അംജദ് അൽ മഹാരി ചികിത്സക്കിടെ
മനാമ: യു.എസിനു പുറത്ത് അരിവാൾ രോഗം അത്യാധുനിക സംവിധാനങ്ങളോടെ ഭേദമാക്കുന്ന ആദ്യ രാജ്യമായി മാറി ആരോഗ്യ മേഖലയിൽ അപൂർവ നേട്ടം കൈവരിച്ചിരിക്കുകയാണ് ബഹ്റൈൻ. സിക്കിൾ സെൽ ഡിസീസ് ബാധിച്ച 24കാരനായ ബഹ്റൈനി സ്വദേശി അംജദ് അൽ മഹാരിയാണ് രോഗമുക്തിനേടിയത്. ബഹ്റൈനിലെ ഓങ്കോളജി സെന്ററിൽ നടന്ന ജീൻ എഡിറ്റിങ് സാങ്കേതിക വിദ്യയിലൂടെ മജ്ജമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയാണ് അംജദിനെ രാജ്യത്തെ മെഡിക്കൽ വിദഗ്ധർ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
ശസ്ത്രക്രിയക്കുശേഷം കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ആശുപത്രിയിൽ രോഗിയെ സന്ദർശിക്കുകയും സുഖവിവരങ്ങൾ ആരായുകയും ചെയ്തിരുന്നു. പൗരന്മാർക്ക് അത്യാധുനവും മികച്ചതുമായ ആരോഗ്യ പരിചരണം നൽകുന്നതിൽ രാജ്യം കാണിക്കുന്ന സൂക്ഷ്മതയും പ്രതിബദ്ധതയും പ്രശംസാവഹമാണ്. മെഡിക്കൽ രംഗം കൈവരിക്കുന്ന നേട്ടങ്ങൾക്കുപിന്നിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെയും കിരീടാവകാശിയുടെയും ദീർഘവീക്ഷണങ്ങളും നിർദേശങ്ങളും പിന്തുണയുമുണ്ട്.
ഒരു വർഷം മുമ്പാണ് അംജദിനെ രോഗചികിത്സക്കായി പരിചരിച്ചുതുടങ്ങിയത്. അന്നുമുതൽ തന്റെ രോഗവിവരങ്ങളും ചികിത്സാ കാര്യങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരുന്ന കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫക്കും ആർ.എം.എസ് മെഡിക്കൽ സംഘത്തിനും അംജദ് നന്ദി അറിയിച്ചു. കഠിനമായ വേദനയിൽനിന്ന് മുക്തമാകാനും സമാന രോഗമുള്ളവർക്ക് പ്രത്യാശ നൽകാനും വിജയകരമായ ഈ ശസ്ത്രക്രിയകൊണ്ട് കാരണമായെന്നും രോഗചികിത്സക്കും മറ്റും മകൻ പേടികൂടാതെ ഉത്സാഹത്തോടെ സമ്മതിച്ചതിലും അതിയായ സന്തോഷമുണ്ടെന്ന് അംജദിന്റെ മാതാവ് പ്രാദേശിക പത്രത്തോട് പറഞ്ഞു.
വിജയകരമായ ചികിത്സക്കും രാജ്യം കൈവരിച്ച ഖ്യാതിക്കും ശേഷം രോഗിയെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തതായി റോയൽ മെഡിക്കൽ സർവിസ് (ആർ.എം.എസ്) അറിയിച്ചു. ബഹ്റൈൻ ഓങ്കോളജി സെന്ററിന്റെ ഈ നേട്ടം ആരോഗ്യ പരിചരണരംഗത്ത് രാജ്യം കൈവരിച്ച വികസനത്തെ പ്രതിഫലിപ്പിക്കുന്നതാണെന്ന് റോയൽ മെഡിക്കൽ സർവിസ് ആർ.എം.എസ് കമാൻഡർ ജനറൽ ഡോ. ശൈഖ് ഫഹദ് ബിൻ ഖലീഫ ആൽ ഖലീഫ പറഞ്ഞു.
എല്ലാ പൗരന്മാർക്കും രാജ്യത്ത് താമസിക്കുന്നവർക്കും ഉയർന്ന നിലവാരത്തിലുള്ള ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനും നൂതനമായ ചികിത്സ രീതികൾ ഉപയോഗിക്കുന്നതിനും അന്താരാഷ്ട്ര ആരോഗ്യ സ്ഥാപനങ്ങളുമായും സംഘടനകളുമായുമുള്ള സഹകരണം വർധിപ്പിക്കുന്നതിനും ആർ.എം.എസ് പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ജനിതക കാരണത്താൽ ചുവന്ന രക്ത കോശങ്ങൾക്ക് വരുന്ന അസാധാരണ രൂപമാറ്റം സംഭവിക്കുന്ന അവസ്ഥയാണ് അരിവാൾ രോഗം, അഥവാ സിക്കിൾ സെൽ ഡിസീസ്. നാലു മാസം പ്രായമുള്ള കുട്ടികളിൽ മുതൽ മുതിർന്നവരിലും രോഗം കാണപ്പെടാമെന്നാണ് വിദഗ്ധരും പഠനങ്ങളും പറയുന്നത്.
സിക്കിൾ സെൽ ഡിസീസ് രോഗ പരിചരണത്തിൽ വിജയം കൈവരിച്ച ബഹ്റൈന് ലോകാരോഗ്യ സംഘടനയുടെ (ഡ.ബ്ല്യു.എച്ച്.ഒ) പ്രശംസ. അംജദ് അൽ മഹാരിയുടെ രോഗമുക്തിക്ക് കാരണമായ രാജ്യത്തെ ആരോഗ്യ മേഖലയിലെ നേട്ടങ്ങൾക്ക് ഡബ്ല്യു.എച്ച്.ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസാണ് എക്സിലൂടെ പ്രശംസകളറിയിച്ചത്. ലോകത്തെ മികച്ച ആരോഗ്യ പരിചരണം രാജ്യത്തെ ജനങ്ങൾക്ക് നൽകാൻ ശാസ്ത്രലോകത്ത് നിങ്ങൾ സമർപ്പിക്കുന്ന സംഭാവനകൾക്ക് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടെഡ്രോസ് അദാനോം ഗെബ്രിയേസസ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.