൻ ചേംബർ ഫുഡ് സെക്ടർ കമ്മിറ്റി ചെയർമാൻ ഖാലിദ് അൽ അമീൻ സ്ഥിരീകരിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദ്ദേശപ്രകാരം വിപണിയിലെ ചരക്കുനീക്കം കൃത്യമായി നിരീക്ഷിക്കുന്നുണ്ട്.
നിലവിലെ പ്രാദേശിക ജിയോപൊളിറ്റിക്കൽ സാഹചര്യങ്ങളും ഷിപ്പിങ് നിരക്കിലെ വർദ്ധനവും ചരക്കുനീക്കത്തിലെ താമസം വിപണിയെ ബാധിക്കാതിരിക്കാൻ മുൻകരുതലുകൾ എടുത്തിട്ടുണ്ട്. വിപണിയിൽ അരി ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങൾക്ക് കൃത്യമായ വിലസ്ഥിരത ഉറപ്പാക്കാൻ വ്യാപാരികളുമായി പ്രത്യേക ചർച്ചകൾ പൂർത്തിയാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.