മാക്സ് വെസ്റ്റാപ്പെൻ, സെർജിയോ പെരസ്, വെൽറ്റെറി ബോട്ടാസ്, ഫെർണാണ്ടോ അലോൻസോ, ചാൾസ് ലെക്ലയർ, കാർലോസ് സൈൻസ്, ജോർജ് റസൽ, ലൂയിസ് ഹാമിൽട്ടൺ,എസ്റ്റബാൻ ഒക്കോൺ, .പിയറി ഗാസ്ലി, ഓസ്കാർ പിയാസ്ട്രി
മനാമ: ഈ വർഷത്തെ കാറോട്ട സീസണിന് തുടക്കം കുറിച്ച് ബഹ്റൈൻ ഗ്രാൻഡ് പ്രി വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ നടക്കും. ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ടിൽ നടക്കുന്ന ഗ്രാൻഡ് പ്രീയിൽ 33 രാജ്യങ്ങളിലെ കാറോട്ടക്കാർ മാറ്റുരക്കും. പുതിയ സീസണിന്റെ തുടക്കമായതിനാൽ പുതിയ താരങ്ങളുടെയും കാറുകളുടെയും ടീമുകളുടെയും അരങ്ങേറ്റ വേദികൂടിയായിരിക്കും ബഹ്റൈൻ ഗ്രാൻഡ് പ്രി.
വിവിധ ഗ്രാൻഡ്സ്റ്റാൻഡുകളിലായി 36,000 പേർക്ക് മത്സരം വീക്ഷിക്കാനുള്ള അവസരമുണ്ട്. വെള്ളി, ശനി ദിവസങ്ങളിലെ പരിശീലന, യോഗ്യത മത്സരങ്ങൾക്കു ശേഷം ഞായറാഴ്ചയായിരിക്കും യഥാർഥ പോരാട്ടം അരങ്ങേറുക. ആകെ 23 റൈസുകളാണ് നടക്കുന്നത്. ലോക ചാമ്പ്യൻ മാക്സ് വെസ്റ്റാപ്പെൻ, സെർജിയോ പെരസ്, വെൽറ്റെറി ബോട്ടാസ്, ഫെർണാണ്ടോ അലോൻസോ, ചാൾസ് ലെക്ലയർ, കാർലോസ് സൈൻസ്, ജോർജ് റസൽ, ലൂയിസ് ഹാമിൽട്ടൺ, എസ്റ്റബാൻ ഒക്കോൺ, പിയറി ഗാസ്ലി, ഓസ്കാർ പിയാസ്ട്രി തുടങ്ങി വമ്പൻ താരനിരയാണ് ട്രാക്കിലിറങ്ങുന്നത്.
ആതിഥേയ രാജ്യമായ ബഹ്റൈനെ പ്രതിനിധീകരിച്ച് ഷെയ്ഖ് സൽമാൻ റാഷിദ് ആൽ ഖലീഫ പങ്കെടുക്കും. മെഴ്സിഡസ്, റെഡ്ബുൾ, ഫെറാരി തുടങ്ങിയ വമ്പന്മാരാണ് ടീമുകളെ സ്പോൺസർ ചെയ്തിരിക്കുന്നത്. യു.കെ, ഫിൻലാൻഡ്, നെതർലാൻഡ്സ്, ഫ്രാൻസ്, സ്പെയിൻ, മൊണാക്കോ, ഡെന്മാർക്ക്, ജർമനി, നോർവേ, ബെൽജിയം, ചെക്ക് റിപ്പബ്ലിക്, സ്വിറ്റ്സർലൻഡ്, എസ്തോണിയ, സ്വീഡൻ, ഇറ്റലി, ബൾഗേറിയ, പോളണ്ട്, യു.എസ്, കാനഡ, മെക്സിക്കോ, ബാർബഡോസ്,ബ്രസീൽ, അർജന്റീന, കൊളംബിയ ,ജപ്പാൻ, തായ്ലൻഡ്, ചൈന, ഇന്ത്യ, ഇസ്രായേൽ, സൗദി അറേബ്യ, കുവൈത്ത്, ബഹ്റൈൻ, ആസ്ട്രേലിയ എന്നിവിടങ്ങളിൽനിന്നുള്ള താരങ്ങൾ എത്തിയിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെ 7.50ന് എഫ് 3 പരിശീലന സെഷൻ തുടങ്ങും. ഒമ്പതു മുതലാണ് എഫ് 2 പരിശീലനം നടക്കുന്നത്. ഉച്ചക്ക് ഒന്ന് മുതൽ എഫ് 3 യോഗ്യത മത്സരങ്ങളും 4.25 മുതൽ എഫ് 2 യോഗ്യത മത്സരങ്ങളും നടക്കും. ശനിയാഴ്ച രാവിലെ 9.10ന് എഫ് 3യുടെ സ്പ്രിന്റ് റേസ് നടക്കും. ഉച്ചക്ക് 1.10ന് എഫ് 2വിന്റെ സ്പ്രിന്റ് സെഷനും അരങ്ങേറും. ഞായറാഴ്ച രാവിലെ 8.45ന് എഫ് 3യുടെ ഫീച്ചർ റേസും 10.15ന് എഫ് 2വിന്റെ ഫീച്ചർ റേസും നടക്കും. വൈകുന്നേരം മൂന്നിനാണ് ലോകം കാത്തിരിക്കുന്ന ബഹ്റൈൻ ഗ്രാൻഡ് പ്രിയുടെ വിജയിയെ തേടിയുള്ള പോരാട്ടം അരങ്ങേറുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.