മനാമ: ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ മഹത്തായ മാനവിക കാഴ്ചപ്പാടിൽ സ്ഥാപിതമായ റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ (ആർ.എച്ച്.എഫ്) പ്രവർത്തനങ്ങളുടെ കാൽ നൂറ്റാണ്ട് പൂർത്തിയാക്കുന്നു. ‘ഇറസ് ഇൻസാനി’ (മാനവിക പാരമ്പര്യം) എന്ന പ്രമേയത്തിന് കീഴിലാണ് ഫൗണ്ടേഷൻ സ്ഥാപനത്തിന്റെ 25-ാം വാർഷികം ആഘോഷിക്കുന്നത്. 2001 ജൂലൈ 14-നാണ് ശൈഖ് അദ്നാൻ ബിൻ അബ്ദുല്ല അൽ ഖത്താന്റെ അധ്യക്ഷതയിൽ അനാഥ സംരക്ഷണ സമിതിയായി ഫൗണ്ടേഷന്റെ തുടക്കം കുറിച്ചത്.
അർഹരായ അനാഥകൾക്ക് പൂർണ പരിചരണവും സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പാക്കുക എന്നതായിരുന്നു പ്രാഥമിക ലക്ഷ്യം. തുടർന്ന് അതേവർഷം നവംബർ നാലോടെ നാഥനില്ലാത്ത വിധവകളെക്കൂടി പദ്ധതിക്ക് കീഴിൽ ഉൾപ്പെടുത്തി പ്രവർത്തനം വിപുലീകരിച്ചു. സാമൂഹിക ക്ഷേമം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിൽ കുടുംബങ്ങൾക്ക് പൂർണ പിന്തുണ നൽകി സ്വാശ്രയത്വവും സുസ്ഥിരതയും കൈവരിക്കാൻ സഹായിക്കുന്ന സമഗ്രമായ ചാരിറ്റി ശൃംഖലയായി പിൽക്കാലത്ത് ഇത് രൂപപ്പെട്ടു. 2007 നവംബർ 27ന് അനാഥ സംരക്ഷണ സമിതി പുനഃസംഘടിപ്പിച്ച് 'റോയൽ ചാരിറ്റി ഓർഗനൈസേഷൻ' എന്ന പേര് നൽകി.
ഹമദ് രാജാവ് രക്ഷാധികാരിയും രാജാവിന്റെ മാനുഷിക കാര്യങ്ങൾക്കും യുവജനക്ഷേമത്തിനുമുള്ള പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ ട്രസ്റ്റി ബോർഡ് ചെയർമാനുമായി ചുമതലയേറ്റു. 2009ൽ സ്വദേശികൾക്കുള്ള മാനുഷിക സഹായ ഫയൽ റോയൽ കോർട്ടിൽ നിന്ന് ഫൗണ്ടേഷനിലേക്ക് കൈമാറി. ഇതോടൊപ്പം ബഹ്‌റൈന് പുറത്തുള്ള രാജ്യങ്ങളിലേക്ക് ദുരിതാശ്വാസ പ്രവർത്തനങ്ങളും അന്താരാഷ്ട്ര സഹായങ്ങളും എത്തിച്ചുതുടങ്ങി. അനാഥ സംരക്ഷണത്തിലും സാമൂഹിക സേവനത്തിലും നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ച് 2015-ൽ ജി.സി.സി സനാബിൽ സോഷ്യൽ റെസ്‌പോൺസിബിലിറ്റി പുരസ്‌കാരവും, 2017-ൽ ഒ.ഐ.സി ഉച്ചകോടിയുടെ ലീഡർഷിപ്പ് അവാർഡും ഹമദ് രാജാവിന് ലഭിച്ചിരുന്നു. കഴിഞ്ഞ 25 വർഷത്തെ മികച്ച സേവനത്തിലൂടെ പ്രാദേശിക-അന്തർദേശീയ തലങ്ങളിൽ പ്രശംസനീയമായ മാതൃക തീർക്കാൻ റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന് സാധിച്ചിട്ടുണ്ട്.
