41 സർക്കാർ സേവനങ്ങൾ ഇനി ഒരു കുടക്കീഴിൽ; 'മൈ ഗവ്' ആപ് പുറത്തിറക്കി ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം

മനാമ: സർക്കാർ സേവനങ്ങളെല്ലാം ഒരു കുടക്കീഴിലെന്നോണം സാധ്യമാകുന്ന ആപ് പുറത്തിറക്കി ആഭ്യന്തര മന്ത്രാലയം. ഇൻഫോർമേഷൻ ആൻഡ് ഇ-ഗവൺമെന്‍റ് അതോറിറ്റി (ഐ.ജി.എ)യുമായി സഹകരിച്ചാണ് ആപ് പുറത്തിറക്കിയത്. സി.പി.ആർ, പാസ്പോർട്ട് തുടങ്ങി 41 സർക്കാൻ സേവനങ്ങളാണ് 'മൈ ഗവ്' എന്ന ആപ്പിലൂടെ രാജ്യത്തുള്ള എല്ലാ പൗരന്മാർക്കും ലഭ്യമാവുക. ഇ-കീ 2.0 സുരക്ഷയുള്ള ആപ് ഡിജിറ്റൽ സേവനങ്ങൾക്ക് മികച്ച മാർഗമായി മാറുമെന്നാണ് വിലയിരുത്തുന്നത്.

ഐ.ജി.എ ചീഫ് എക്സിക്യുട്ടിവ് മുഹമ്മദ് അൽ ഖാഇദിന്‍റെ സഹകരണത്തോടെ ആഭ്യന്തര മന്ത്രി ജനറൽ ശൈഖ്​ റാശിദ്​ ബിൻ അബ്​ദുല്ല ആൽ ഖലീഫയാണ് 'മൈ ഗവ്' അനാച്ഛാദനം ചെയ്തത്.

വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ്​ ബിൻ മുബാറക്​ ജുമുഅ, പാർപ്പിട, നഗരാസൂ​ത്രണ കാര്യ മന്ത്രി ആമിന ബിൻത്​ അഹ്​മദ്​ അൽ റുമൈഹി, ആരോഗ്യ മന്ത്രി ഡോ. ജലീല ബിൻത് അൽ സൈദ് ജവാദ് ഹസൻ, എണ്ണ, പരിസ്ഥിതി മന്ത്രി ഡോ. മുഹമ്മദ് ബിൻ ദൈന എന്നിവരും സന്നിഹിതരായിരുന്നു. രാജാവ്​ ഹമദ്​ ബിൻ ഈസ ആൽ ഖലീഫയുടെയും, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫയുടെ നിർദേശ പ്രകാരവും ഡിജിറ്റൽ സംവിധാനങ്ങളിൽഉപഭോക്താക്കളുടെ വിശ്വാസം ശക്തിപ്പെടുത്തുന്നതിനും സർക്കാർ പ്രക്രിയകൾ സുഗമമാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗവുമായാണ് ആപ്ലിക്കേഷൻ പുറത്തിറക്കിയതെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു.

രാജ്യത്ത് വസിക്കുന്ന ജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ നൽകാൻ മികച്ചതും സമഗ്രവുമായ പ്ലാറ്റ്ഫോം ഒരുക്കിയ ആഭ്യന്തര മന്ത്രാലയത്തിന്‍റെയും ഐ.ജി.എയും പ്രവർത്തനങ്ങളെയും മന്ത്രി പ്രശംസിച്ചു. മികച്ച സുരക്ഷ സംവിധാനങ്ങളോടെ നിർമിച്ച ആപ് ഒരു സമയം ഒരു ഫോണിൽ മത്രമേ ഉപയോഗിക്കാൻ കഴിയൂ. ഇത് ഹാക്കർമാരിൽ നിന്ന് നിങ്ങളെ സുരക്ഷിതരാക്കുമെന്നും അധികൃതർ അറിയിച്ചു. 


Tags:    
News Summary - Bahrain Ministry of Home Affairs launched My Govt app

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.