ശമ്പളവും ഭക്ഷണവുമില്ല: ജി.പി.സെഡിലെ തൊഴിലാളികൾ എംബസിയിലെത്തി 

മനാമ: മാസങ്ങളായി ശമ്പളം മുടങ്ങിയ ജി.പി.സെഡിലെ തൊഴിലാളികൾ ഇന്നലെ സംഘടിതമായി ഇന്ത്യൻ എംബസിയിലെത്തി. വിവിധ ലേബർ ക്യാമ്പുകളിൽ നിന്നുള്ള 75 ഓളം പേരാണ് ദുരിത കഥയുമായി എംബസിയിലെത്തിയത്. ശമ്പളം മുടങ്ങിയതിന് പുറമെ, വിസ കാലാവധി തീർന്ന പ്രശ്നവും പലരും നേരിടുന്നുണ്ട്. പാസ്പോർട്ട് കമ്പനിയുടെ പക്കലാണുള്ളതെന്ന് തൊഴിലാളികൾ പറഞ്ഞു. കമ്പനിയുടെ ആസ്തി വിറ്റിട്ടാണെങ്കിലും തങ്ങളുടെ ശമ്പള കുടിശ്ശിക തന്ന് നാട്ടിലേക്ക് തിരിച്ചയക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. 
ഉയർന്ന പോസ്റ്റിലുള്ള പലരും നേരത്തെ തന്നെ ആനുകൂല്യങ്ങൾ വാങ്ങി മടങ്ങിയതായി ഇവർ പറഞ്ഞു. തൊഴിലാളികളിൽ ചെറുപ്പക്കാർ മുതൽ 50 വയസിനുമുകളിൽ പ്രായമായവർ വരെയുണ്ട്. കമ്പനി ഇപ്പോഴും ജോലിക്ക് പോകാൻ ആവശ്യപ്പെടുന്നുണ്ടെന്നും എന്നാൽ, മുടങ്ങിയ ശമ്പളത്തി​െൻറ കാര്യത്തിൽ തീരുമാനമായ ശേഷമേ ജോലിക്കു പോകൂ എന്നാണ് തങ്ങളുടെ നിലപാടെന്നും അവർ പറഞ്ഞു. 
പലരും ദീർഘകാലത്തെ സർവീസ് ഉള്ളവരാണ്. പിരിയുേമ്പാഴുള്ള ആനുകൂല്യങ്ങൾ മുന്നിൽ കണ്ട് മക്കളുടെ കല്ല്യാണവും വീടുപണിയുമെല്ലാം നടത്താമെന്ന് കരുതിയവർ കടുത്ത നിരാശയിലാണ്. നിലവിൽ തൊഴിലാളികൾ ഒറ്റക്കെട്ടാണെങ്കിലും അവർക്കിടയിൽ ചേരിതിരിവുണ്ടാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.  ചില തൊഴിലാളികൾ ഇതിനകം ആനുകൂല്യമൊന്നും കൈപ്പറ്റാതെ നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. ബാക്കിയുള്ളവർ  എംബസിയിലും,ലേബർ കോടതിയിലും പരാതി നൽകി കാത്തിരിക്കുകയാണ്. തൊഴിലാളികളുടെ പ്രശ്നത്തെക്കുറിച്ച് പ്രതികരിക്കാൻ എംബസി അധികൃതർ തയ്യാറായില്ല.
ദുരിതമനുഭവിക്കുന്ന ജി.പി.സെഡ് കമ്പനിയിലെ തൊഴിലാളികളെ സഹായിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എംബസി അധികൃതരോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. 
ശമ്പളം മുടങ്ങിയതിനെ തുടർന്ന് നിരവധി തൊഴിലാളികൾ പ്രശ്നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് വിദേശകാര്യ വകുപ്പിനെ സമീപിച്ചിരുന്നു. ത​െൻറ ട്വിറ്റർ എക്കൗണ്ട് വഴിയാണ് സുഷമ ഇൗ വിവരം അറിയിച്ചത്. പ്രശ്നം എംബസിയുടെ ശ്രദ്ധയിൽവന്നിട്ടുണ്ടെന്നും അവർ തൊഴിലാളികളെ സഹായിക്കുമെന്നുമാണ് സുഷമ പറഞ്ഞത്. 
ജി.പി.സെഡിലെ തൊഴിലാളികൾക്ക് ഇന്ത്യൻ എംബസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടി​െൻറ (െഎ.സി.ആർ.എഫ്) നേതൃത്വത്തിൽ കഴിഞ്ഞ ദിവസം സഹായമെത്തിച്ചിരുന്നു. അരി, പഞ്ചസാര, തേയില, എണ്ണ, പച്ചക്കറി തുടങ്ങിയ സാധനങ്ങളാണ് െഎ.സി.ആർ.എഫ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ എക്കർ, സിത്ര, റിഫ എന്നിവിടങ്ങളിലെ ലേബർ ക്യാമ്പുകളിൽ എത്തിച്ചത്. തൊഴിലാളികൾക്ക് ഒരാഴ്ച കഴിയാനുള്ള സാധനങ്ങളാണ് നൽകിയത്.
മാസങ്ങളായി ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് 140ഒാളം തൊഴിലാളികൾ ഒരാഴ്ച മുമ്പ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിനുമുന്നിൽ സംഘടിച്ചിരുന്നു.ഒരു മാസത്തിനിടെ രണ്ടാം തവണയാണ് തൊഴിലാളികൾ സമാന രീതിയിൽ സംഘടിച്ചത്.
നുവൈദ്രാതിലെ അക്കമഡേഷനിൽ നിന്ന് ഇവർ കൂട്ടമായി സായിദ് ടൗണിലേക്ക് നടന്നെത്തുകയായിരുന്നു.നവംബർ മുതൽ തങ്ങൾക്ക് കിട്ടാനുള്ള പണം കിട്ടാത്തതാണ് ശമ്പളം മുടങ്ങാനുള്ള കാരണമെന്ന നിലപാടിലാണ് കമ്പനി അധികൃതർ. പ്രശ്നം ഉടൻ പരിഹരിക്കാമെന്ന മന്ത്രാലയ അധികൃതരുടെ ഉറപ്പിനെ തുടർന്നാണ് തൊഴിലാളികൾ പിരിഞ്ഞുപോയത്. 
ഇവരുടെ ഏക വരുമാനത്തെ ആശ്രയിച്ച് കഴിയുന്ന നാട്ടിലെ കുടുംബങ്ങളും പ്രതിസന്ധിയിലാണ്. തൊഴിലാളികൾ ഭക്ഷണം പോലും കഴിക്കുന്നത് സന്നദ്ധ സംഘടകളുടെയും മറ്റും സഹായം കൊണ്ടാണ്. മൈഗ്രൻറ് വർക്കേഴ്സ് പ്രൊട്ടക്ഷൻ സൊസൈറ്റി (എം.ഡബ്ല്യു.പി.എസ്) പല തവണയായി ഇവർക്ക് ഭക്ഷണസാധനങ്ങളും മറ്റും വിതരണം ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം എം.ഡബ്ല്യു. പി.എസ് ഫേസ്ബുക്ക് വഴി തൊഴിലാളികൾക്കായി നടത്തിയ  അഭ്യർഥനയെ തുടർന്ന് നിരവധി പേരാണ് സഹായങ്ങൾ നൽകിയത്.
 

News Summary - bahrain labours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.