മനാമ: 15 വർഷത്തോളം ജോലി ചെയ്ത ജീവനക്കാരനെ മതിയായ കാരണങ്ങളില്ലാതെയും മുൻകൂട്ടി നോട്ടീസ് നൽകാതെയും പിരിച്ചുവിട്ട കേസിൽ കമ്പനിക്കെതിരെ ബഹ്‌റൈൻ ഹൈ ലേബർ കോടതിയുടെ നിർണ്ണായക വിധി. പ്രമുഖ അഭിഭാഷക സഹ്‌റ നീമ മുഖേനയാണ് മുൻ ജീവനക്കാരൻ കോടതിയെ സമീപിച്ചത്. പ്രതിമാസം 1,900 ദിനാർ ശമ്പളമുണ്ടായിരുന്ന ഇദ്ദേഹത്തെ യാതൊരു ആനുകൂല്യങ്ങളും നൽകാതെയാണ് കമ്പനി ജോലിയിൽ നിന്ന് നീക്കിയത്.
ജീവനക്കാരൻ നിയമലംഘനം നടത്തിയെന്ന കമ്പനിയുടെ വാദം തെളിയിക്കാൻ മതിയായ രേഖകളില്ലെന്ന് കോടതി കണ്ടെത്തി. ഇതേത്തുടർന്ന് അന്യായമായ പിരിച്ചുവിടലിന് നഷ്ടപരിഹാരമായി 20,962 ദിനാർ നൽകാൻ ഉത്തരവിട്ടു. നിയമപരമായ മൂന്ന് മാസത്തെ നോട്ടീസ് കാലയളവ് നൽകാത്തതിന് പകരമായി 5,238 ദിനാർ നൽകണം. നൽകാനുണ്ടായിരുന്ന അവസാന മാസത്തെ ശമ്പളമായ 1,391 ദിനാറും, ഉപയോഗിക്കാത്ത രണ്ട് വർഷത്തെ വാർഷിക അവധിക്ക് പകരമായി 3,438 ദിനാറും നൽകാൻ കോടതി വിധിച്ചു. നഷ്ടപരിഹാര തുകയ്ക്ക് പുറമെ, വൈകിയ വേതനത്തിനുള്ള നിയമപരമായ പലിശയും ജീവനക്കാരന്റെ സേവന കാലാവധി രേഖപ്പെടുത്തിയ ഔദ്യോഗിക സർട്ടിഫിക്കറ്റും കമ്പനി നൽകണം.
തൊഴിൽ കരാറുകൾ ലംഘിക്കുന്നവർക്കും തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിക്കുന്നവർക്കുമുള്ള ശക്തമായ മുന്നറിയിപ്പാണ് ഈ വിധി. മതിയായ തെളിവുകളില്ലാതെ അച്ചടക്ക നടപടിയുടെ പേരിൽ ജീവനക്കാരെ പിരിച്ചുവിടാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.