മനാമ: ബഹ്റൈൻ പൊതുസുരക്ഷ നിയമം പുനഃപരിശോധിക്കാൻ നിർദേശവുമായി ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ. നിർദേശത്തെത്തുടർന്ന് 1982ലെ പൊതുസുരക്ഷ നിയമം പാർലമെന്റ് വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷ കമ്മിറ്റിക്ക് പഠനത്തിനായി റഫർ ചെയ്യുകയും വോട്ടിനിടുകയും ചെയ്യും. ബഹ്റൈനിലെ പ്രാഥമിക നിയമ നിർവഹണ ഏജൻസിയാണ് പൊതു സുരക്ഷ സേന (പി.എസ്.എഫ്). മുമ്പ് ബഹ്റൈൻ സ്റ്റേറ്റ് പൊലീസ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഇത് വീണ്ടും പുനഃപരിശോധനക്ക് വിധേയമാക്കണമെന്നാണ് നിർദേശം.
നിർദേശപ്രകാരം പി.എസ്.എഫിനെ ബഹ്റൈൻ പൊലീസ് നിയമം എന്ന് പുനർനാമകരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. സൈനിക കോടതികൾക്ക് പകരം പൊലീസ് കോടതികളും സ്ഥാപിക്കും. കൂടാതെ പൊതു സുരക്ഷ സേനയെ ബഹ്റൈൻ പൊലീസ് എന്നും മിലിട്ടറി കേഡറ്റ് എന്നതിനെ കാൻഡിഡേറ്റ് ഓഫിസർ എന്നും പുനർനാമകരണം ചെയ്യും. അണ്ടർ സെക്രട്ടറി റാങ്കോ അതിന് തുല്യമായ റാങ്കോ ഉള്ളവർക്ക് മാത്രമേ കമാൻഡ് സ്ഥാനങ്ങൾ നൽകൂ. ഇതിൽ പൊലീസ് മേധാവിയും ഉൾപ്പെടുന്നു.
ബഹ്റൈൻ പൊലീസ്, ആഭ്യന്തര മന്ത്രാലയത്തിന് കീഴിലായിരിക്കും പ്രവർത്തിക്കുക. ആഭ്യന്തര മന്ത്രിയെ അദ്ദേഹത്തിന്റെ ചുമതലകളിൽ പിന്തുണക്കുന്ന ഡെപ്യൂട്ടി, പൊലീസ് മേധാവി, അണ്ടർ സെക്രട്ടറിമാർ, പൊലീസ് ഇൻസ്പെക്ടർ ജനറൽ, മറ്റു മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുടെ നിയമനം രാജകീയ ഉത്തരവിലൂടെയോ പ്രധാനമന്ത്രിയുടെ തീരുമാനത്തിലൂടെയോ തീരുമാനിക്കും. പൊതു നയങ്ങൾ രൂപവത്കരിക്കുന്നതിനായി മന്ത്രിയുടെ നേതൃത്വത്തിൽ ഒരു പുതിയ കൗൺസിൽ രൂപവത്കരിക്കും. നിർദേശം നിലവിൽ പ്രതിനിധി കൗൺസിലിന്റെ മുന്നിലാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.