ബഹ്റൈനിൽനിന്ന് ഖത്തറിലേക്ക് പുറപ്പെടുന്ന ഫെരി സർവിസ്
മനാമ: മനാമ: ബഹ്റൈനും ഖത്തറും തമ്മിലുള്ള പാസഞ്ചർ കടൽ സർവിസിന് തുടക്കം. സമുദ്ര പാതയിലൂടെ ഖത്തറിലേക്കുള്ള യാത്രാ തുടക്കത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ടൂറിസം, വിനോദം, വാണിജ്യ മേഖലകളിൽ മികച്ച അവസരങ്ങൾക്കാണ് വഴിയൊരുങ്ങുന്നത്.
ഇന്നലെ രാവിലെ ഒമ്പതിന് ബഹ്റൈനിലെ സആദ മറീനയിൽ നിന്ന് പുറപ്പെട്ട ഫെരി സർവിസ് ഒരു മണിക്കൂറുകൊണ്ട് ഖത്തറിലെ അൽ റുവൈസ് തുറമുഖത്തെത്തി. യാത്രക്ക് ഏകദേശം 70 മുതൽ 80 മിനിറ്റ് (1 മണിക്കൂറും 10 മുതൽ 20 മിനിറ്റ് വരെ) യാണ് പരമാവധി ദൈർഘ്യം. നിലവിൽ കരമാർഗം ബഹ്റൈനിൽനിന്ന് ഖത്തറിലെത്താൻ അഞ്ച് മണിക്കൂറിലധികം സമയമെടുക്കാറുണ്ട്. ഈ അവസരത്തിലാണ് കടൽ സർവിസ് യാത്രകൾക്ക് വലിയൊരു വഴിത്തിരിവായെത്തുന്നത്. ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന ഇത്തരത്തിലുള്ള ആദ്യത്തെ കടൽപാതയാണിത്. പൂർണമായും എയർ കണ്ടീഷൻ ചെയ്ത വാഹനത്തിന് ശരാശരി 32 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും.
സാധാരണ ഫെരി ഷിപ്പുകളും വി.ഐ.പി ഷിപ്പുകളും ലഭ്യമാണ്. മനോഹരമായ കടൽക്കാഴ്ചകൾ ആസ്വദിച്ചുകൊണ്ടുള്ള സുഖകരവും സുരക്ഷിതവുമായ യാത്രാനുഭവമാണ് പുതിയ ഫെറി സർവിസ് വാഗ്ദാനംചെയ്യുന്നത്.
ആദ്യ ഘട്ടത്തിൽ ജി.സി.സി രാജ്യങ്ങളിലെ പൗരന്മാർക്ക് മാത്രമായിരിക്കും സർവിസ്. പ്രതിദിനം രണ്ട് ട്രിപ്പുകളാണുള്ളത്. രാവിലെ എട്ടിനാണ് ആദ്യ ട്രിപ്. രാത്രി എട്ടിന് രണ്ടാം ട്രിപ്പും പുറപ്പെടും. നോർമൽ ക്ലാസിന് 26 ദിനാറും പ്രീമിയം ക്ലാസിന് 36 ദിനാറുമാണ് നിരക്ക്. മസാർ ആപ്ലിക്കേഷനിലൂടെ നിങ്ങൾക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഗൂഗിൾ പ്ലേസ്റ്റോറിലും ആപ്പിളിന്റെ ആപ് സ്റ്റോറിലും ആപ്ലിക്കേഷൻ ലഭ്യമാണ്.
ബഹ്റൈനും ഖത്തറും തമ്മിലുള്ള ഗതാഗതം, ടൂറിസം, വാണിജ്യ കൈമാറ്റം എന്നിവ വർധിപ്പിക്കുക, കൂടാതെ പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാമാർഗം നൽകുക എന്നിവ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ജി.സി.സി മേഖലയിൽ ഗതാഗത സഹകരണം ശക്തിപ്പെടുത്തുന്നതിനും ഈ സംരംഭം വഴിത്തിരിവാകും. നിലവിൽ, ഈ സർവിസ് യാത്രക്കാർക്ക് വേണ്ടി മാത്രമാണ് ഒരുക്കിയിരിക്കുന്നത്. ഭാവിയിൽ വാഹനങ്ങൾ കൊണ്ടുപോകാനുള്ള സൗകര്യവും ഉൾപ്പെടുത്താൻ പദ്ധതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.