മനാമ: സ്വകാര്യമേഖലയിലെ പ്രവാസി തൊഴിലാളികൾക്ക് ഇൻഡെംമ്നിറ്റി (ഗ്രാറ്റുവിറ്റി) ലഭിക്കുന്നതിനായി, സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷനിൽ (എസ്.ഐ.ഒ) രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് തൊഴിലുടമയുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തണമെന്ന് അധികൃതർ.
'സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന ബഹ്‌റൈൻ പൗരന്മാരല്ലാത്തവർക്കുള്ള എൻഡ് ഓഫ് സർവീസ് ബെനിഫിറ്റ് സിസ്റ്റം' എന്ന വിഷയത്തിൽ കഴിഞ്ഞ ദിവസം നടന്ന ഓൺലൈൻ ശിൽപശാലയിലാണ് ഈ നിർദ്ദേശം ഉയർന്നത്. പ്രവാസി തൊഴിലാളികളെ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവത്കരിക്കുന്നതിനായി പുതിയതായി ആരംഭിച്ച പരിപാടിയുടെ ഭാഗമായാണ് ഈ ശിൽപശാല നടത്തിയത്.
ജി.സി.സി പൗരന്മാരല്ലാത്ത എല്ലാ സ്വകാര്യമേഖലാ പ്രവാസികളെയും ഇൻഡെമിനിറ്റി പരിരക്ഷിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഗ്രാറ്റുവിറ്റി ലഭിക്കാൻ തൊഴിലാളികൾ എസ്.ഐ.ഒയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് അധികൃതർ ശിൽപശാലയിൽ വ്യക്തമാക്കി. തൊഴിലുടമകൾ എല്ലാ മാസവും ഇൻഷുറൻസ് വിഹിതം പൂർണ്ണമായി അടയ്ക്കാൻ ബാധ്യസ്ഥരാണ്. ബേസിക് സാലറി, സോഷ്യൽ അലവൻസ്, ഹൗസിങ് അലവൻസ്, ഗതാഗത അലവൻസ്, ബോണസ്, കമ്മീഷനുകൾ എന്നിവ ഉൾപ്പെടെയുള്ള ശമ്പള ഘടകങ്ങൾക്കനുസരിച്ച് വേതനം കൃത്യമായി അപ്ഡേറ്റ് ചെയ്യാനും അവർക്ക് ബാധ്യതയുണ്ട്.
2024 മാർച്ച് മുതൽ സ്വകാര്യമേഖലയിലെ തൊഴിലുടമകൾ ഇൻഡെംനിറ്റിക്കുള്ള പ്രതിമാസ വിഹിതം ബാങ്ക് ട്രാൻസ്ഫർ വഴി എസ്.ഐ.ഒക്ക് നൽകണം. തൊഴിലാളികൾ രാജിവെക്കുകയോ കരാർ അവസാനിക്കുകയോ ചെയ്യുമ്പോൾ എസ്.ഐ.ഒ നേരിട്ടാണ് അവർക്ക് ഇൻഡെംനിറ്റി നൽകുക.
വിഹിതം അടയ്ക്കാത്ത തൊഴിലുടമകൾക്ക് അടയ്‌ക്കേണ്ട തുകയുടെ 20 ശതമാനം അധിക പിഴ നൽകേണ്ടിവരും. കുറഞ്ഞ വിഹിതം അടയ്ക്കുന്നതിനായി തൊഴിലാളികളുടെ വേതനത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകുന്ന തൊഴിലുടമകൾക്കെതിരെയും നടപടിയെടുക്കും. ബഹ്‌റൈൻ തൊഴിൽ നിയമപ്രകാരം, ഇൻഡെംനിറ്റി എല്ലാ തൊഴിലാളികൾക്കും നിയമപരമായ അവകാശമാണ്. ഇത് അവസാനത്തെ വേതനത്തിന് പുറമേയാണ് നൽകുന്നത്. ഇൻഡെംനിറ്റിയുടെ അളവ് ആദ്യത്തെ മൂന്ന് വർഷത്തേക്ക് അര മാസത്തെ വേതനവും, തുടർന്നുള്ള ഓരോ വർഷത്തിനും ഒരു മാസത്തെ മുഴുവൻ വേതനവും ലഭിക്കും.
തൊഴിലുടമയിൽ നിന്ന് പിരിഞ്ഞുപോയ ശേഷം പ്രവാസികൾക്ക് എസ്.ഐ.ഒ വെബ്സൈറ്റ് വഴി ഗ്രാറ്റുവിറ്റിക്കായി അപേക്ഷിക്കാം. എസ്.ഐ.ഒ വെബ്സൈറ്റ് സന്ദർശിക്കുക: (sio.gov.bh)e-Key ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ഐബാൻ വിവരങ്ങൾ: നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശരിയാണെന്ന് ഉറപ്പാക്കുക. വിവരങ്ങൾ ഇല്ലെങ്കിൽ, ബഹ്‌റൈനിലെ ബാങ്കിന്റെ ഐബാൻ ഉൾപ്പെടുത്തി എസ്.ഐ.ഒയുടെ അംഗീകാരത്തിനായി അയയ്ക്കുക. അപേക്ഷ സമർപ്പിക്കുക: 'ബെനഫിറ്റ് അപ്ലിക്കേഷനിൽ ' 'Benefit Lump Sum' തിരഞ്ഞെടുത്ത ശേഷം 'End of Service' തിരഞ്ഞെടുക്കുക. നിർദ്ദേശങ്ങൾ പാലിച്ച് അപേക്ഷ സമർപ്പിക്കുക. കാലതാമസമില്ലെങ്കിൽ ഏകദേശം ഒരാഴ്ചക്കുള്ളിൽ അംഗീകാരം ലഭിക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷൻ നടപടികൾക്കുമായി പ്രവാസികൾക്ക് 17000707 എന്ന നമ്പറിൽ എസ്.ഐ.ഒയുമായി ബന്ധപ്പെടുകയോ രാജ്യത്തുടനീളമുള്ള എസ്.ഐ.ഒ ബ്രാഞ്ചുകളോ കിയോസ്‌കുകളോ സന്ദർശിക്കുകയോ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.