പലിശക്കാർക്കിത് മുന്നറിയിപ്പ്; നിങ്ങൾ നിയമത്തിൻെറ നിരീക്ഷണത്തിലാണ്

മനാമ: ബഹ്റൈൻ നിയമത്തെ വെല്ലുവിളിച്ച് അനധികൃതമായി പണം പലിശക്ക് നൽകുന്ന ഒരുസംഘം മലയാളികൾക്ക് റജി വർഗീസ് നടത്തിയ നിയമ പോരാട്ടവും അതിനെ തുടർന്നുള്ള കോടതിയുടെ അനുകൂല വിധിയും ഒരു മുന്നറിയിപ്പാണ്. സ്വന്തം നാട്ടുകാരെ ചൂഷണം ചെയ്ത് അവരുടെ ജീവിതവും സ്വപ്നങ്ങളും തകർത്ത് പലിശപ്പണത്തിൽ ആറാടുന്ന പലിശ മാഫിയക്ക് കാര്യങ്ങൾ പഴയപോലെ സുഖകരമാകില്ല എന്ന സൂചന കൂടിയാണിത്. അദ്ധ്വാനിക്കാതെ പണം പലിശക്ക് നൽകി, അതി​െൻറ പലിശയും കൂട്ടുപലിശയും എല്ലാം ചേർത്ത് നല്ലൊരു തുക മുതലാക്കി വിലസുന്ന പലിശസംഘത്തിന് ഒത്താശ ചെയ്യുന്നവർ ഏറെയാണ്.

റജി വർഗീസിന് പണം പലിശക്ക് കൊടുത്ത് അദ്ദേഹത്തിൽനിന്ന് അതി​െൻറ മൂന്നിരട്ടി വാങ്ങിയിട്ടും ആർത്തിയടങ്ങാതെ ദ്രോഹിക്കാൻ ശ്രമിച്ച വ്യക്തി ബഹ്റൈനിലെ ഒരു സാമൂഹിക പ്രവർത്തകൻ കൂടിയാണ്. ഇതുപോലുള്ള ചില സാമൂഹിക പ്രവർത്തകർ ഇനിയുമുണ്ടെന്നാണ് പരാതികളിൽ നിന്നറിയുന്നത്. ഒരു വർഷം മുമ്പ് ഒരു സ്വകാര്യ ആശുപത്രിയിലെ മലയാളിയായ വനിതാ ഡോക്ടർ, ഇടനിലക്കാരി വഴി പണം പലിശക്ക് നൽകുകയും പലിശ മുടങ്ങിയതി​െൻറ പേരിൽ ഇരയെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവം ഉണ്ടായത് വിവാദമായിരുന്നു.

പ്രവാസി സമൂഹത്തിലെ ഉന്നതങ്ങളിലും പലിശക്കാർ വിഹരിക്കുന്നു എന്നതി​െൻറ ഉദാഹരണമാണിത്. മാസങ്ങൾക്ക് മുമ്പ് പലിശക്കാരുടെ സംഘം ഇരയെയും സംഭവം അന്വേഷിക്കാൻ എത്തിയ പലിശ വിരുദ്ധ സമിതി പ്രവർത്തകരെയും തട്ടിക്കൊണ്ടുപോയ സംഭവവും അരങ്ങേറിയിരുന്നു. ഇതിനെ തുടർന്നുണ്ടായ പരാതിയിൽ പോലീസും കോടതിയും മാതൃകയായ ഇടപെടലുകളാണ് നടത്തിയത്. സംഭവത്തിൽ ഉത്തരവാദികളായ പലിശക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഇൗ സംഭവത്തിലും ചില സാമൂഹിക പ്രവർത്തകർ ഉൾപ്പെട്ടിരുന്നു എന്നതാണ് ഗൗരവമുള്ള വസ്തുത.

നിയമം ലംഘിച്ച് പലിശക്ക് പണം നൽകുന്നതും അതി​െൻറ പേരിലുള്ള ചൂഷണങ്ങളും ബഹ്റൈൻ നിയമം കർശനമായി വിലക്കുന്നുണ്ട്. എന്നാൽ രഹസ്യമായാണ് പലിശക്കാർ പണം പലിശക്ക് നൽകുന്നത്. അത്യാവശ്യ സന്ദർഭങ്ങളിൽ പണത്തിന് വേണ്ടി പരക്കം പായുന്നവർ എത്തുേമ്പാൾ വിലപ്പെട്ട രേഖകൾ ഇൗടായി വാങ്ങിയാണ് പലിശക്ക് പണം നൽകുന്നത്. തങ്ങൾ ചെയ്യുന്നത് ഒരു ‘സഹായവും സേവനവും’ എന്ന രീതിയിലാണ് പലിശക്കാരുടെ രീതി. എന്നാൽ വർഷങ്ങളോളം പലിശ വാങ്ങുകയും മുതലി​െൻറ പത്തിരട്ടി അടച്ചുതീർത്താലും ഇവരിൽനിന്ന് യാതൊരു വിട്ടുവീഴ്ചയും പ്രതീക്ഷിക്കേണ്ടതില്ല. രണ്ട് മാസത്തിൽ കൂടുതൽ പലിശയടവിൽ കുടിശിക വന്നാൽ ഇവരുടെ ‘തനിനിറം’ മനസിലാകും. എന്തും ചെയ്യാൻ മടിക്കാത്തവരാണെന്ന് ഇരയെ ബോധ്യപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്യുകയാണ് ശൈലി.

ഇത്തരം ഭീഷണികൾക്ക് മുന്നിൽ മറ്റൊരു ഗതിയുമില്ലാതെ ജീവൻ ഒടുക്കിയ നിരവധി മലയാളി പ്രവാസികളുടെ അനുഭവങ്ങൾ പ്രവാസലോകത്തിന് പറയാനുണ്ട്. എന്നാൽ തങ്ങളെ ചൂഷണം ചെയ്യുന്ന പലിശക്കാർക്കെതിരെ പരാതികൾ ഉന്നയിച്ചാൽ അതിന് ഉചിതമായ പരിഹാരം ഉണ്ടാകും എന്ന് ഇപ്പോൾ റജി വർഗീസി​െൻറ അപ്പീൽ പ്രകാരമുള്ള കോടതി വിധി തെളിയിക്കുന്നു. കൊള്ള പലിശക്ക് പണം കടംനൽകി സുഖിക്കുന്ന പലിശക്കാർക്കെതിരെ പലിശ വിരുദ്ധ സമിതി പോലുള്ള കൂട്ടായ്മകൾ സജീവമായി രംഗത്തുമുണ്ട്. ഇത്തരം പരാതികൾ ഗവൺമ​െൻറി​െൻറ ശ്രദ്ധയിൽപ്പെടുത്തുമെന്നാണ് പലിശ വിരുദ്ധ സമിതി നേതാക്കൾ പറയുന്നത്. പലിശക്കാരെ ഒറ്റപ്പെടുത്താനുള്ള നീക്കം പ്രവാസി സമൂഹത്തിൽ ശക്തമാകുകയാണ്.

Tags:    
News Summary - bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.