കാർ വാഷറെ തട്ടിക്കൊണ്ടുപോയി 500 ദീനാർ കവർന്ന കേസിൽ വിചാരണ തുടങ്ങി

മനാമ: വിദേശ തൊഴിലാളിയായ കാർ വാഷറെ തട്ടിക്കൊണ്ടുപോയി 500 ബഹ്റൈൻ ദിനാർ കവർന്നെന്ന കേസിൽ മുൻ ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട രണ്ട് സ്വദേശികൾക്കെതിരെ ഹൈ ക്രിമിനൽ കോടതിയിൽ വിചാരണ തുടരുന്നു. 46, 32 വയസ്സുള്ള പ്രതികൾ തൊഴിലാളിയെ ബലമായി കാറിൽ കയറ്റി തടങ്കലിലാക്കുകയും പണവും കവർന്നെടുക്കുകയും ചെയ്തെന്നാണ് കേസ്.

ജൂലൈ 25ന് പുലർച്ചെ 2.43ഓടെ അപ്പാർട്ട്മെന്റ് കെട്ടിടത്തിന് സമീപം നിൽക്കുകയായിരുന്ന തൊഴിലാളിയെ വെള്ള കാറിലെത്തിയ പ്രതികൾ ക്വർച്ചക്കിരയാക്കിയതായാണ് പരാതി. ഒരാൾ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി ഇയാളെ പിടിച്ചുവലിച്ച് കാറിൽ കയറ്റുകയായിരുന്നു.

പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയാണെന്ന് പറഞ്ഞ് തൊഴിലാളിയുടെ മൊബൈൽ ഫോൺ വാങ്ങിയശേഷം പണം ആവശ്യപ്പെട്ടതായും പരാതിക്കാരൻ കോടതിയിൽ മൊഴി നൽകി. തുടർന്ന് പോക്കറ്റിൽ നിന്ന് വാലറ്റ് എടുത്ത് ഡ്രൈവറുടെ കൈയിൽ ഏൽപ്പിക്കുകയും അതിലുണ്ടായിരുന്ന 500 ദിനാർ കൈക്കലാക്കുകയും ചെയ്തെന്നാണ് ആരോപണം. പിന്നീട് ഹൂറയിൽ ഇറക്കിവിട്ട പ്രതികൾ മൊബൈൽ ഫോൺ തിരികെ നൽകിയതായും പരാതിക്കാരൻ പറഞ്ഞു.

പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ സുരക്ഷാ ക്യാമറ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. ദൃശ്യങ്ങളിൽ പ്രതികൾ തൊഴിലാളിയെ കാറിലേക്ക് ബലമായി കയറ്റുന്നതും ഡ്രൈവർ പുറത്തിറങ്ങി സഹായിക്കുന്നതും പതിഞ്ഞിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയെ അറിയിച്ചു.

32കാരനെ ആദ്യം അറസ്റ്റ് ചെയ്തപ്പോൾ ഇയാൾ ഓടിച്ചിരുന്ന വാഹനം മാതാവിന്റെ പേരിലാണെന്ന് കണ്ടെത്തി. ഇരുവരും കുറ്റം സമ്മതിച്ചതായും 46കാരൻ സഹപ്രതിയുടെ നിർദേശപ്രകാരമാണ് കുറ്റകൃത്യത്തിൽ ഉൾപ്പെട്ടതെന്ന് പറഞ്ഞതായും അന്വേഷണ സംഘം വ്യക്തമാക്കി. പ്രതിഭാഗത്തിന്റെ വാദം കേൾക്കുന്നതിനായി കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റി.

Tags:    
News Summary - Trial begins for two men who kidnapped car washer and stole 500 BHD

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.