മനാമ: മനുഷ്യക്കടത്ത് തടയുന്നതിനും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള ഉറച്ച പ്രതിബദ്ധത അറിയിച്ച് ബഹ്റൈൻ. മനുഷ്യക്കടത്ത് വിരുദ്ധ ദിനത്തിൽ അറ്റോർണി ജനറൽ ഡോ. അലി ബിൻ ഫാദേൽ അൽ ബുഐനൈൻ പുറത്തിറക്കിയ പ്രസ്താവനയിലാണ് കാര്യം വ്യക്തമാക്കിയത്. മനുഷ്യക്കടത്ത് തടയുന്നതിൽ ബഹ്റൈൻ കാര്യമായ മുന്നേറ്റം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യക്കടത്ത് കേസുകളിൽ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുന്നതിലും ഇരകളെ സംരക്ഷിക്കുന്നതിലും പബ്ലിക് പ്രോസിക്യൂഷന്‍റെ പങ്കും അദ്ദേഹം അറിയിച്ചു. മനുഷ്യക്കടത്ത് കേസുകൾ കൈകാര്യം ചെയ്യാൻ ഒരു പ്രത്യേക യൂണിറ്റ് സ്ഥാപിച്ച മേഖലയിലെ ആദ്യ രാജ്യങ്ങളിലൊന്നാണ് ബഹ്റൈനെന്നും ഇത്തരം കുറ്റകൃത്യങ്ങളുടെ സങ്കീർണ്ണതയും ഗൗരവവും സംബന്ധിച്ച് വ്യക്തമായ ധാരണയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മനുഷ്യക്കടത്ത് തടയുന്നതിനുള്ള ദേശീയ സമിതിയുടെ നേതൃത്വത്തിൽ ബഹ്റൈൻ സ്വീകരിച്ച സംയോജിത ദേശീയ സമീപനത്തെക്കുറിച്ച് ഡോ. അൽ ബുഐൻ സൂചിപ്പിച്ചു. ഇത് വിവിധ സർക്കാർ സ്ഥാപനങ്ങളെ ഏകോപിപ്പിക്കാനും കാര്യക്ഷമത വർധിപ്പിക്കാനും സഹായിച്ചിട്ടുണ്ട്.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നേതൃത്വവും, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ പിന്തുണയുമാണ് മനുഷ്യക്കടത്ത് തടയുന്നതിലെ ബഹ്‌റൈന്‍റെ നേട്ടങ്ങൾക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ച്, നീതിന്യായ വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിലും മനുഷ്യന്‍റെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതിലും ഇവരുടെ പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.