മനാമ: ബഹ്റൈൻ പ്രവാസിയായ സുനിൽ തോമസ് റാന്നി എഴുതിയ ആദ്യ പുസ്തകമായ ‘ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സി’ന്റെ പ്രകാശനം പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ ജൂലൈ 11ന് സംഘടിപ്പിക്കും. കെ.പി.സി.സിയുടെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസ് സൊസൈറ്റിയാണ് പ്രസിദ്ധീകരിക്കുന്നത്. പ്രകാശന ചടങ്ങിൽ പ്രിയദർശിനി പബ്ലിക്കേഷൻസ് ചെയർമാനും കെ.പി.സി.സി പ്രസിഡന്റുമായ സണ്ണി ജോസഫ് എം.എൽ.എ പുസ്തക പ്രകാശനം നിർവഹിക്കും. പ്രിയദർശിനി പബ്ലിക്കേഷൻസ് വൈസ് ചെയർമാൻ പഴകുളം മധുവിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി പുസ്തകത്തിന്റെ ആദ്യപ്രതി സ്വീകരിക്കും. ചടങ്ങിൽ ഡി.സി.സി പ്രസിഡൻറ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ, പ്രിയദർശിനി പബ്ലിക്കേഷൻ പത്തനംതിട്ട ജില്ല കോഓഡിനേറ്റർ ജി. രഘുനാഥ് തുടങ്ങിയവർ പങ്കെടുക്കും.
യാത്ര അനുഭവങ്ങളോടൊപ്പം യാത്ര നിർദേശങ്ങളും നൽക്കുന്ന സുനിൽ തോമസ് റാന്നി ഏറെക്കാലമായി ബഹ്റൈൻ പ്രവാസിയാണ്. ടൂറിസം രംഗത്ത് തനതായ തനി ഗ്രാമീണ നാടൻ ടൂറിസം പ്രോത്സഹനത്തിന്റെ ആവശ്യകത എടുത്തുപറഞ്ഞുകൊണ്ട് എഴുതിയിരിക്കുന്ന പുസ്തകം നാടൻ യാത്ര പ്രേമികൾക്ക് നല്ലൊരു റഫറൻസ് ഗ്രന്ഥമായിരിക്കുമെന്ന് രചയിതാവ് പറഞ്ഞു. കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ വിശേഷിച്ച് പത്തനംതിട്ട ജില്ലയിൽ ഇനിയും ഏറെ വികസന പാതയിൽ എത്താവുന്ന രീതിയിലുള്ള നിർദേശങ്ങൾകൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള പുസ്തകമാണ് ഇറങ്ങുന്നത്. ബഹ്റൈനിൽ റിക്രൂട്ട്മെൻറ് കൺസൽട്ടൻസി സർവിസ് സ്വന്തമായി സ്ഥാപന നടത്തുകയാണ് സുനിൽ തോമസ്. പത്തനംതിട്ട ജില്ലയിലെ റാന്നി കീക്കൊഴൂർ സ്വദേശിയാണ് ഭാര്യ ബിൻസി സ്വകാര്യ സ്ഥാപനത്തിൽ നഴ്സായി ബഹ്റൈനിൽ ജോലി ചെയ്യുന്നു. ഇരട്ട കുട്ടികൾ മൂന്നു വയസ്സുള്ള ഹർലീൻ ഗ്ലോറി സുനിൽ, ഹന്ന റിയ സുനിൽ എന്നിവർ മക്കളാണ്. പുസ്തകം പ്രകാശനത്തിനുശേഷം ആമസോൺ അടക്കം ഓൺലൈൻ സൈറ്റുകളിൽ ലഭ്യമാക്കുന്നതാണ്. പ്രിയദർശിനി പബ്ലിക്കേഷൻസ് ബഹ്റൈൻ ചാപ്റ്റർ രൂപവത്കരിച്ചശേഷം പുറത്തിറക്കുന്ന ആദ്യ പുസ്തകം ആണ് ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.