റോയി പൂച്ചേരിൽ
മനാമ: ബഹ്റൈൻ പ്രവാസിയായ റോയി പൂച്ചേരിൽ എഴുതിയ "അക്ഷരമുറ്റത്തെ ശലഭങ്ങൾ" എന്ന കവിത 2026 അധ്യയന വർഷം സി.ബി.എസ്.ഇ ഏഴാം ക്ലാസിലെ മലയാളം പാഠപുസ്തകത്തിലേക്ക് ഉൾപ്പെടുത്തി. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പാസ്സ്വേർഡ് പബ്ലിക്കേഷൻസാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. പത്രങ്ങളിലും വാരാന്ത്യ മാസികകളിലും കവിതകളുമായി നിറഞ്ഞുനിൽക്കുന്ന ശ്രദ്ധേയമായ വ്യക്തിത്വമാണ് റോയി പൂച്ചേരിൽ.
ഒരു കൂട്ടം കവിതകളുമായി മറ്റു കവികളുമായി ചേർന്ന് മുഖം പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച "പോക്കു വെയിലിനും നിറമുണ്ട്" എന്ന പുസ്തകവും, സൃഷ്ടിപഥം പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച, "വാക്കുകൾ പൂത്തുനിൽക്കുമ്പോൾ" എന്ന പുസ്തകവും അടുത്തകാലത്ത് ഇറങ്ങിയിരുന്നു. ബഹ്റൈനിൽ കുടുംബമായി (ഭാര്യയും മകളും) താമസിക്കുന്ന റോയി പൂച്ചേരിൽ, ഒരു സ്വകാര്യസ്ഥാപനത്തിൽ ഓഫിസ് മാനേജറായി ജോലി ചെയ്യുകയാണ്. പാഠ പുസ്തകത്തിലേക്ക് തന്റെ കവിത തിരഞ്ഞെടുക്കപ്പെട്ടത് ഏറെക്കാലത്തെ കവിത എഴുത്തിന് കിട്ടിയ വലിയ അംഗീകാരമായാണ് റോയി കാണുന്നത്. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന, അഷിതാസ്മാരക സമിതി, അഖിലകേരള അടിസ്ഥാനത്തിൽ നടത്തിയ മത്സരത്തിൽ ഈ കവിത ബാലസാഹിത്യ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടുകയുണ്ടായി. പ്രവാസികൾക്കായി, പ്രത്യേകിച്ച് കവിതകളെ പ്രോത്സാഹിപ്പിക്കുന്ന എല്ലാവർക്കുമായി ഈ അംഗീകാരം സമർപ്പിക്കുന്നതായും
കവിത പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയതിൽ പാസ്സ്വേർഡ് പബ്ലിക്കേഷൻസിനോടും ലഭിച്ച ഈ വലിയ അംഗീകാരത്തിന് ആശംസകളും അനുമോദനങ്ങളും അറിയിച്ച എല്ലാവരോടും നന്ദി പ്രകാശിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ, തിരുവല്ല താലൂക്കിൽ, കോയിപ്രം ഗ്രാമപഞ്ചായത്തിൽ പുല്ലാടാണ് റോയിയുടെ ജന്മസ്ഥലം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.