2020 മാർച്ച് 24-ന് പുറത്തിറങ്ങിയ 15-ാം നമ്പർ രാജകീയ ഉത്തരവിലൂടെ ഫൗണ്ടേഷൻ്റെ പേര് ‘റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ’ എന്ന് പുനർനാമകരണം ചെയ്തു. ഇത് സ്ഥാപനത്തിൻ്റെ സേവന വ്യാപ്തിയും ഉത്തരവാദിത്തങ്ങളും കൂടുതൽ വിപുലമാക്കി.
രാജാവിന്റെ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിൽ കഴിഞ്ഞ 19 വർഷമായി ഫൗണ്ടേഷൻ വൻ വളർച്ചയാണ് കൈവരിച്ചത്. നേരിട്ടുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിന്ന് മാറി വ്യക്തികളെ ശാക്തീകരിക്കുന്നതിനും ഉന്നത വിദ്യാഭ്യാസത്തിനും തൊഴിൽ പരിശീലനത്തിനുമുള്ള സമഗ്ര പദ്ധതികളിലേക്ക് സ്ഥാപനം ചുവടുമാറ്റം നടത്തി.
തുടക്കം മുതൽ ഇതുവരെ ഫൗണ്ടേഷന്റെ വിവിധ പദ്ധതികളിലൂടെ 18,267 അനാഥകളും 14,225 വിധവകളും ഉൾപ്പെടെ ആകെ 32,492 പേർക്ക് സഹായം ലഭിച്ചിട്ടുണ്ട്. സാമ്പത്തിക, വിദ്യാഭ്യാസ, ആരോഗ്യ പിന്തുണയ്‌ക്ക് പുറമെ റമദാൻ മാസത്തിൽ ‘ബഹ്‌റൈൻ നിതാജ് ഗുഡ് സെൻ്റർ’ വഴി 28,860-ലധികം ഇഫ്താർ ഭക്ഷണപ്പൊതികളും വിതരണം ചെയ്യുന്നുണ്ട്. കൂടാതെ പെരുന്നാൾ, ശീതകാല വസ്ത്ര വിതരണം തുടങ്ങിയ വിവിധ സീസണൽ ജീവകാരുണ്യ പദ്ധതികളും ഫൗണ്ടേഷൻ കാര്യക്ഷമമായി നടപ്പിലാക്കുന്നു. വിദ്യാഭ്യാസത്തിന് പുറമെ കുട്ടികളുടെ വ്യക്തിത്വ വികസനം, ആത്മവിശ്വാസം, ദേശീയ ബോധം എന്നിവ വളർത്തുന്നതിനുള്ള പ്രത്യേക പരിശീലന പരിപാടികളും ഫൗണ്ടേഷൻ കാര്യക്ഷമമായി നടപ്പിലാക്കുന്നുണ്ട്.
25 വർഷങ്ങൾക്ക് മുമ്പ് അനാഥ സംരക്ഷണ സമിതിയായി തുടക്കം കുറിച്ച ആർ.എച്ച്.എഫ്, ഇന്ന് ബഹ്‌റൈനകത്തും പുറത്തുമായി മാനുഷിക പ്രവർത്തനങ്ങളുടെ മുൻനിര പോരാളിയായി വളർന്നിരിക്കുന്നു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ദീർഘവീക്ഷണവും ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃപാടവവും ഇതിന് കരുത്ത് പകർന്നു. മനുഷ്യനെ കേന്ദ്രീകരിച്ചുള്ള വികസനവും കാരുണ്യവും ലക്ഷ്യമിട്ടുള്ള മാനവിക പാരമ്പര്യം എന്ന പ്രമേയത്തിലൂടെ വരും തലമുറകൾക്കും മാതൃകയാകുന്ന ഒരു വലിയ ചരിത്രമാണ് ഫൗണ്ടേഷൻ രചിച്ചുകൊണ്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.