ലൈസൻസില്ലാതെ ക്ലീനിങ് ജോലി; ബഹ്റൈനിൽ രണ്ട് വിദേശ വനിതകൾക്ക് പിഴയും വിലക്കും

മനാമ: തൊഴിൽ അനുമതിയില്ലാതെ മണിക്കൂർ അടിസ്ഥാനത്തിൽ ക്ലീനിങ് ജോലികൾ ചെയ്ത രണ്ട് വിദേശ വനിതകൾക്ക് ബഹ്റൈനിൽ 10 ദീനാർ വീതം പിഴ ചുമത്തുകയും മൂന്ന് വർഷത്തേക്ക് രാജ്യാന്തര വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. ഇവരെ അനുമതിയില്ലാതെ ജോലിക്ക് നിയോഗിച്ച പുരുഷ തൊഴിലുടമക്ക് ലോവർ ക്രിമിനൽ കോടതി 2,000 ദീനാർ പിഴ വിധിച്ചു.

കുറ്റക്കാരിയായി കണ്ടെത്തിയ വനിതകളിൽ ഒരാൾ ലോവർ ക്രിമിനൽ കോടതിയിലും ഹൈ ക്രിമിനൽ അപ്പീൽ കോടതിയിലും തുടർന്ന് കാസേഷൻ കോടതിയിലും അപ്പീൽ നൽകിയെങ്കിലും മൂന്ന് കോടതികളും മുൻ വിധി ശരിവെക്കുകയായിരുന്നു. ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി ഇൻസ്‌പെക്ടറുടെ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രം കുറ്റം ചുമത്താനാകില്ലെന്നും കുറ്റസമ്മതത്തിന് കൂടുതൽ തെളിവുകളില്ലെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചെങ്കിലും കോടതി ഇത് തള്ളി.

സോഷ്യൽ മീഡിയ വഴിയും ഇൻസ്റ്റാഗ്രാമിലും പരസ്യം നൽകി മണിക്കൂർ അടിസ്ഥാനത്തിൽ വീടുകളിലേക്ക് ഗാർഹിക തൊഴിലാളികളെ എത്തിച്ചുനൽകുന്ന ഏജൻസികളെക്കുറിച്ച് എൽ.എം.ആർ.എ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്. ഇൻസ്റ്റാഗ്രാം പരസ്യത്തിൽ കണ്ട നമ്പറിലേക്ക് എൽ.എം.ആർ.എ ഉദ്യോഗസ്ഥർ ക്ലീനർമാരെ ആവശ്യപ്പെട്ട് ബന്ധപ്പെടുകയും, നിശ്ചിത സ്ഥലത്ത് എത്തിയപ്പോൾ ഇവരെ പിടികൂടുകയുമായിരുന്നു.

ശിക്ഷാ നടപടികളുടെ ഭാഗമായി രണ്ട് വനിതാ തൊഴിലാളികളെയും നാടുകടത്താനും മൂന്ന് വർഷത്തേക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയാനും ഉത്തരവുണ്ട്. അംഗീകൃത ഏജൻസികൾ വഴി മാത്രം ഗാർഹിക തൊഴിലാളികളെ നിയമിക്കണമെന്നും തൊഴിലാളികളുടെ തിരിച്ചറിയൽ രേഖകളും മെഡിക്കൽ പരിശോധനാ രേഖകളും പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും ഹിദ്ദ് പോലീസ് സ്റ്റേഷൻ തലവൻ കേണൽ ഡോ. ഉസാമ ബഹാർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. നിലവിൽ എൽ.എം.ആർ.എ വെബ്‌സൈറ്റ് പ്രകാരം 120 അംഗീകൃത മാൻപവർ ഏജൻസികൾക്ക് രാജ്യത്ത് പ്രവർത്തിക്കാൻ അനുമതിയുണ്ട്.

Tags:    
News Summary - Two foreign women fined and banned in Bahrain for working as cleaning staff without a license

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.