മനാമ: ബുരിയിലെ നീന്തൽക്കുളത്തിൽ മുങ്ങിത്താഴ്ന്ന മൂന്ന് വയസ്സുകാരിയെ രക്ഷപ്പെടുത്തി ബഹ്‌റൈൻ പൊലീസ്. കുട്ടിയുടെ പിതാവ് അത്യാഹിത വിഭാഗത്തെ വിളിച്ചതിനെത്തുടർന്ന് സ്പെഷ്യൽ സെക്യൂരിറ്റി ഫോഴ്‌സിലെ പൊലീസ് പട്രോൾ ഉടൻ സ്ഥലത്തെത്തുകയായിരുന്നു. പട്രോൾ ഉദ്യോഗസ്ഥർ ഉടൻ തന്നെ കുട്ടിക്ക് പ്രഥമശുശ്രൂഷ നൽകുകയും കൃത്രിമ ശ്വാസം നൽകി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരികയും ചെയ്തു.
മിനിറ്റുകൾക്കകം സ്ഥലത്തെത്തിയ ആംബുലൻസിൽ കുട്ടിയെ കൂടുതൽ വൈദ്യസഹായത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് ഉദ്യോഗസ്ഥരുടെ വേഗത്തിലുള്ള ഇടപെടൽ കുട്ടിയുടെ ജീവൻ രക്ഷിച്ചതായി മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പിന്നീട് മെഡിക്കൽ റിപ്പോർട്ടുകൾ സ്ഥിരീകരിച്ചു.
പൂളിൽ കുളിക്കുമ്പോൾ അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളെ എപ്പോഴും കൈയെത്തും ദൂരത്ത് നിർത്തണമെന്ന് റോയൽ ലൈഫ് സേവിങ് ബഹ്‌റൈൻ പുറത്തിറക്കിയ മുന്നറിയിപ്പിൽ വ്യക്തമാക്കിയിരുന്നു. പത്ത് വയസ്സിൽ താഴെയുള്ള കുട്ടികൾ മുതിർന്നവരുടെ കൺവെട്ടത്തുതന്നെ ഉണ്ടായിരിക്കണം. കുട്ടികൾ എളുപ്പത്തിൽ തിരിച്ചറിയാനും ശ്രദ്ധിക്കാനും സാധിക്കുന്ന തരത്തിലുള്ള തിളക്കമുള്ള നീന്തൽ വസ്ത്രങ്ങൾ ധരിക്കണമെന്നും അവർ നിർദേശിച്ചു.
നീന്തൽ സ്ഥലങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണമെന്നും സുരക്ഷാ ക്രമീകരണങ്ങളുള്ള സ്ഥലങ്ങൾ തിരഞ്ഞെടുക്കണമെന്നും രക്ഷിതാക്കൾക്ക് നിർദേശമുണ്ട്. കൂടാതെ, വെള്ളത്തിൽ ആരെങ്കിലും അപകടത്തിൽപ്പെട്ടാൽ എങ്ങനെ സഹായിക്കണം, അത്യാഹിത സേവനങ്ങളെ എങ്ങനെ വിളിക്കണം, സി.പി.ആർ എങ്ങനെ ചെയ്യണം തുടങ്ങിയ കാര്യങ്ങൾ പഠിക്കാനും രക്ഷിതാക്കളോട് ആവശ്യപ്പെട്ടു. സുരക്ഷിതമായി എങ്ങനെയിരിക്കണമെന്ന് കുട്ടികളെയും പഠിപ്പിക്കേണ്ടത് ആവശ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.