മനാമ ഇന്ത്യൻ സ്‌കൂളിൽ സംഘടിപ്പിച്ച ബഹ്‌റൈൻ മോഡൽ യുനൈറ്റഡ് നേഷൻസ് കോൺഫറൻസിൽ നിന്ന്

മോഡൽ യുനൈറ്റഡ് നേഷൻസ് കോൺഫറൻസ്; നേതൃപാടവം മിനുക്കി വിദ്യാർഥികൾ

മനാമ: ഇന്ത്യൻ സ്‌കൂളിൽ സംഘടിപ്പിച്ച ബഹ്‌റൈൻ മോഡൽ യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് വിദ്യാർഥികളുടെ നേതൃപാടവത്തിന് മാറ്റുകൂട്ടി. രാജ്യത്തെ പ്രമുഖ സ്കൂളുകളിൽ നിന്നുള്ള ഏകദേശം 370 വിദ്യാർഥി പ്രതിനിധികൾ ദ്വിദിന സമ്മേളനത്തിൽ ഒത്തുചേർന്നു. നിർണായകമായ ആഗോള വിഷയങ്ങളിൽ ചർച്ചകൾ നടത്താനും നേതൃപാടവം വളർത്താനും നയതന്ത്രം, അന്താരാഷ്ട്ര ബന്ധങ്ങൾ എന്നിവയെക്കുറിച്ച് പ്രായോഗിക അറിവ് നേടാനും സമ്മേളനം അവസരമൊരുക്കി.

ഇസ ടൗൺ കാമ്പസിലെ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിന് സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ് തിരിതെളിയിച്ചു. പ്രിൻസിപ്പൽ ശാന്ത കുമാർ ദസരി, ജൂനിയർ വിങ് പ്രിൻസിപ്പൽ പമേല സേവ്യർ, അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ രാജേഷ് നായർ, എം.യു.എൻ ഡയറക്ടർ ഛായ ജോഷി, സെക്രട്ടറി ജനറൽ ജോയൽ ഷൈജു, ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഇവാന റേച്ചൽ ബിനു, സംഘാടക സമിതി സ്റ്റുഡന്റ് ഡയറക്ടർ ആര്യൻ സത്യൻ ദാസ്, ഗവേഷണ-പരിശീലന വിഭാഗം സ്റ്റുഡന്റ് ഡയറക്ടർ സഞ്ജയ് പ്രജി എന്നിവർ സന്നിഹിതരായിരുന്നു. ഇന്ത്യൻ സ്കൂൾ, അബ്ദുൾ റഹ്മാൻ കാനൂ ഇന്റർനാഷണൽ സ്കൂൾ, അൽ നൂർ ഇന്റർനാഷണൽ സ്കൂൾ, ഏഷ്യൻ സ്കൂൾ, ബഹ്‌റൈൻ ബയാൻ സ്കൂൾ, ബഹ്‌റൈൻ ഇന്ത്യൻ സ്കൂൾ, ഇബ്ൻ അൽ ഹൈതം ഇസ്‍ലാമിക് സ്കൂൾ, ന്യൂ ഹൊറൈസൺ സ്കൂൾ, ന്യൂ ഇന്ത്യൻ സ്കൂൾ, ന്യൂ മില്ലേനിയം സ്കൂൾ, സെന്റ് ക്രിസ്റ്റഫേഴ്സ് സ്കൂൾ തുടങ്ങി നിരവധി സ്കൂളുകളിൽ നിന്നുള്ള ആറു മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾ സമ്മേളനത്തിൽ പങ്കെടുത്തു.

സമ്മേളനത്തിന് നൽകിയ പിന്തുണക്കും പ്രോത്സാഹനത്തിനുമുള്ള ആദരസൂചകമായി, സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ്, പ്രിൻസിപ്പൽ ശാന്ത കുമാർ ദസരി എന്നിവർക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു.

വയിൽ ഫാർമസി, യുനീകോ, ഫോർഡ്, ഐ.ഡി.പി , അൽമറായി, എം.ഐ.ടി, അൽമൊയ്യദ് മോട്ടോഴ്സ്, ടൈലോസ്, ബ്ലൂ സ്കൈ ട്രേഡിങ് എന്നിവർ സ്പോൺസർമാരായിരുന്നു. ഇന്ന് നടക്കുന്ന അവാർഡ് ദാന ചടങ്ങോടെ സമ്മേളനം സമാപിക്കും. മികച്ച പ്രകടനം, നയതന്ത്രപാടവം, ഗവേഷണ മികവ്, നേതൃപാടവം, വാദപ്രതിവാദ ശേഷി എന്നിവ പ്രകടിപ്പിച്ച പ്രതിനിധികളെ ചടങ്ങിൽ ആദരിക്കും.

Tags:    
News Summary - Bahrain Model UN Conference Empowers Students with Diplomatic Skills

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.