ബഹ്റൈൻ-ജിബൂതി മത്സരത്തിനിടെ ഗോൾനേട്ടം ആഘോഷിക്കുന്ന ബഹ്റൈൻ താരങ്ങൾ
മനാമ: ഫിഫ അറബ് കപ്പ് 2025ലേക്ക് ബഹ്റൈൻ സീനിയർ പുരുഷ ദേശീയ ഫുട്ബാൾ ടീം യോഗ്യത നേടി. കഴിഞ്ഞദിവസം ഖത്തറിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടന്ന യോഗ്യതാ മത്സരത്തിൽ പത്തുപേരായി ചുരുങ്ങിയ ജിബൂതിയെ 1-0ന് തോൽപ്പിച്ചാണ് ബഹ്റൈൻ ടിക്കറ്റെടുത്തത്. മത്സരത്തിന്റെ 36ാം മിനിറ്റിൽ മുഹമ്മദ് അൽ റുമൈഹിയാണ് ബഹ്റൈനുവേണ്ടി വിജയഗോൾ നേടിയത്. ടൂർണമെന്റിന്റെ പ്രധാന ഘട്ടവും ഖത്തറിൽ വെച്ചുതന്നെയാണ് നടക്കുന്നത്. ഈ വിജയത്തോടെ ഫിഫ അറബ് കപ്പിന്റെ പ്രാഥമിക റൗണ്ടിലെ ഗ്രൂപ് 'ഡി'യിൽ ബഹ്റൈൻ ഇടം നേടി. അൾജീരിയ, ഇറാഖ്, സുഡാൻ എന്നിവരാണ് ബഹ്റൈന്റെ ഗ്രൂപ്പിലെ മറ്റ് ടീമുകൾ.
ഇതോടെ 16 രാജ്യങ്ങൾ പങ്കെടുക്കുന്ന ഫിഫ അറബ് കപ്പിനുള്ള ടീമുകളുടെ പട്ടിക പൂർത്തിയായി. ഗ്രൂപ് എ- ഖത്തർ, തുനീഷ്യ, സിറിയ, ഫലസ്തീൻ. ഗ്രൂപ് ബി- മൊറോക്കോ, സൗദി അറേബ്യ, ഒമാൻ, കൊമോറോസ്. ഗ്രൂപ് സി- യു.എ.ഇ, ഈജിപ്ത്, ജോർഡൻ, കുവൈത്ത്.
അടുത്ത തിങ്കളാഴ്ചയാണ് ടൂർണമെന്റിന്റെ ആദ്യ ഘട്ടം ആരംഭിക്കുന്നത്. ഡിസംബർ നാലിന് ഇറാഖിനെതിരെയാണ് ബഹ്റൈന്റെ ആദ്യ മത്സരം. ഡിസംബർ ആറിന് അൾജീരിയക്കെതിരെയും ഡിസംബർ ഒമ്പതിന് സുഡാനെതിരെയും ബഹ്റൈൻ കളത്തിലിറങ്ങും.
1985ൽ സൗദി അറേബ്യയിലെ തായിഫിലും 2002ൽ കുവൈത്തിലും അറബ് കപ്പിൽ രണ്ടാം സ്ഥാനം നേടിയ ചരിത്രം ബഹ്റൈനുണ്ട്. ഇത്തവണ ഈ നേട്ടങ്ങൾ മെച്ചപ്പെടുത്താനാണ് ടീം ലക്ഷ്യമിടുന്നത്. ഈ വർഷം ജനുവരിയിൽ 26ാമത് ഗൾഫ് കപ്പ് ഉയർത്തിയ ഗൾഫ് ചാമ്പ്യന്മാരായിട്ടാണ് ബഹ്റൈൻ ടൂർണമെന്റിലേക്ക് എത്തുന്നത്.
എങ്കിലും, ഫിഫ ലോകകപ്പ് 2026 യോഗ്യത നഷ്ടപ്പെട്ടതിന്റെയും സൗഹൃദ മത്സരങ്ങളിലെ മോശം പ്രകടനങ്ങളുടെയും നിരാശ ടീമിനുണ്ട്. എന്നാൽ പരിശീലകൻ ഡ്രാഗൻ തലാജിച്ച് ടൂർണമെന്റിലേക്ക് പോകുമ്പോൾ ആത്മവിശ്വാസത്തിലായിരുന്നു.
2021ൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായതിന്റെ നിരാശ മറികടക്കാനാണ് ബഹ്റൈൻ ഇത്തവണ ശ്രമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.