ബഹ്‌റൈനിൽ മെറ്റൽ സിലിണ്ടറുകൾക്ക് പകരം ഫൈബർഗ്ലാസ് ഗ്യാസ് സിലിണ്ടറുകൾ അവതരിപ്പിക്കാൻ നിർദ്ദേശം
മനാമ: വീടുകളിലെ ഉപയോഗത്തിനായി പരമ്പരാഗത ഇരുമ്പ് എൽപിജി സിലിണ്ടറുകൾക്ക് പകരം സുതാര്യമായ ഫൈബർഗ്ലാസ് സിലിണ്ടറുകൾ പ്രയോജനപ്പെടുത്താൻ അധികൃതരോട് ആവശ്യപ്പെട്ട് ബഹ്‌റൈനിലെ മുനിസിപ്പൽ കൗൺസിലുകൾ. ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യവും സുരക്ഷയും നൽകാൻ ഈ മാറ്റത്തിന് സാധിക്കുമെന്ന് കൗൺസിൽ അംഗങ്ങൾ ചൂണ്ടിക്കാട്ടി.
മുഹറഖ്, സതേൺ മുനിസിപ്പൽ കൗൺസിലുകൾ നൽകിയ സമഗ്ര നിർദ്ദേശത്തെത്തുടർന്ന്, വ്യവസായ വാണിജ്യ മന്ത്രാലയം ഫൈബർഗ്ലാസ് സിലിണ്ടറുകളുടെ പ്രായോഗികതയും സാങ്കേതിക വശങ്ങളും പഠിക്കാൻ ഒരു വിദഗ്ധ പഠനം ആരംഭിച്ചിട്ടുണ്ട്.
സിലിണ്ടറിന് വെളിയിലൂടെ തന്നെ ഉള്ളിലെ ഗ്യാസിന്റെ അളവ് വ്യക്തമായി കാണാൻ സാധിക്കും എന്നതാണ് ഇതിന്റെ പ്രധാന നേട്ടം. കൂടാതെ സിലിണ്ടർ തൂക്കി നോക്കുകയോ കുലുക്കി നോക്കുകയോ ചെയ്യാതെ തന്നെ എത്ര ഗ്യാസ് ബാക്കിയുണ്ടെന്ന് അറിയാൻ ഇത് സഹായിക്കും. സിലിണ്ടർ എപ്പോൾ തീരും എന്ന് കൃത്യമായി മനസ്സിലാക്കാൻ കഴിയുന്നതിനാൽ, ഗ്യാസ് തീരുന്നതിന് മുൻപ് തന്നെ പുതിയ കണക്ഷൻ ബുക്ക് ചെയ്യാൻ സാധിക്കും.
തനതായ ഫൈബർഗ്ലാസ്, പോളിമർ ഘടകങ്ങൾ കൊണ്ട് നിർമ്മിച്ചതിനാൽ തീരദേശ മേഖലകളിൽ ഉണ്ടാകുന്ന ലവണാംശം മൂലമുള്ള തുരുമ്പെടുക്കലിനെയും ഇത് പ്രതിരോധിക്കും. ഇരുമ്പ് സിലിണ്ടറുകളേക്കാൾ ഭാരം വളരെ കുറവായതിനാൽ പ്രായമായവർക്കും കൈകാര്യം ചെയ്യാനും മാറ്റിസ്ഥാപിക്കാനും എളുപ്പമാണ്. കടുത്ത ചൂടോ തീയോ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ ഇരുമ്പ് സിലിണ്ടറുകൾ പോലെ പെട്ടെന്ന് പൊട്ടിത്തെറിക്കാനുള്ള സാധ്യത കുറവാണ്.
മന്ത്രാലയത്തിന്റെ ഇൻസ്‌പെക്ഷൻ ആൻഡ് മെട്രോളജി വിഭാഗം ജിസിസിയിലെ സാങ്കേതിക മാനദണ്ഡങ്ങൾ ഇതിനകം അവലോകനം ചെയ്തിട്ടുണ്ട്. സിവിൽ ഡിഫൻസിന്റെ പങ്കാളിത്തത്തോടെ സുരക്ഷാ പരിശോധനകളും നടന്നു വരുന്നു. പഠന റിപ്പോർട്ട് പൂർത്തിയായ ശേഷം തുടർനടപടികൾക്കായി കൗൺസിലുകൾക്ക് സമർപ്പിക്കും. യുഎഇ അടുത്തിടെ ഫൈബർഗ്ലാസ് സിലിണ്ടറുകൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും, ഉള്ളിലെ ഗ്യാസ് കാണാൻ സാധിക്കുന്ന സുതാര്യമായ മോഡലുകൾ പൂർണ്ണമായും നടപ്പിലാക്കുന്ന ആദ്യ ജിസിസി രാജ്യങ്ങളിലൊന്നായി ബഹ്‌റൈൻ മാറിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.