യു.ഡി.എഫ് പ്രകടനപത്രികയെ സ്വാഗതം ചെയ്ത് ബഹ്‌റൈൻ യു.ഡി.എഫ് നേതൃത്വം

മനാമ: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫ് പുറത്തിറക്കിയ പ്രകടനപത്രികയിൽ പ്രവാസികൾക്ക് അർഹമായ പ്രാധാന്യം നൽകിയതിനെ ബഹ്‌റൈൻ യു.ഡി.എഫ് നേതൃത്വം സ്വാഗതം ചെയ്തു. കഴിഞ്ഞ മാസം ബഹ്‌റൈൻ സന്ദർശിച്ച കെ.പി.സി.സി അധ്യക്ഷനുമായി നടത്തിയ ചർച്ചയിൽ യു.ഡി.എഫ് ബഹ്‌റൈൻ ഘടകം മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ പത്രികയിൽ ഉൾപ്പെടുത്തിയതായി നേതാക്കൾ അവകാശപ്പെട്ടു. പ്രവാസികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും പുനരധിവാസം ഉറപ്പാക്കുന്നതിനുമായി സമഗ്രമായ വാഗ്ദാനങ്ങളാണ് പത്രികയിലുള്ളത്.

പ്രവാസി പെൻഷൻ വർദ്ധിപ്പിക്കും. 60 വയസ്സ് കഴിഞ്ഞവർക്കും പ്രവാസി ക്ഷേമനിധിയിൽ അംഗമാകാൻ അവസരം നൽകും. ക്ഷേമനിധി ബോർഡിനുള്ള സർക്കാർ വിഹിതം ഉയർത്തും. തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചെത്തുന്നവർക്കായി സമഗ്രമായ പുനരധിവാസ പദ്ധതി. കേന്ദ്ര സർക്കാരുമായി സഹകരിച്ച് എമിഗ്രേഷൻ ഇനത്തിലുള്ള ഫണ്ട് പ്രയോജനപ്പെടുത്തി വിപുലമായ പദ്ധതികൾ നടപ്പിലാക്കും.

തിരിച്ചെത്തുന്ന പ്രവാസികൾക്കും അവരുടെ മാതാപിതാക്കൾക്കും നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ മുൻഗണന നൽകും. പ്രവാസികളുടെ ഭൂമിയും സ്വത്തുക്കളും സംരക്ഷിക്കുന്നതിനും കൈയേറ്റങ്ങൾ തടയുന്നതിനും കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനുമായി പ്രത്യേക പ്രവാസി ട്രൈബ്യൂണൽ സ്ഥാപിക്കും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രവാസി സ്റ്റാൻഡിങ് കമ്മിറ്റികൾ രൂപീകരിക്കും. കുടുംബശ്രീ മാതൃകയിൽ പ്രവാസി അയൽക്കൂട്ടങ്ങളും ചെറുകിട സംരംഭങ്ങളും ആരംഭിക്കും. പ്രവാസികൾക്കായി കെ.ഐ.എ.എൽ മാതൃകയിൽ കോർപ്പറേഷനുകൾ, സ്കിൽ മാപ്പിംഗ് കേന്ദ്രങ്ങൾ, തിരിച്ചെത്തുന്നവർക്ക് പ്രത്യേക തിരിച്ചറിയൽ കാർഡ് എന്നിവ നടപ്പിലാക്കും. നോർക്ക സഹായങ്ങൾ ലഭിക്കാനുള്ള നിബന്ധനകൾ ലഘൂകരിക്കും.

കഴിഞ്ഞ പത്തു വർഷമായി പ്രവാസികളെ അവഗണിക്കുന്ന സർക്കാരിനെ താഴെയിറക്കാൻ പ്രവാസികൾ മുന്നിലുണ്ടാകുമെന്ന് ബഹ്‌റൈൻ യു.ഡി.എഫ് നേതാക്കളായ രാജു കല്ലുമ്പുറം, കുട്ടൂസ മുണ്ടേരി, ബിനു കുന്നന്താനം, ഹബീബ് റഹ്‌മാൻ, ഗഫൂർ ഉണ്ണികുളം, അസൈനാർ കളത്തിങ്ങൽ, ബോബി പാറയിൽ, ശംസുദ്ധീൻ വെള്ളികുളങ്ങര, അഷ്‌റഫ്‌ കാട്ടിൽ പീടിക, കെ.പി മുസ്തഫ, മനു മാത്യു, നിസാർ കുന്നംകുളത്തിങ്ങൽ, എ.പി ഫൈസൽ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.

Tags:    
News Summary - Bahrain UDF leadership welcomes UDF manifesto

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.