ബഹ്​റൈനിൽ 14 അംഗ ഭീകരസംഘം പിടിയിൽ

മനാമ: ബഹ്റൈനിലെ പ്രമുഖ വ്യക്തികളെ കൊലപ്പെടുത്താൻ ഗൂഡാലോചന നടത്തിയ ഭീകരസംഘത്തെ അറസ്റ്റ് ചെയ്തു. 14പേരാണ് പിടിയിലായത്. ഇവർക്ക് വിദേശ പിന്തുണയുണ്ടെന്നാണ് വിവരം. നിരവധി ആക്രമണങ്ങൾക്ക് പദ്ധതിയിട്ട ഇവർ ജുഫൈർ യു.എസ്. നേവി ആസ്ഥാനവും ലക്ഷ്യമിട്ടിരുന്നു. ചില പ്രതികൾ ഇറാനിലേക്കും ഇറാഖിലേക്കും പോയി സൈനിക പരിശീലനവും നേടി. ഇവരിൽ ചിലരുടെ വീടുകളിൽ നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും നാടൻ ബോംബുകളും പിടിച്ചെടുത്തതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ചിലർ ഇറാനിലേക്ക് 66 തവണ യാത്ര ചെയ്തിട്ടുണ്ട്. 
ബഹ്റൈനിൽ ഭീകരാക്രമണം നടത്താനുള്ള പരിശീലനം നേടലായിരുന്നു ലക്ഷ്യം. ബഹ്റൈൻ അധികൃതർ തേടുന്ന കുറ്റവാളികളാണ് ഇവർക്ക് നിർദേശങ്ങൾ നൽകിയിരുന്നത്. സർക്കാറിനെ അട്ടിമറിക്കുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് പ്രതികൾ പറയുന്നത് കഴിഞ്ഞ ദിവസം ബഹ്റൈൻ ടെലിവിഷൻ പുറത്തുവിട്ടു. 
ഇറാൻ റെവല്യൂഷനറി ഗാർഡിൽ നിന്ന് ആറുപേർക്ക് പരിശീലനം ലഭിച്ചതായാണ് റിപ്പോർട്ട്. ഹുസൈൻ അഹ്മദ് അബ്ദുല്ല അലി അലി (27), ഖാസിം അഹ്മദ് അലി ഹസൻ അൽമാലികി (23), അഹ്മദ് അലി അലി അൽ ശൈഖ് (26), അലി അബ്ദുറസൂൽ ഇബ്രാഹിം മുഹമ്മദ് അബ്ദുൽഹസൻ (29),അലി ജാഫർ റാഥി അബ്ദുല്ല അബ്ദുൽ റിഥ (26), അലി അബ്ദുല്ല അലി അഹ്മദ് അൽ ബന്ന (32) എന്നിവരാണിവർ. ഇപ്പോൾ ഇറാനിലുള്ള ഖാസിം അബ്ദുല്ല അലിയുടെ നിർദേശ പ്രകാരമാണ് താൻ ഇറാനിൽ നിന്ന് പരിശീലനം നേടിയതെന്ന് അഹ്മദ് അലി അലി അൽ ശൈഖ് ടി.വിയിൽ പറഞ്ഞു. 
പൊലീസ് സംഘത്തെ ആക്രമിക്കുന്നതിലും ഭീതി പരത്തുന്നതിലും ആയുധം ഉപയോഗിക്കുന്നതിലും പരിശീലനം നേടി. തോക്ക് ഉപയോഗിക്കാനും സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യാനും പരിശീലനം ലഭിച്ചതായി ഹുസൈൻ അഹ്മദ് അബ്ദുല്ല അലി അലി പറഞ്ഞു. 
ഇറാനിലെ ക്യാമ്പിൽ സൈനിക വേഷത്തിലായിരുന്നു പരിശീലനം. ആക്രമണങ്ങളുടെ സിദ്ധാന്തവും പ്രയോഗവും പരിശീലന പദ്ധതിയിൽ ഉൾപ്പെട്ടിരുന്നു. കലാഷ്നിക്കോവ് ഉൾപ്പെടെയുള്ള തോക്കുകളുടെ ഉപയോഗത്തിനാണ് പരിശീലനം നേടിയത്. അട്ടിമറിയെക്കുറിച്ചും ക്ലാസുകളുണ്ടായിരുന്നു. 
മൂന്ന് പേർക്ക് പ്രാദേശിക ഭീകര സംഘടനകളാണ് പരിശീലനം നൽകിയത്. അമ്മാർ അഹ്മദ് അബ്ദുല്ല അലി അഹ്മദ് അലി (17), ഹസൻ ഇസ്മായിൽ ഇബ്രാഹിം അഹ്മദ് നാസിർ അൽ ഒറൈബി (23), അഹ്മദ് അലി മഹ്ദി അലി ഹുസൈൻ (25) എന്നിവരാണിവർ. 
ശേഷിക്കുന്ന അഞ്ചുപേർക്ക് ഇറാഖിൽ വെച്ച് പരിശീലനം നൽകിയത് ഹിസ്ബുല്ല ഗ്രൂപ്പാണെന്നാണ് ആരോപണം. ഹസൻ അലി അബ്ദുൽ ജബ്ബാർ ഹസൻ അഹ്മദ് അൽ ഹമർ (27), അലി ജാഫർ അബ്ദുല്ല അലി അഹ്മദ് അലി (24), യാസിർ അഹ്മദ് അബ്ദുല്ല അലി അഹ്മദ് അലി (25), അഹ്മദ് ജാസിം സഇൗദ് മഹ്ദി (24),സെയ്ദ് അലി മുഹമ്മദ് ഇൗസ ഹസൻ അൽ മൂസവി (32) എന്നിവർക്കാണ് ഹിസ്ബുല്ല പരിശീലനം ലഭിച്ചത്. 
ഫെബ്രുവരി 26ന് ജൗ ജയിലിലേക്ക് പോകുന്ന പൊലീസ് ബസിനുനേരെ സ്ഫോടനം നടത്തിയ കേസിൽ പിടിയിലായവർക്ക് ബന്ധമുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഇക്കാര്യവും ഇവർ സമ്മതിച്ചിട്ടുണ്ട്.അസ്കറിലെ പാലത്തിലാണ് സ്ഫോടക വസ്തുക്കൾ സ്ഥാപിച്ചത്. 
പ്രധാന സർക്കാർ കെട്ടിടങ്ങൾ നിരീക്ഷിക്കാനും ചില വ്യക്തികളുടെ നീക്കങ്ങൾ സൂക്ഷ്മമായി മനസിലാക്കാനും നിർദേശമുണ്ടായിരുന്നു.
 

News Summary - bahrain crime

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.