മനാമ: ലോക ടൂറിസം ഭൂപടത്തിൽ ഇടംപിടിച്ച ബഹ്റൈനിലേക്ക് മറ്റൊരു അന്താരാഷ്ട്ര ടൂറിസം ഇവന്റ് കൂടി. യുഎൻ വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ (യു.എൻ.ഡബ്ല്യു.ടി.ഒ) 2024ൽ നടക്കുന്ന ഗ്യാസ്ട്രോണമി ടൂറിസത്തെക്കുറിച്ചുള്ള ഒമ്പതാമത് വേൾഡ് ഫോറത്തിന് ആതിഥേയത്വം വഹിക്കാനുള്ള അവസരമാണ് രാജ്യത്തിന് ലഭിച്ചത്.
ഭക്ഷണവും സംസ്കാരവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പഠനമാണ് ഗ്യാസ്ട്രോണമി. ഭക്ഷണം തയാറാക്കുകയും വിളമ്പുകയും ചെയ്യുന്ന കല, പ്രത്യേക പ്രദേശങ്ങളിലെ പാചകരീതികൾ, നല്ല ഭക്ഷണത്തിന്റെ ശാസ്ത്രം എന്നിവയാണ് ഇതിന്റെ പരിവൃത്തത്തിൽ വരുന്നത്. സ്പെയിനിൽ നടന്ന ഗ്യാസ്ട്രോണമി ടൂറിസത്തെക്കുറിച്ചുള്ള എട്ടാമത് വേൾഡ് ഫോറത്തിന്റെ ഭാഗമായാണ് ഈ പ്രഖ്യാപനം നടത്തിയത്.
സ്പാനിഷ് സർക്കാറിന്റെ പിന്തുണയോടെ യു.എൻ.ഡബ്ല്യു.ടി.ഒ ബാസ്ക് പാചക കേന്ദ്രവും സംയുക്തമായാണ് ഈ വർഷത്തെ ഫോറം സംഘടിപ്പിച്ചത്. അടുത്ത വർഷത്തെ ഫോറമാണ് ബഹ്റൈനിൽ നടക്കുക. ആദ്യമായാണ് മിഡിൽ ഈസ്റ്റിൽ ഈ പരിപാടി നടക്കാൻ പോകുന്നത്. പാചക, ഭക്ഷണ പ്രേമികളെ കാത്ത് അസുലഭ അവസരമാണ് വരാൻ പോകുന്നത്.
പ്രാദേശിക ഉൽപാദകരെ സന്ദർശിക്കുക, ഭക്ഷ്യമേളകളിൽ പങ്കെടുക്കുക, പാചക ക്ലാസുകളിൽ പങ്കെടുക്കുക തുടങ്ങിയ മറ്റ് അനുബന്ധ പ്രവർത്തനങ്ങളും ഫോറത്തിന്റെ ഭാഗമായി സഞ്ചാരികൾക്ക് ലഭിക്കും. ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി (ബി.ടി.ഇ.എ) സഖീറിലെ എക്സിബിഷൻ വേൾഡിലാണ് ഫോറം സംഘടിപ്പിക്കുന്നത്. ഫോറം ആദ്യമായി മിഡിൽ ഈസ്റ്റിലേക്ക് കൊണ്ടുവരുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് യു.എൻ.ഡബ്ല്യു.ടി.ഒ സെക്രട്ടറി ജനറൽ സുറബ് പൊളോലികാഷ്വിലി പറഞ്ഞു.
ബഹ്റൈനിന്റെ സമ്പന്നമായ പൈതൃകവും ലോകത്തിനുമുന്നിൽ പങ്കുവെക്കാനുള്ള അവസരമാണിതെന്ന് ബി.ടി.ഇ.എ ചീഫ് എക്സിക്യൂട്ടിവ് ഡോ. നാസർ ഖാഇദി പറഞ്ഞു. ടൂറിസം വികസനത്തിൽ ഇത് ഒരു നാഴികക്കല്ലാകും. ഗ്യാസ്ട്രോണമി ടൂറിസത്തിൽ ആഗോളതലത്തിൽ വരുന്ന മാറ്റങ്ങളും നവീകരണവും ബി.ടി.ഇ.എ പിന്തുടർന്നുവരുകയാണ്. ലോകമെമ്പാടും നടക്കുന്ന കൺവെൻഷനുകളിലും എക്സിബിഷനുകളിലും പങ്കെടുക്കാറുണ്ട്.
ബഹ്റൈനിനെ പ്രമുഖ ടൂറിസം മേഖലയാക്കി മാറ്റുന്നതിനുള്ള ടൂറിസം നയവുമായി ബന്ധപ്പെടുത്തിയാണ് പരിപാടികൾ നടത്തുക. വിനോദസഞ്ചാരികൾക്ക് ആസ്വാദ്യകരമായ പാചക അഭിരുചികളുടെ വൈവിധ്യമാർന്ന സംയോജനം ബഹ്റൈനിലുണ്ട്. സമ്പന്നമായ പാരമ്പര്യം, നാഗരികതകളുടെയും സംസ്കാരങ്ങളുടെയും സംയോജനം, പ്രാദേശിക പാചക വൈവിധ്യം, വൈവിധ്യമാർന്ന അഭിരുചികൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തിന്റെ മികച്ച രുചിയും പാചക അനുഭവവും ഫോറം പകർന്നുനൽകും. ഇത് ടൂറിസം കുതിപ്പ് വർധിപ്പിക്കുമെന്നും ഡോ. ഖാഇദി പറഞ്ഞു.
2024ലെ ഗൾഫ് ടൂറിസത്തിന്റെ തലസ്ഥാനമായി മനാമയെ തിരഞ്ഞെടുത്തിരിക്കുന്നു. ഉയർന്ന നിലവാരമുള്ള നിരവധി ടൂറിസം സംരംഭങ്ങളുടെ ആരംഭത്തിന് ഇത് തുടക്കം കുറിക്കും. ജി.സി.സി പൗരന്മാർക്കും താമസക്കാർക്കും അനുയോജ്യമായ പ്രത്യേക യാത്രാ പാക്കേജുകളും ഇതോടൊപ്പം അവതരിപ്പിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.