സഹ്റ അൽ സാഫി ഉപഹാരം സ്വീകരിക്കുന്നു
മനാമ: കൊറിയൻ ഭാഷ സംസാര മത്സരത്തിൽ ബഹ്റൈൻ വിദ്യാർഥിക്ക് ഒന്നാം സ്ഥാനം. 76 രാജ്യങ്ങളിൽനിന്നുള്ള 1918 മത്സരാർഥികളെ പിന്തള്ളിയാണ് 19കാരിയായ സഹ്റ അൽ സാഫി ഒന്നാമതെത്തിയത്. ബഹ്റൈൻ ബ്രിട്ടീഷ് യൂനിവേഴ്സിറ്റിയിൽ വിദ്യാർഥിനിയായ സഹ്റ വ്യാഴാഴ്ച നടന്ന ഫൈനൽ മത്സരത്തിലാണ് വിജയിയായി പ്രഖ്യാപിക്കപ്പെട്ടത്. 10 പേരാണ് ഫൈനലിൽ മത്സരിച്ചത്. തുർക്കിയിൽനിന്നുള്ള വിദ്യാർഥിയാണ് രണ്ടാം സ്ഥാനം നേടിയത്.
'ഞാൻ കണ്ട കൊറിയക്കാരും കാണാനിരിക്കുന്ന കൊറിയക്കാരും' വിഷയത്തിലാണ് ദക്ഷിണ കൊറിയയിലെ സാംസ്കാരിക, സ്പോർട്സ് മന്ത്രാലയം മത്സരം സംഘടിപ്പിച്ചത്. തന്നെ സ്വാധീനിച്ച കൊറിയൻ ജനങ്ങളുടെയും സംസ്കാരത്തിെൻറയും മൂന്നു സവിശേഷതകളാണ് സഹ്റ വിവരിച്ചത്. മറ്റുള്ളവരെ അഭിനന്ദിക്കാനുള്ള കൊറിയക്കാരുടെ മനസ്സാണ് ഒന്നാമതായി പറഞ്ഞത്. അവരുടെ ആത്മാർഥത തെൻറ ആത്മവിശ്വാസം ഉയർത്തി. ഒന്നും സംസാരിക്കാതെതന്നെ മറ്റുള്ളവരുടെ മാനസിക, ശാരീരികാവസ്ഥകൾ വായിച്ചെടുക്കാനുള്ള കഴിവും മറ്റുള്ളവരെ പരിഗണിക്കുന്ന മനോഭാവവുമാണ് മറ്റു സവിശേഷതകൾ. മത്സരത്തിലെ ഫൈനലിസ്റ്റുകൾക്ക് രാജ്യത്തെ എട്ട് യൂനിവേഴ്സിറ്റികളിൽ ഒന്നിൽ പഠിക്കാനുള്ള അവസരമുണ്ടാകും. ബഹ്റൈനിലെ കൊറിയൻ എംബസി നടത്തുന്ന മനാമയിലെ കിങ് സെജോങ് ഇൻസ്റ്റിറ്റ്യൂട്ടിലാണ് സഹ്റ കൊറിയൻ ഭാഷ പഠിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.