ബഹ്‌റൈന്റെ സ്ഥിരം പ്രതിനിധി അംബാസഡർ ജമാൽ ഫാരിസ് അൽ റുവൈ യു.എന്നിൽ പ്രസംഗിക്കുന്നു 

ഐക്യരാഷ്ട്രസഭയിൽ പ്രതിഷേധമറിയിച്ച് ബഹ്റൈൻ


മനാമ: ബഹ്‌റൈൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്രസഭയിൽ ബഹ്‌റൈന്റെ ശക്തമായ പ്രതിഷേധം. ആക്രമണങ്ങൾക്കെതിരെ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ ചേർന്ന അടിയന്തര യോഗത്തിലാണ് ബഹ്‌റൈൻ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ഐക്യരാഷ്ട്രസഭയിലെ ബഹ്‌റൈന്റെ സ്ഥിരം പ്രതിനിധി അംബാസഡർ ജമാൽ ഫാരിസ് അൽ റുവൈ ആണ് ബഹ്‌റൈൻ, ജി.സി.സി രാജ്യങ്ങൾ, ജോർദാൻ, സിറിയ എന്നിവയ്ക്ക് വേണ്ടി സംസാരിച്ചത്.

ശനിയാഴ്ച ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങൾ ബഹ്‌റൈന്റെ പരമാധികാരത്തെയും സുരക്ഷയെയും വെല്ലുവിളിക്കുന്നതാണെന്ന് അംബാസഡർ ചൂണ്ടിക്കാട്ടി. ഗൾഫ് മേഖലയിലുടനീളം നടന്ന ഈ ആക്രമണങ്ങളുടെ പൂർണ ഉത്തരവാദിത്തം ഇറാനാണെന്ന് ബഹ്‌റൈൻ വ്യക്തമാക്കി. ഈ നടപടികൾ അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എൻ ചാർട്ടറിന്റെയും നഗ്നമായ ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു.

സ്വയം പ്രതിരോധത്തിനുള്ള തങ്ങളുടെ അവകാശം (യു.എൻ ചാർട്ടർ ആർട്ടിക്കിൾ 51 പ്രകാരം) ബഹ്‌റൈൻ വിനിയോഗിക്കുമെന്നും, അന്താരാഷ്ട്ര പങ്കാളികളുമായി ചേർന്ന് ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇത്തരം ആക്രമണങ്ങൾ ആവർത്തിക്കാതിരിക്കാൻ സുരക്ഷാ കൗൺസിൽ കർശനമായ നിലപാട് സ്വീകരിക്കണമെന്നും മേഖലയുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കണമെന്നും ബഹ്‌റൈൻ ആവശ്യപ്പെട്ടു.

മേഖലയിലെ ഏതെങ്കിലും രാജ്യത്തിന് നേരെയുള്ള ആക്രമണം തങ്ങളുടെ കൂടി സുരക്ഷയ്ക്ക് ഭീഷണിയാണെന്നും, ഈ പ്രതിസന്ധി ഘട്ടത്തിൽ ഒത്തൊരുമയോടെ നിലകൊള്ളുമെന്നും ബഹ്‌റൈൻ വ്യക്തമാക്കി.

Tags:    
News Summary - Bahrain lodges protest with the United Nations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.